ചെറു നഗരങ്ങളില്‍ കൂടുതല്‍ വില്‍പ്പന ലക്ഷ്യമെന്ന് ട്രയംഫ്

ചെറു നഗരങ്ങളില്‍ കൂടുതല്‍ വില്‍പ്പന ലക്ഷ്യമെന്ന് ട്രയംഫ്

2018 ല്‍ ഇന്ത്യയിലെ തങ്ങളുടെ ആകെ വില്‍പ്പനയുടെ പതിനഞ്ച് ശതമാനത്തോളം രണ്ടാം നിര നഗരങ്ങളില്‍ വേണമെന്ന് ലക്ഷ്യം

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് ഇന്ത്യയിലെ ചെറു നഗരങ്ങളില്‍ കണ്ണുവെയ്ക്കുന്നു. അടുത്ത വര്‍ഷം ഇന്ത്യയിലെ തങ്ങളുടെ ആകെ വില്‍പ്പനയുടെ പതിനഞ്ച് ശതമാനത്തോളം ഇത്തരം വിപണികളില്‍ വേണമെന്ന് കമ്പനി ആഗ്രഹിക്കുന്നു.

2018 ല്‍ ഇരട്ടയക്ക വില്‍പ്പന വളര്‍ച്ചയാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് അടുത്ത വര്‍ഷം കുറഞ്ഞത് നാല് പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കും. ഇന്ത്യയില്‍ വില്‍ക്കുന്ന 90 ശതമാനം മോട്ടോര്‍സൈക്കിളുകളും പ്രാദേശികമായി നിര്‍മ്മിക്കുകയെന്നതും ട്രയംഫിന്റെ ലക്ഷ്യമാണ്.

അടുത്ത വര്‍ഷം ഇന്ത്യയിലെ തങ്ങളുടെ ആകെ വില്‍പ്പനയുടെ 10-15 ശതമാനം രണ്ടാം നിര നഗരങ്ങളില്‍ വേണമെന്ന് ലക്ഷ്യം നിശ്ചയിച്ചതായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ എംഡി വിമല്‍ സുംബ്ലി പറഞ്ഞു. നിലവില്‍ ഇത് 7-8 ശതമാനമാണ്. ട്രയംഫ് എന്ന ബ്രാന്‍ഡ് കൂടുതല്‍ പേരിലെത്തിക്കുന്നതിനും വിപണി വിപുലീകരിക്കുന്നതിനും ഡിജിറ്റല്‍ മാധ്യമങ്ങള്‍ സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ 1,300 ലധികം മോട്ടോര്‍സൈക്കിളുകള്‍ വിറ്റ് 2017 അവസാനിപ്പിക്കാമെന്നാണ് ട്രയംഫ് കരുതുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 10-12 ശതമാനം വളര്‍ച്ച.

അടുത്ത വര്‍ഷം കുറഞ്ഞത് നാല് പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കും

നിലവില്‍ ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നീ പ്രധാന മെട്രോകള്‍ കൂടാതെ ചണ്ഡീഗഢ്, അഹമ്മദാബാദ്, ഇന്ദോര്‍, പുണെ, ജയ്പുര്‍, കൊച്ചി, ഭുബനേശ്വര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലും ട്രയംഫ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നു. ഡീലര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചുവരികയാണെന്ന് വിമല്‍ സുംബ്ലി പറഞ്ഞു. നിലവിലെ പതിനാലില്‍നിന്ന് 2018 മാര്‍ച്ച് മാസത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം പതിനേഴായി വര്‍ധിക്കും. 2018 അവസാനത്തോടെ 20 ഡീലര്‍ഷിപ്പുകള്‍ തുറക്കുകയാണ് ലക്ഷ്യം.

അടുത്ത വര്‍ഷത്തെ ആദ്യ, രണ്ടാം പാദങ്ങളിലായി ക്ലാസ്സിക് ക്രൂസര്‍, പുതിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ എന്നിവ ഇന്ത്യയില്‍ അവതരിപ്പിക്കും. അടുത്ത വര്‍ഷം നാല് പുതിയ മോഡലുകള്‍ പുറത്തിറക്കും. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എണ്‍പത് ശതമാനം മോഡലുകളും പ്രാദേശികമായി നിര്‍മ്മിക്കുന്നതാണ്. 2018 ല്‍ ഇത് 90 ശതമാനമായി വര്‍ധിപ്പിക്കും. ചില മോട്ടോര്‍സൈക്കിളുകള്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് വിമല്‍ സുംബ്ലി പറഞ്ഞു.

റോക്കറ്റ് 3, സ്പീഡ് ട്രിപ്പിള്‍, ഡേടോണ 200, സൂപ്പര്‍സ്‌പോര്‍ട്‌സ് ഡേടോണ 675ആര്‍, ടൈഗര്‍ 800, ബോണ്‍വില്‍ മോട്ടോര്‍സൈക്കിളുകള്‍ തുടങ്ങിയവയാണ് ട്രയംഫ് വില്‍ക്കുന്നത്. സ്ട്രീറ്റ് ട്രിപ്പിള്‍, ബോണ്‍വില്‍ മോട്ടോര്‍സൈക്കിളുകള്‍, ടൈഗര്‍ 800 അഡ്വഞ്ചര്‍ ടൂറര്‍ എന്നിവയാണ് ട്രയംഫിന്റെ മനേസര്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്.

Comments

comments

Categories: Auto