ബിഎസ് 6 ചെറിയ ഡീസല്‍ കാറുകളുടെ അന്ത്യം കുറിക്കുമെന്ന് മാരുതി

ബിഎസ് 6 ചെറിയ ഡീസല്‍ കാറുകളുടെ അന്ത്യം കുറിക്കുമെന്ന് മാരുതി

മാരുതി സുസുകി ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ എന്നീ കാറുകള്‍ ഇതില്‍പ്പെടും

ന്യൂഡെല്‍ഹി : കൂടുതല്‍ കര്‍ശനമായ വാഹന ബഹിര്‍ഗമന മാനദണ്ഡങ്ങളുടെ ഇര ചെറിയ ഡീസല്‍ വാഹനങ്ങളായിരിക്കുമെന്ന് മാരുതി സുസുകി. ഭാരത് സ്‌റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ചെറിയ ഡീസല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് കമ്പനികള്‍ക്ക് ലാഭകരമാകില്ലെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. ചെറിയ ഡീസല്‍ വാഹനങ്ങള്‍ അകാല ചരമമടയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചെറിയ ഹൈബ്രിഡ് വാഹനങ്ങള്‍ നിരത്തുകളിലെത്തുന്നതിന്റെ വേഗം വര്‍ധിക്കും.

2020 ഓടെ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുമെന്ന് മാരുതി സുസുകി വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടൊപ്പം കൂടുതല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയില്‍ മാരുതിയുടെ ആദ്യ ഹൈബ്രിഡ് കാറായ സ്വിഫ്റ്റ് ഹൈബ്രിഡ് 2018 തുടക്കത്തില്‍ വിപണിയിലെത്തും. എന്നാല്‍ ഇക്കാര്യത്തില്‍ മാരുതിയില്‍നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ബിഎസ് 6 പ്രാബല്യത്തില്‍ വരുമ്പോള്‍ ചെറിയ ഡീസല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് കമ്പനികള്‍ക്ക് ലാഭകരമാകില്ലെന്ന് ആര്‍സി ഭാര്‍ഗവ

ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്കുവേണ്ട ലിഥിയം നിസ്സാരമായി എടുക്കേണ്ട വസ്തുവല്ലെന്നും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ആര്‍സി ഭാര്‍ഗവ പറഞ്ഞു. ഭൂമിയില്‍ 3.5 ശതമാനം മാത്രമാണ് ലിഥിയം ഉള്ളത്. ബാറ്ററികള്‍ക്കായി ഉപയോഗിക്കുന്തോറും ലിഥിയം നിക്ഷേപത്തില്‍ കുറവ് വരും. ബാറ്ററികളിലെ ലിഥിയം കഴിയുന്നിടത്തോളം പുനരുപയോഗിക്കുന്നതിനോ റീസൈക്കിള്‍ ചെയ്യുന്നതിനോ ശ്രമിക്കണമെന്നും ഭാര്‍ഗവ ആവശ്യപ്പെട്ടു.

2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 6 നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ചെറിയ ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് അപ്രത്യക്ഷമായേക്കും. മാരുതി സുസുകി ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ എന്നീ കാറുകള്‍ ഇതില്‍പ്പെടും. ബിഎസ് 6 വാഹനങ്ങളുടെ ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നതോടെ മറ്റ് വാഹന നിര്‍മ്മാതാക്കളും ഇതേ പാത പിന്തുടരും.

Comments

comments

Categories: Auto