ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധിപ്പിക്കും

ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധിപ്പിക്കും

ഓരോ മോഡലിനും 400 രൂപ വീതം എക്‌സ് ഷോറൂം വിലയില്‍ വര്‍ധന വരുമെന്ന് ഹീറോ

ന്യൂഡെല്‍ഹി :ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അടുത്ത വര്‍ഷത്തോടെ വില വര്‍ധിപ്പിക്കും. ഓരോ മോഡലിനും 400 രൂപ വീതം എക്‌സ് ഷോറൂം വിലയില്‍ വര്‍ധന വരുമെന്ന് ഹീറോ അറിയിച്ചു. പുതിയ വില 2018 ജനുവരി 1 ന് നിലവില്‍ വരും. വിവിധ മോഡലുകള്‍ക്കനുസരിച്ചും വിപണികള്‍ക്കനുസരിച്ചും വില വര്‍ധനയില്‍ വ്യത്യാസം വരുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കി. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതിനാല്‍ വില വര്‍ധന അനിവാര്യമായിത്തീര്‍ന്നതായി കമ്പനി വിശദീകരിച്ചു.

നിലവിലെ എല്ലാ മോഡലുകളെയും ദിവസങ്ങള്‍ക്കുമുമ്പ് അനാവരണം ചെയ്ത 2018 ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, പാഷന്‍ പ്രോ, പാഷന്‍ എക്‌സ്‌പ്രോ മോട്ടോര്‍സൈക്കിളുകളെയും വില വര്‍ധന ബാധിക്കും. ഈ മൂന്ന് ബൈക്കുകളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതു വര്‍ഷത്തില്‍ വിപണിയിലെത്തിക്കുന്നത്. സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ 125 സിസി മോഡലാണെങ്കില്‍ (പുതിയ ഗ്ലാമറിന്റെ അതേ പവര്‍ട്രെയ്ന്‍) പാഷന്‍ പ്രോ, പാഷന്‍ എക്‌സ്‌പ്രോ എന്നിവ 110 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്.

പ്രീമിയം സെഗ്‌മെന്റില്‍ കമ്പനി ഈ വര്‍ഷം ചില ശ്രദ്ധേയ ലോഞ്ചുകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

2018 ആഘോഷമാക്കാന്‍ തന്നെയാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ തീരുമാനം. പ്രീമിയം സെഗ്‌മെന്റില്‍ കമ്പനി ഈ വര്‍ഷം ചില ശ്രദ്ധേയ ലോഞ്ചുകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹീറോ എക്‌സ്ട്രീം 200എസ് സ്ട്രീറ്റ് ഫൈറ്റര്‍ ഉള്‍പ്പെടെ. 2018 തുടക്കത്തില്‍ എക്‌സ്ട്രീം 200എസ്സിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാം. ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അരങ്ങേറിയ എക്‌സ്പള്‍സ് ആണ് മറ്റൊന്ന്. 2018 പകുതിയോടെ ഈ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തും. 2018 ഓട്ടോ എക്‌സ്‌പോയിലെ ഹീറോ പവലിയനില്‍ രണ്ട് മോട്ടോര്‍സൈക്കിളുകളും കാണാന്‍ കഴിയും.

Comments

comments

Categories: Auto