യാത്രക്കാരുടെ ജീവിതം വെച്ച് തായംകളിക്കുന്ന സാരഥികള്‍

യാത്രക്കാരുടെ ജീവിതം വെച്ച് തായംകളിക്കുന്ന സാരഥികള്‍

ഡെല്‍ഹിയിലെ 56 % ഡ്രൈവര്‍മാര്‍ സവാരി സമയത്ത് മദ്യപിക്കുന്നതായി പരിശോധനാഫലം

പടപേടിച്ചു പന്തളത്തെത്തിയപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട എന്നു പറഞ്ഞതു പോലെയാണ് ഡെല്‍ഹിയിലെ മദ്യപാനികളുടെ അവസ്ഥ. രാപ്പാര്‍ട്ടികളില്‍ പങ്കെടുത്തു കുടിച്ചു മദോന്മത്തരായവര്‍ വാഹനമോടിക്കരുതെന്ന് പൊലീസും മറ്റും ബോധവല്‍ക്കരിക്കാറുണ്ട്. മദ്യപിച്ച ശേഷം യാത്ര നിര്‍ബന്ധമാണെങ്കില്‍ ടാക്‌സി വിളിച്ചു പോകാമല്ലോയെന്നാണ് ഇവരുടെ നിര്‍ദേശം.

എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുമ്പോഴുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ടാക്‌സി ഡ്രൈവര്‍മാരെ ആശ്രയിക്കുന്നത് അത്ര സുരക്ഷിതമല്ലെന്നാണ് അടുത്തിടെ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. ഡെല്‍ഹിയിലെ 10,000 ടാക്‌സിഡ്രൈവര്‍മാരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയില്‍ 55.6 ശതമാനം പേരും മദ്യപിച്ച ശേഷം സവാരി പോകാറുണ്ടെന്ന് സമ്മതിക്കുന്നു. ഇതില്‍ 27 ശതമാനം പേര്‍ മദ്യപിച്ച് കുഴഞ്ഞ അവസ്ഥയില്‍ യാത്രക്കാരുമായി പോയിട്ടുണ്ടെന്നും വ്യക്തമാക്കി.

സവാരി കാത്തു കിടക്കുന്ന ഇടവേളകളിലാണു മദ്യപിക്കാറുള്ളതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. അതിനിടയില്‍ യാത്രക്കാര്‍ സമീപിച്ചാല്‍ നിരസിക്കാറില്ലത്രെ. ഇവരില്‍ 62.1 ശതമാനം പേരും വാഹനമോടിക്കുന്ന സമയത്ത് മദ്യം ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി. മദ്യപാന ശീലമുള്ളവരാണ് ഭൂരിഭാഗം ഡ്രൈവര്‍മാരും. അതിനാല്‍ പലര്‍ക്കും ഇത് ഒഴിവാക്കാനാകുന്നില്ലെന്നാണ് ഇവരുടെ പക്ഷം.

ഡ്രൈവര്‍മാരുടെ ജോലിസമയത്തിന്റെ ദൈര്‍ഘ്യമാണ് മറ്റൊരു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. പലരും 10- 15 മണിക്കൂറോളമാണ് ജോലി ചെയ്യുന്നത്. വളരെ ചുരുക്കം ഇടവേളകളാണ് ജോലിക്കിടെ ഉണ്ടാകുന്നത്. ഈ സമയം മദ്യത്തിലഭയം തേടുകയാണു പതിവെന്നും അവര്‍ പറയുന്നു. ഇതിനേക്കാളെല്ലാമുപരി ടാക്‌സി ഉടമകളോ ഏജന്‍സികളോ മദ്യപിച്ചാണോ ഡ്യൂട്ടി ചെയ്യുന്നതെന്ന് പരിശോധിക്കാറില്ലെന്ന ഘടകവും ഇവര്‍ക്ക് പ്രോല്‍സാഹനമേകുന്നു. 90 ശതമാനം ഉടമകളും ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നാണ് ഡ്രൈവര്‍മാര്‍ അറിയിച്ചത്.

