2018ല്‍ ദുബായ് പ്രതീക്ഷിക്കുന്നത് 3.5 ശതമാനം സാമ്പത്തിക വളര്‍ച്ച

2018ല്‍ ദുബായ് പ്രതീക്ഷിക്കുന്നത് 3.5 ശതമാനം സാമ്പത്തിക വളര്‍ച്ച

വിവിധ മേഖലകളെ ലോകത്തിലെ ഏറ്റവും മികവുറ്റ രീതിയിലേക്ക് വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ദുബായ് കിരീടാവകാശി ഷേഖ് ഹംദന്‍ ബിന്‍ മൊഹമ്മദ്

ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദന്‍ ബിന്‍ മൊഹമ്മദ് റഷിദ് അല്‍ മക്തൂം ദുബായ് ഇക്കണോമിക് റിപ്പോര്‍ട്ട് 2017ന് അംഗീകാരം നല്‍കി. പുതുവര്‍ഷത്തില്‍ സാമ്പത്തിക രംഗത്ത് വലിയ പ്രതീക്ഷകളുമായിട്ടാണ് ദുബായ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ 3.2 ശതമാനമാണ് ദുബായുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. അതേസമയം 2018ല്‍ ഇത് 3.5 ശതമാനത്തിലേക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 2016ന് ശേഷം ആഗോള സമ്പദ് വ്യവസ്ഥയില്‍ ശുഭകിരണങ്ങള്‍ കാണാന്‍ തുടങ്ങിയത് ദുബായ് നഗരത്തിനും ഗുണകരമാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

ദുബായ് പ്ലാന്‍ 2021, എക്‌സ്‌പോ 2020, അടിസ്ഥാന സൗകര്യ മേഖലയിലെ മറ്റ് പദ്ധതികള്‍ എന്നിവ ദുബായുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഏറെ പ്രതീക്ഷയോടെയാണ് എക്‌സ്‌പോ 2020 എന്ന റീട്ടെയ്ല്‍ മെഗാ മേളയെ ദുബായ് നോക്കിക്കാണുന്നത്.

ദുബായുടെ സമഗ്രരവും സുസ്ഥിരവുമായ വികസനം ഇന്നൊവേഷന്‍, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത തുടങ്ങിയവയില്‍ അധിഷ്ഠിതമായിരിക്കും-ഷേഖ് ഹംദന്‍

ദുബായ് നഗരത്തെ സംബന്ധിച്ച് അതിനിര്‍ണായകവും ഏറെ പ്രതീക്ഷാനിര്‍ഭരവുമാണ് എക്‌സ്‌പോ 2020. ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ എന്ന ദുബായിയുടെ ഏറെക്കാലമായി നിലനില്‍ക്കുന്ന വിശേഷണത്തിന്റെ പുതിയ അളവുകോലായിരിക്കും എക്‌സ്‌പോ 2020 അടയാളപ്പെടുത്തുകയെന്നാണ് വിലയിരുത്തല്‍. 2020 ഒക്‌റ്റോബറില്‍ ആരംഭിക്കുന്ന പരിപാടിയുടെ ഔദ്യോഗിക കൗണ്ട്ഡൗണ്‍ ദുബായ് ആരംഭിച്ചുകഴിഞ്ഞു. ഒരുക്കങ്ങളും വ്യാപകമായിത്തുടങ്ങി. മന്ദതയിലായ അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് നവകുതിപ്പേകാന്‍ എക്‌സ്‌പോയ്ക്ക് സാധിക്കുമെന്നു വേണം കരുതാന്‍.

അറബ് മേഖലയിലാകെ ഈ ഉണര്‍വ് പ്രകടമായേക്കും. തൊഴിലവസരങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിന്റെ അളവിലും അഭൂതപൂര്‍വമായ വര്‍ധനയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. ഇത് സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റത്തിന് വലിയ തോതില്‍ സമൂഹത്തിന്റെ നിലവാരം ഉയര്‍ത്താനും സാധിക്കും. 500,000 പുതിയ തൊഴിലവസരങ്ങള്‍ എക്‌സ്‌പോയോട് അനുബന്ധിച്ച് സൃഷ്ടിക്കപ്പെടുമെന്നാണ് പല പഠനങ്ങളും പറയുന്നത്.

ദുബായ് സൗത്ത് ഡിസ്ട്രിക്റ്റിലാണ് എക്‌സ്‌പോ 2020ന്റെ പ്രധാന സൈറ്റ്. ഇത് മാത്രം തന്നെ 483 ഏക്കറുകള്‍ വരും. എക്‌സ്‌പോയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ മൂല്യമാകട്ടെ ഏകദേശം 33 ബില്ല്യണ്‍ ഡോളറും. ആറ് മാസം നീണ്ടു നില്‍ക്കുന്ന ഈ ഷോപ്പിംഗ് മാമാങ്കത്തിന് ചുരുങ്ങിയത് 180 രാജ്യങ്ങളില്‍ നിന്നെങ്കിലും പങ്കാളിത്തമുണ്ടാകുമെന്നാണ് ദുബായ് പ്രതീക്ഷിക്കുന്നത്. റീട്ടെയ്ല്‍ ഹബ്ബ് എന്നു പേരുകേട്ട ദുബായ് നഗരത്തിന്റെ പുതിയ സാധ്യതകളിലേക്കാണ് എക്‌സ്‌പോ 2020 ലോകത്തെ കൊണ്ടുപോകുന്നത്.

മനസുകളെ ബന്ധിപ്പിക്കുക, ഭാവിയെ സൃഷ്ടിക്കുക എന്നതാണ് എക്‌സ്‌പോ 2020ന്റെ ആപ്തവാക്യം. ഇതില്‍ കൂടുതല്‍ ശ്രദ്ധയൂന്നാണ് ഷേഖ് ഹംദന്‍ ബിന്‍ മൊഹമ്മദിന്റെയും ദുബായ് ഭരണാധികാരി ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂമിന്റെയും പദ്ധതി.

ദുബായുടെ സമഗ്രരവും സുസ്ഥിരവുമായ വികസനം ഇന്നൊവേഷന്‍, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത തുടങ്ങിയവയില്‍ അധിഷ്ഠിതമായിരിക്കുമെന്നാണ് ഷേഖ് ഹംദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Comments

comments

Categories: Arabia