ട്രംപിന്റെ നയപരമായ പാളിച്ചകള്‍ തുടരുന്നു

ട്രംപിന്റെ നയപരമായ പാളിച്ചകള്‍ തുടരുന്നു

നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജിയില്‍ പ്രത്യേകിച്ച് ഒന്നും വായിച്ചെടുക്കാന്‍ സാധിക്കില്ല. പുതിയ നികുതി ബില്‍ പ്രസിഡന്റിനെതിരെയുള്ള വെറുപ്പ് ജനതയ്ക്കിടയില്‍ രൂക്ഷമാക്കുകയും ചെയ്യുന്നു

തിങ്കളാഴ്ച്ചയാണ് തന്റെ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ചത്. തന്റെ സ്വതസിദ്ധമയാ, എന്നാല്‍ പൊള്ളയായ പല നിലപാടുകളും തന്നെയായിരുന്നു അതിലും ട്രംപ് ആവര്‍ത്തിച്ചത്. അമേരിക്ക ഫസ്റ്റ് എന്ന ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ട്രംപിന്റെ നിലപാടിന്റെ ഒരു ഷോ. കുടിയേറ്റം തടയുകം, യുഎസ് അതിര്‍ത്തികള്‍ സംരക്ഷിക്കുക, ഭീകരതയ്‌ക്കെതിരെ പോരാടുക, യുഎസിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങി ഉപരിപ്ലവമായ കുറേ കാര്യങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചൈനയും റഷ്യയും അമേരിക്കയ്ക്ക് ഭീഷണിയായി നയരേഖയില്‍ പറയുന്നു. പാക്കിസ്ഥാന്‍ ഭീകരവാദികള്‍ക്കെതിരെ ശക്തിയുക്തം പ്രതികരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഉത്തര കൊറിയയ്‌ക്കെതിരെയുമുണ്ട് ശക്തമായ നിലപാട്. എന്നാല്‍ നേരത്തെ പറഞ്ഞ പോലെ ഉപരിപ്ലവമായ ചില കാര്യങ്ങള്‍ക്കപ്പുറം കാര്യമയൊന്നും നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജിയിലില്ല. കാലാവസ്ഥാ വ്യതിയാനത്തെ തന്റെ അജണ്ടയായി പോലും ട്രംപ് കാണുന്നില്ലെന്നത് കഷ്ടമെന്നേ പറയേണ്ടൂ.

ചൈനയ്‌ക്കെതിരെയുള്ള നിലപാട് ഇന്ത്യക്ക് ഗുണമായി വ്യഖ്യാനിക്കാം. എന്നാല്‍ പ്രവൃത്തിയിലെത്തുമ്പോള്‍ ട്രംപിന് ചൈനയെ പ്രതിരോധിക്കാന്‍ എത്രമാത്രം കാര്യങ്ങള്‍ ചെയ്യാനാകും എന്നത് ഇതുവരെ ലോകത്തിന് ബോധ്യമായിട്ടില്ല. ഇതിന് പുറമെയാണ് സമ്പന്നരെ സഹായിക്കാനുള്ള പുതിയ നികുതിപരിഷ്‌കരണ ബില്‍ യുഎസ് സെനറ്റ് കഴിഞ്ഞ ദിവസം പാസാക്കിയത്. ഈ ബില്ലും ട്രംപിന്റെ മാസ്റ്റര്‍സ്‌ട്രോക്കാണ്. യുഎസിന്റെ നികുതിഘടനയില്‍ മൂന്ന് പതിറ്റാണ്ടിനിടെ നടക്കുന്ന ഏറ്റവും വലിയ പൊളിച്ചെഴുത്താണിത്. സമ്പന്നരെ നികുതി ലാഭിക്കാന്‍ സഹായിക്കുന്ന ബില്ലിലൂടെ ട്രംപിന് മാത്രം വന്‍തുകയുടെ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓരോ ദിവസം തോറും എങ്ങനെ ജനവിരുദ്ധനായ ഒരു നേതാവാകാമെന്നാണ് ട്രംപ് തെളിയിച്ചുകൊണ്ടിരിക്കുന്നത്.

Comments

comments

Categories: Editorial, Slider