ദിവസത്തിന്റെ പകുതിയിലേറെ സമയം വാഹനത്തിനുള്ളില്‍ ചെലവാക്കേണ്ടി വരുന്ന ഇവര്‍ക്ക് അവധിസമയവും തുലോം വിരളമായേ ലഭിക്കാറുള്ളൂ. ഈ അവസരത്തില്‍ ബാറില്‍ പോകാതെ കാറിനുള്ളില്‍ തന്നെയിരുന്നു മദ്യപിക്കുന്നതില്‍ സമയത്തിന്റെയും പണത്തിന്റെയും ലാഭം കാണുന്നവരേറെയാണ്. മദ്യപിച്ചു വണ്ടിയോടിക്കുന്നവര്‍ ചാവേറുകള്‍ തന്നെയെന്നതില്‍ സംശയിക്കാനില്ല.

അസമയത്ത് തനിച്ചു ടാക്‌സിയാത്ര നടത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് മദ്യപാനികളായ ഡ്രൈവര്‍മാര്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഡ്രൈവര്‍മാര്‍ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള സംഭവങ്ങള്‍ ഇവിടെ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഡെല്‍ഹിയിലെ നാഗരികജീവിതത്തില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് പലപ്പോഴും ഒഴിവാക്കാനാകുന്നതുമല്ല. ഐടി, ബിപിഒ ജോലികളിലേര്‍പ്പെടുന്നവരും ദീര്‍ഘദൂര യാത്രകള്‍ കഴിഞ്ഞു വരുന്നവരുമായ സ്ത്രീകള്‍ നഗരത്തില്‍ ഏറെയാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരിക്കും ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കേണ്ടതാണ്.

ഡെല്‍ഹിയിലെ 10,000 ടാക്‌സിഡ്രൈവര്‍മാരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയില്‍ 55.6 ശതമാനവും മദ്യപിച്ച ശേഷം സവാരി പോകാറുണ്ടെന്ന് സമ്മതിക്കുന്നു. ഇതില്‍ 27 ശതമാനം പേര്‍ മദ്യപിച്ച് കുഴഞ്ഞ അവസ്ഥയില്‍ യാത്രക്കാരുമായി പോയിട്ടുണ്ടെന്നും വ്യക്തമാക്കി. പങ്കെടുത്തവരില്‍ 893 പേര്‍ സാദാ ടാക്‌സി ഡ്രൈവര്‍മാരും 9,107 പേര്‍ റേഡിയോ ടാക്‌സി, ആപ് അധിഷ്ഠിത കാബ് ഡ്രൈവര്‍മാരുമായിരുന്നു

സന്നദ്ധസംഘടനയായ കമ്യൂണിറ്റി എഗെയ്ന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിംഗ് (കാഡ്) എന്ന സംഘടനയാണ് സര്‍വേ നടത്തിയത്. ഒന്നര ദശകമായി പൊലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. സെപ്റ്റംബര്‍ 10നും ഡിസംബര്‍ 10നുമിടയില്‍, ഉച്ചയ്ക്ക് ഒരു മണിക്കും പുലര്‍ച്ചെ രണ്ടിനുമിടയിലുള്ള സമയത്താണ് സര്‍വേ നടത്തിയത്. വിമാനത്താവളങ്ങള്‍, റെയില്‍വേ, മെട്രോ സ്‌റ്റേഷനുകള്‍, മാളുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, ഓഫീസ് സമുച്ചയങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളിലാണ് സര്‍വേ നടത്തിയത്. പങ്കെടുത്ത 10,000-ല്‍ 893 പേര്‍ സാദാ ടാക്‌സി ഡ്രൈവര്‍മാരും 9,107 പേര്‍ റേഡിയോ ടാക്‌സി, ആപ് അധിഷ്ഠിത കാബ് ഡ്രൈവര്‍മാരുമായിരുന്നു.

