രാജ്യത്തെ ഏറ്റവും വലിയ സ്‌നാക്‌സ് കമ്പനിയായി ഹല്‍ദിറാം

രാജ്യത്തെ ഏറ്റവും വലിയ സ്‌നാക്‌സ് കമ്പനിയായി ഹല്‍ദിറാം

ഒന്നാംസ്ഥാനം നഷ്ടമായെങ്കിലും ഉപ്പുരസമുള്ള സ്‌നാക്‌സ്് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ പെപ്‌സികോ മുന്‍നിരക്കാരായി തുടരും

മുംബൈ: പെപ്‌സികോയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ സ്‌നാക്‌സ് കമ്പനി എന്ന ബഹുമതി ഇന്ത്യന്‍ കമ്പനിയായ ഹല്‍ദിറാം തിരികെപിടിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കമ്പനി ഈ നേട്ടം വീണ്ടും കരസ്ഥമാക്കുന്നത്. എന്നാല്‍ ഉരുളക്കിഴങ്ങ് ചിപ്‌സ് പോലുള്ള പാക്ക് ചെയ്ത പാശ്ചാത്യ സ്‌നാക്‌സ് വില്‍പ്പനയില്‍ പെപ്‌സികോ മുന്നിട്ടു നില്‍ക്കുന്നു.

സെപ്റ്റംബര്‍ അവസാനം 4,224.8 കോടി രൂപയുടെ വില്‍പ്പനയാണ് ഹല്‍ദീറാം നടത്തിയത്. അതേസമയം ലേയ്‌സ്, കുര്‍കുറെ, അങ്കിള്‍ ചിപ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നും പെപ്‌സികോയുടെ വരുമാനം 3990.7 കോടി രൂപയാണെന്ന് ആഗോള മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ പുറത്തുവിട്ട ഡാറ്റയില്‍ വ്യക്തമാക്കുന്നു.

ഒരു വര്‍ഷം മുമ്പ് പെപ്‌സികോയുടെ വില്‍പ്പന 3617 കോടിരൂപയും ഹാല്‍ദിറാമിന്റേത് 3262 കോടിയുമായിരുന്നു. മൊത്തം വിപണിയില്‍ മേഖല 17 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ നില്‍സണിന്റെ റിപ്പോര്‍ട്ട് പ്രകാരം പോയവര്‍ഷം ഹല്‍ദിറാം 30 ശതമാനത്തിന്റെ അതിവേഗ വളര്‍ച്ചയാണ് നേടിയത്. 2012-2016 കാലയളവില്‍ 10-12 ശതമാനം വളര്‍ച്ച നേടിയ കമ്പനിക്ക് ഈ വര്‍ഷം സെപ്റ്റംബറില്‍ 1000 കോടി രൂപയുടെ വര്‍ധനവുണ്ടായി.

നിരവധി സ്‌നാക്‌സ് ഉല്‍പ്പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് പൊതുവെ വില വര്‍ധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് നട്‌സ് വിഭാഗങ്ങള്‍ക്ക്. എന്നിരുന്നാലും വിലയില്‍ മാറ്റം വരുത്താതെ നഷ്ടം സഹിച്ചത് മറ്റ് പല കമ്പനികളെയും ഈ രീതി പിന്തുടരാന്‍ നിര്‍ബന്ധിതരാക്കി. അസംഘടിത മേഖലയിലെ വില വ്യത്യാസങ്ങള്‍ താരതമ്യേന കുറയ്ക്കുന്നതിനും ഇതു വഴിവെച്ചതായി ഹല്‍ദിറാം സ്ഥാപക കുടുംബത്തിലെ നാലാം തലമുറക്കാരനായ കമല്‍ അഗര്‍വാള്‍ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സ്‌നാക്‌സുകളും മിച്ചറുകളും കഴിക്കുന്നവരുണ്ട്. എന്നാല്‍ ചിപ്‌സ് അനാരോഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹല്‍ദിറാം മാനുഫാക്ച്ചറിംഗ്, ഹല്‍ദീറാം ഫുഡ്‌സ്, ഹല്‍ദീറാം ബുജിയാവാല എന്നിങ്ങനെ കമ്പനിക്ക് മൂന്ന് വിഭാഗങ്ങളാണുള്ളത്.

ഏറ്റവും വലിയ സ്‌നാക്‌സ് കമ്പനി എന്ന പദവി നഷ്ടമായെങ്കിലും ഉപ്പുരസമുള്ള സ്‌നാക്‌സ്് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ മുന്‍നിരക്കാരായി തുടരുമെന്ന് പെപ്‌സികോ വക്താവ് അറിയിച്ചു. എല്ലാ സ്‌നാക്‌സ് ഇനങ്ങളെയും അപേക്ഷിച്ച് അതിവേഗം മുന്നേറുന്ന വിഭാഗമാണിത്. വെസ്റ്റേണ്‍ സാള്‍ട്ടി വിഭാഗത്തില്‍ ഇരട്ടയക്ക വളര്‍ച്ചയാണ് കമ്പനിയുടേത്. ലേയ്‌സ് ആണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വില്‍പ്പനയുണ്ടായ പെപ്‌സ്‌കോയുടെ ഉല്‍പ്പന്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy