ഹോണ്ട സിറ്റി ഇന്ത്യയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു

ഹോണ്ട സിറ്റി ഇന്ത്യയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു

 

ലോകമെങ്ങും ലഭിക്കുന്ന സിറ്റി സെഡാന്റെ 25 ശതമാനത്തിലധികം വിറ്റുപോകുന്നത് ഇന്ത്യയിലെന്ന് ഹോണ്ട

ന്യൂഡെല്‍ഹി : 1998 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ ഹോണ്ട സിറ്റി വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. സെഗ്‌മെന്റിലെ ഒരേയൊരു പ്രീമിയം സെഡാനായിരുന്നു അന്ന് ഹോണ്ട സിറ്റി. ഇന്ത്യയില്‍ സിറ്റി എന്ന സെഡാന്‍ അവതരിപ്പിച്ചതിന്റെ ഇരുപത് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍. സിറ്റിയുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിപണിയാണ് ഇന്ത്യയെന്ന് ഹോണ്ട അടിവരയിട്ടുപറയുന്നു. ലോകമെങ്ങും ലഭിക്കുന്ന സിറ്റി സെഡാന്റെ 25 ശതമാനത്തിലധികം വിറ്റുപോകുന്നത് ഇന്ത്യയെന്ന മഹാരാജ്യത്തിലാണ്.

പ്രധാനമായും ഒരു ‘ഏഷ്യന്‍ മോഡല്‍’ എന്ന നിലയിലാണ് ഹോണ്ട സിറ്റി നിര്‍മ്മിച്ചത്. പിന്നീട് അറുപത് രാജ്യങ്ങളിലേക്ക് ഹോണ്ട സിറ്റി എത്തി. ആഗോളതലത്തില്‍ 36 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്.

1998 ല്‍ 11 നഗരങ്ങളില്‍ 12 ഡീലര്‍മാരുമായാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ 234 നഗരങ്ങളിലായി 349 ഔട്ട്‌ലെറ്റുകളാണ് തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ ഹോണ്ട സിറ്റിയുടെ ജൈത്രയാത്ര രസാവഹമാണ്.

1998 ലാണ് ഇന്ത്യയില്‍ ഹോണ്ട സിറ്റി അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യ ഹോണ്ട മോഡലാണ് സിറ്റി. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. 1.3 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 2000 ല്‍ ഹോണ്ട സിറ്റിയില്‍ ജനപ്രീതിയാര്‍ജ്ജിച്ച വിടെക് എന്‍ജിന്‍ നല്‍കി. 2003 ല്‍ രണ്ടാം തലമുറ ഹോണ്ട സിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.5 ലിറ്റര്‍ ഐ-ഡിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് നല്‍കിയത്. കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷനാണ് (സിവിടി) എന്‍ജിനുമായി ചേര്‍ത്തത്. ഇന്ത്യയിലെ ഒരു കാറില്‍ സിവിടി നല്‍കുന്നത് ഇതാദ്യമായിരുന്നു.

1998 ലാണ് ഇന്ത്യയില്‍ ഹോണ്ട സിറ്റി അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യ ഹോണ്ട മോഡലാണ് സിറ്റി

2005 ല്‍ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയും പരിഷ്‌കരിച്ച 1.5 ലിറ്റര്‍ വിടെക് എന്‍ജിന്‍ നല്‍കിയും ഹോണ്ട സിറ്റി ഇസഡ്എക്‌സ് പുറത്തിറക്കി. 2007 ല്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നല്‍കി സിറ്റിയുടെ പത്താം ആനിവേഴ്‌സറി എഡിഷന്‍ ഹോണ്ട അവതരിപ്പിച്ചു. 2008 ല്‍ 1.5 ലിറ്റര്‍ ഐ-വിടെക് എന്‍ജിനുമായി മൂന്നാം തലമുറ ഹോണ്ട സിറ്റി ഇന്ത്യയില്‍ പുറത്തിറക്കി. എബിഎസ്, എയര്‍ബാഗുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി. 2009 ല്‍ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി ഹോണ്ട സിറ്റി എന്ന സെഡാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 2012 ല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെ പരിഷ്‌കരിച്ച ഇന്റീരിയര്‍ ഹോണ്ട സിറ്റിക്ക് ലഭിച്ചു. സിഎന്‍ജി വേരിയന്റും പുറത്തിറക്കി.

2013 ലാണ് ഇന്ത്യയില്‍ നാലാം തലമുറ ഹോണ്ട സിറ്റിയുടെ ആഗോള അരങ്ങേറ്റം നടന്നത്. 2014 വര്‍ഷം ഹോണ്ട സിറ്റിക്ക് പ്രധാനമാണ്. 1.5 ലിറ്റര്‍ ഐ-ഡിടെക് എന്‍ജിനും 1.5 ലിറ്റര്‍ ഐ-വിടെക് എന്‍ജിനും സിറ്റിക്ക് ലഭിച്ചു. മാന്വല്‍ ട്രാന്‍സ്മിഷനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിന് സിറ്റിയിലെ സിവിടി യൂണിറ്റ് ഹോണ്ട പരിഷ്‌കരിച്ചു. 2016 ല്‍ ഹോണ്ട സിറ്റി സെഡാനില്‍ ഐസോഫിക്‌സ് നല്‍കി. ഈ വര്‍ഷമാണ് ഓള്‍ എല്‍ഇഡി ലൈറ്റുകളുമായി പരിഷ്‌കരിച്ച നാലാം തലമുറ സിറ്റി പുറത്തിറക്കിയത്. ഇന്ത്യയില്‍ ആകെ ഏഴ് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടവും 2017 ല്‍ ഹോണ്ട സിറ്റി കൈവരിച്ചു.

1,498 സിസി 2017 ഹോണ്ട സിറ്റി 100 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 25.1 കിലോമീറ്ററാണ് ഇന്ധനക്ഷമത. 13.62 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്.

Comments

comments

Categories: Auto