ഡെല്‍ഹിയുടെ സിരാകേന്ദ്രങ്ങളായ ഇന്ദിര ഗാന്ധി അന്താരാഷ്ട്രവിമാനത്താവളം, ന്യൂഡെല്‍ഹിയിലെയും ഓള്‍ഡ് ഡെല്‍ഹിയിലെയും റെയില്‍വേസ്റ്റേഷനുകള്‍, നിസാമുദ്ദീന്‍ സെന്‍ട്രല്‍ പാര്‍ക്ക്, കൊണോട്ട് പ്ലേസ്, നെഹ്രു പ്ലേസ് ഓഫീസ് കോംപ്ലക്‌സ്, ന്യൂ ഫ്രണ്ട്‌സ് കോളനി, ഡിഎല്‍എഫ് സൈബര്‍ ഹബ്, ഡിഎല്‍എഫ് സിറ്റി സെന്റര്‍, ആംബിയന്‍സ് മാള്‍, സെക്റ്റര്‍ 18 മാര്‍ക്കറ്റ് നോയ്ഡ, മാള്‍ ഓഫ് ഇന്ത്യ, ഗ്രേറ്റ് ഇന്ത്യപാലസ്, ലോജിക്‌സ് സിറ്റി സെന്റര്‍ തുടങ്ങിയ ജനത്തിരക്കേറിയ ഇടങ്ങളിലെ ടാക്‌സി ഡ്രൈവര്‍മാരെയാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്.

മദ്യപാനത്തിനു പിടിക്കപ്പെട്ടവരില്‍ പലര്‍ക്കുമെതിരേ ചെയ്ത കുറ്റത്തിനല്ല കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കാനായതായി കാഡ് സ്ഥാപകന്‍ പ്രിന്‍സ് സിംഘാള്‍ വ്യക്തമാക്കുന്നു. ഡെല്‍ഹി, ഗുരുഗ്രാം, നോയ്ഡ എന്നിവിടങ്ങളിലെല്ലാം പിടിക്കപ്പെട്ട ഭൂരിഭാഗം ഡ്രൈവര്‍മാരെയും അമിതവേഗം, സിഗ്നല്‍ ലംഘനം, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നു കാണാം

പൊലീസ് തികഞ്ഞ ലാഘവത്തോടെയാണ് പ്രശ്‌നത്തെ സമീപിക്കുന്നതെന്നാണ് സര്‍വേയില്‍ കണ്ടെത്തിയ ശ്രദ്ധേയമായ കാര്യം. മദ്യപാനത്തിനു പിടിക്കപ്പെട്ടവരില്‍ പലര്‍ക്കുമെതിരേ ചെയ്ത കുറ്റത്തിനല്ല കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കാനായതായി കാഡ് സ്ഥാപകന്‍ പ്രിന്‍സ് സിംഘാള്‍ വ്യക്തമാക്കുന്നു. ഡെല്‍ഹി, ഗുരുഗ്രാം, നോയ്ഡ എന്നിവിടങ്ങളിലെല്ലാം പിടിക്കപ്പെട്ട ഭൂരിഭാഗം ഡ്രൈവര്‍മാരുടെയും പേരില്‍ അമിതവേഗം, സിഗ്നല്‍ ലംഘനം, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നു കാണാം. മദ്യപിച്ചു വാഹനമോടിച്ച കുറ്റം വളരെ അപൂര്‍വമായേ ചുമത്തിയിട്ടുള്ളൂവെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു.

ടാക്‌സിയോടിക്കല്‍ സുബോധം ഉറപ്പു വരുത്തേണ്ട ജോലിയായതിനാല്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള കര്‍ശന പൊലീസ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രിന്‍സ് പറയുന്നു. പ്രത്യേകിച്ച് കൂടുതല്‍ അപകടങ്ങളും നടക്കാറുള്ളത് രാത്രി 11-നും പുലര്‍ച്ചെ ഒന്നിനുമിടയിലാണെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ഇത് അവഗണിക്കാനാകില്ല. ഇത് കൃത്യമായ ഇടവേളകളില്‍ നടത്തണമെന്നും അദ്ദേഹം പറയുന്നു. കാരണം, യാത്രക്കാരുടെ ജീവന്‍ കൈയിലേന്തുന്നവരാണ് ടാക്‌സി ഡ്രൈവര്‍മാര്‍.

Comments

comments

Categories: FK Special, Slider