ഏറ്റവും വലിയ ഇവി കയറ്റുമതി രാജ്യമാകാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഗഡ്കരി

ഏറ്റവും വലിയ ഇവി കയറ്റുമതി രാജ്യമാകാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഗഡ്കരി

 

ചൈനയിലേക്ക് പോലും ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ശേഷി നമുക്കുണ്ടെന്ന് കേന്ദ്ര മന്ത്രി

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതിനായി പുതിയ സാങ്കേതികവിദ്യകളില്‍ ഗവേഷണം നടക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവേഷണ വികസന കാര്യങ്ങളില്‍ നിക്ഷേപം നടത്തുകയും നൂതന മോഡലുകള്‍ പുറത്തിറക്കുകയും വേണം. സമീപ ഭാവിയില്‍ ലോകത്തെ നമ്പര്‍ വണ്‍ ഇവി കയറ്റുമതി രാജ്യമായി ഇന്ത്യ മാറുമെന്നും അഞ്ചാമത് ഇവി എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് നിതിന്‍ ഗഡ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയില്‍നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ അധികം വൈകാതെ നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ കാണാന്‍ കഴിയും. ചൈനയിലേക്ക് പോലും ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ശേഷി നമുക്കുണ്ടെന്ന് കേന്ദ്ര മന്ത്രി ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ അതാത് കമ്പനികള്‍ ഗുണമേന്‍മയും ഉല്‍പ്പന്ന മാനദണ്ഡങ്ങളും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഡെല്‍ഹി-മുംബൈ നഗരങ്ങളെ ബന്ധിപ്പിച്ച് ‘ഇലക്ട്രിക് ഹൈവേ’ പരിഗണനയിലുണ്ടെന്ന് നിതിന്‍ ഗഡ്കരി

യാത്രക്കാരെയും ചരക്കുകളും വലിച്ചുകൊണ്ടുപോകുന്ന ജോലിയിലേര്‍പ്പെട്ട ഒരു കോടിയിലധികം പേര്‍ രാജ്യത്തുണ്ട്. അവര്‍ക്കെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഡെല്‍ഹി-മുംബൈ നഗരങ്ങളെ ബന്ധിപ്പിച്ച് ‘ഇലക്ട്രിക് ഹൈവേ’ പരിഗണനയിലുണ്ടെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് പാതയോരത്ത് സമാന്തരമായി ഇലക്ട്രിക് കേബിളുകള്‍ സ്ഥാപിക്കുകയാണ് ഉദ്ദേശിക്കുന്നത്.

സമീപ ഭാവിയില്‍ ഇ-സൈക്കിള്‍ ബൈക്ക് പോലുള്ള നൂതന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസങ്ങളിലായാണ് അഞ്ചാമത് അന്തര്‍ദേശീയ ഇവി എക്‌സ്‌പോ നടക്കുന്നത്. 2, 3, 4 ചക്ര ഇലക്ട്രിക് വാഹനങ്ങള്‍, വാഹന പാര്‍ട്‌സ്, വാഹനഘടകങ്ങള്‍, ആക്‌സസറികള്‍ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.

Comments

comments

Categories: Auto