ബിസിനസ് ശുഭാപ്തി വിശ്വാസം നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന തലത്തില്‍

ബിസിനസ് ശുഭാപ്തി വിശ്വാസം നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന തലത്തില്‍

പരിഷ്‌കരണ നടപടികള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ബിസിനസ് നേതൃത്വങ്ങളുടെ ശുഭാപ്തി വിശ്വാസത്തിന്റെ തോത് നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന തലത്തിലാണെന്ന് കണ്ടെത്തല്‍. ഏഷ്യ-പസഫിക് മേഖലയില്‍ ബിസിനസ് ആത്മവിശ്വാസം രണ്ട് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാന്റ് തോണ്‍ടന്‍സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏഷ്യ-പസഫിക് മേഖലയില്‍ ബിസിനസ് ശുഭാപ്തി വിശ്വാസം വര്‍ധിക്കാനുള്ള കാരണം ചൈനയുടെയും ജപ്പാന്റെയും മികച്ച പ്രകടനമാണ്. മേഖലയിലുടനീളം വ്യാപാരം വര്‍ധിക്കുമെന്ന പ്രതീക്ഷകളും ബിസിനസുക്കാരുടെ ആത്മവിശ്വാസത്തിന് കരുത്ത് പകരുന്നുണ്ട്. എന്നാല്‍ ഇന്ത്യക്കാരുടെ ശുഭാപ്തി വിശ്വാസം പോസിറ്റീവായി തുടരുകയാണെങ്കിലും നാല് വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഉള്ളത്.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 75 ശതമാനത്തിലാണ് ഇന്ത്യക്കാരുടെ ശുഭാപ്തി വിശ്വാസ സൂചികയുള്ളത്. നോട്ട് അസാധുവാക്കലും, ജിഎസ്ടിയും, പാപ്പരത്ത നിയമ ഭേദഗതിയും ഉള്‍പ്പടെ രാജ്യത്ത് നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷകാലം ഇന്ത്യന്‍ ബിസിനസുകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഗ്രാന്റ് ഗ്രാന്റ് തോണ്‍ടന്‍ നാഷണല്‍ മാനേജിംഗ് പാര്‍ട്ണര്‍ വിശേഷ് സി ചാണ്ടിയോക് പറഞ്ഞു.

ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ മറ്റേത് രാജ്യത്തേക്കാളുംമുന്നേറ്റം നടത്താന്‍ ഇന്ത്യക്കായെന്നും ചാണ്ടിയോക് ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലും ന്യൂസ്‌ലന്‍ഡിലും ഇന്ത്യയിലേതിനു സമാനമായ അവസ്ഥയാണ്. ഓസ്‌ട്രേലിയക്കാരുടെ ബിസിനസ് ശുഭാപ്തി വിശ്വാസം മുന്‍ വര്‍ഷത്തെ 75 ശതമാനത്തില്‍ നിന്നും 58 ശതമാനത്തിലേക്ക് താഴ്ന്നു. ന്യൂസ്‌ലന്‍ഡില്‍ ബിസിനസ് ആത്മവിശ്വാസം 68 ശതമാനത്തിലാണ്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തലമാണിത്.

Comments

comments

Categories: More