ടെക്‌സ്‌റ്റൈല്‍ മേഖലയിലെ നൈപുണ്യ വികസനത്തിനായി 1300 കോടിയുടെ പദ്ധതി

ടെക്‌സ്‌റ്റൈല്‍ മേഖലയിലെ നൈപുണ്യ വികസനത്തിനായി 1300 കോടിയുടെ പദ്ധതി

പദ്ധതിയിലൂടെ വസ്ത്ര നിര്‍മാണ മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ നന്നായി 10 ലക്ഷത്തോളം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ഇതില്‍ ഒരു ലക്ഷത്തോളമാളുകള്‍ പരമ്പരാഗത മേഖലകളില്‍ നിന്നുള്ളവരായിരിക്കും

ന്യൂഡെല്‍ഹി: വസ്ത്ര നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ നൈപുണ്യ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക കാര്യ മന്ത്രാലയം അംഗീകാരം നല്‍കി. മൂന്നു വര്‍ഷം കൊണ്ടു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് സ്‌കീം ഫോര്‍ കപ്പാസിറ്റി ബില്‍ഡിംഗ് ഇന്‍ ടെക്‌സ്റ്റൈല്‍സ് (എസ്‌സിബിറ്റിഎസ്) എന്ന വിഭാഗത്തില്‍ 1300 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ യൂണിയന്‍ കാബിനറ്റ് കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്. പദ്ധതി പ്രകാരം നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് പ്രകാരമുള്ള പരിശീലന പരിപാടികള്‍ നല്‍കും.

പദ്ധതിയിലൂടെ വസ്ത്ര നിര്‍മാണ മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ നന്നായി 10 ലക്ഷത്തോളം പേര്‍ക്ക് നൈപുണ്യ പരിശീലനവും തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് അംഗീകാരവും നല്‍കും. ഇതില്‍ ഒരു ലക്ഷത്തോളമാളുകള്‍ പരമ്പരാഗത മേഖലകളില്‍ നിന്നുള്ളവരായിരിക്കും. പട്ടിക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കു പരിശീലന പരിപാടികളില്‍ മുന്‍ഗണന നല്‍കും.

സംഘടിത വസ്ത്ര നിര്‍മാണ മേഖലയിലും അതിനോട് അനുബന്ധ മേഖലകളിളും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പരമ്പരാഗത മേഖലയിലെ നൈപുണ്യ വികസനവും പ്രോല്‍സാഹനവും, രാജ്യത്തുടനീളം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ ഉപജീവനമാര്‍ഗം പ്രദാനം ചെയ്യുക എന്നിവയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മാത്രമല്ല നൈപുണ്യ പരിശീലനം നേടിയ 70 ശതമാനം സെര്‍ട്ടിഫൈഡ് പരിശീലകരെയും തൊഴിലാളി വേതനത്തിന് കീഴില്‍ ഉള്‍പ്പെടുത്തുമെന്നും തൊഴില്‍ നിയമനങ്ങള്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കുകയും ചെയ്യും.

നൈപുണ്യ വികസന പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവരിലെ വിവിധ തലങ്ങളിലുള്ള നൈപുണ്യ വിടവ് നികത്തും വിധത്തിലുള്ള പരിശീലന പദ്ധതികള്‍ക്കായിരിക്കും പദ്ധതിയില്‍ പ്രാധാന്യം നല്‍കുക. എന്‍ട്രിലെവല്‍ കോഴ്‌സുകള്‍, അപ് സ്‌കില്ലിംഗ്, റീ സ്‌കില്ലിംഗ്, പരിശീലകര്‍ക്കുള്ള പരിശീലനം, മുന്‍കാല പഠനങ്ങള്‍ക്കുള്ള അംഗീകാരം, സംരംഭകത്വ വികസനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. വസ്ത്ര നിര്‍മാണ മേഖലകള്‍ അഥവാ യൂണിറ്റുകള്‍, ടെക്‌സ്റ്റെല്‍സ് മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പരിശീലന സ്ഥാപനങ്ങള്‍ എന്നിവ വഴിയായിരിക്കും നൈപുണ്യ പരിശീലനം നടപ്പിലാക്കുക.

Comments

comments

Categories: Business & Economy