‘ശ്രദ്ധ നല്‍കേണ്ടത് ഫാം ടൂറിസത്തിനും റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിനും’

‘ശ്രദ്ധ നല്‍കേണ്ടത് ഫാം ടൂറിസത്തിനും റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിനും’

കേരളത്തിന്റെ വികസനം പൂര്‍ണ അര്‍ത്ഥത്തില്‍ സാധ്യമാകണമെങ്കില്‍ പ്രാധാന്യം നല്‍കേണ്ടത് ടൂറിസം മേഖലയ്ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കുമാണെന്ന് സിജിഎച്ച് എര്‍ത്ത് സിഇഒ ജോസ് ഡൊമിനിക്

കൊച്ചി: നിക്ഷേപ സാധ്യതകളും തൊഴില്‍ സാധ്യതകളും ഒരു പോലെയുള്ള മേഖല എന്ന നിലയില്‍ കേരള വികസനത്തിന് ചുക്കാന്‍ പിടിക്കേണ്ടത് ടൂറിസം തന്നെയാണെന്ന് സിജിഎച്ച് എര്‍ത്ത് സിഇഒ ജോസ് ഡൊമിനിക്. പ്രതിവര്‍ഷം മൂന്നു ലക്ഷത്തിലേറെ വിദേശവിനോദ സഞ്ചാരികളാണ് കേരളത്തില്‍ എത്തുന്നത്. ഇതിലൂടെ മികച്ച വരുമാനം സംസ്ഥാനത്തിന് ലഭിക്കുന്നുമുണ്ട്. എന്നാല്‍ കായല്‍ ടൂറിസം, ഇക്കോ ടൂറിസം തുടങ്ങിയ മേഖലകളില്‍ കേരളത്തിന്റെ സാധ്യതകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇനിയുമേറെ പോകാനുണ്ട്, ജോസ് ഡൊമിനിക് ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ഫാം ടൂറിസം, റെസ്‌പോണ്‍സിബിള്‍ ടൂറിസം തുടങ്ങിയ മേഖലകള്‍ കൂടുതലായി വികസിക്കണം. ഒരേ സമയം കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വിദേശ വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുവാനും ഇത്തരം പദ്ധതികള്‍ കൊണ്ട് സാധിക്കും. ഒരു പദ്ധതി റെസ്‌പോണ്‍സിബിള്‍ ടൂറിസം മാതൃകയില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ പദ്ധതി പ്രദേശത്തുള്ള ജനങ്ങള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക. 70 % തദ്ദേശീയരായ ആളുകളെ ഉള്‍പ്പെടുത്തിയാണ് റെസ്‌പോണ്‍സിബിള്‍ ടൂറിസം നടപ്പിലാക്കുക എന്നത് പ്രാദേശിക വികസനത്തിന് വഴിവയ്ക്കുന്നു. സിജിഎച്ച് എര്‍ത്തിന് കീഴിലുള്ള ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഈ മാതൃക വിജയകരമായി നടപ്പാക്കി വരുന്നുണ്ട്്-ജോസ് ഡൊമിനിക് ചൂണ്ടിക്കാട്ടി.

ഐടി പോലുള്ള മേഖലകള്‍ക്ക് നല്‍കുന്ന പരിഗണനയുടെ പകുതി നല്‍കിയാല്‍ തന്നെ ടൂറിസം മേഖല പതിന്മടങ്ങ് ലാഭകരമാകും. ഫാം ടൂറിസം പച്ചപിടിക്കുന്നതിന് അനിവാര്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ഏറെ സാധ്യതകള്‍ ഉണ്ടായിട്ടും നാം അത് വിനിയോഗിക്കുന്നില്ല എന്നത് ഖേദകരമാണ്. കേരളത്തിന്റെ തനത് സംസ്‌കാരം, രുചികള്‍, കലകള്‍ എന്നിവ ആസ്വദിക്കാനാണ് വിദേശികള്‍ ഇവിടെ എത്തുന്നത്. ഈ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കണം. ജിം, എമര്‍ജിംഗ് കേരള പോലുള്ള സംരംഭകത്വ സമ്മേളനങ്ങള്‍ ടൂറിസം രംഗത്തേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിന് ഉതകും.

ഐടി വികസനം ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ഉള്ളവര്‍ക്ക് മാത്രം അവസരങ്ങള്‍ നല്‍കുമ്പോള്‍, ടൂറിസം രംഗത്തെ വികസനം സമൂഹത്തിന്റെ എല്ലാ തട്ടില്‍ പെടുന്ന വ്യക്തികള്‍ക്കും ഉതകുന്നതാണ്

ടൂറിസം മേഖലയുടെ വികസനത്തോടൊപ്പം തന്നെ ഹരിതോര്‍ജ്ജത്തിലും കേരളത്തിന് മുന്നേറാവുന്നതാണ്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍, തൊഴിലാളി പ്രശ്‌നങ്ങള്‍, പരിസ്ഥിതി നിയമത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവ ടൂറിസം രംഗത്തിന്റെ മുന്നേറ്റത്തെ ബാധിക്കുന്നുണ്ട്. ഇത് ചെറുക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. ഐടി രംഗത്തെ വികസനം ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ഉള്ളവര്‍ക്ക് മാത്രം അവസരങ്ങള്‍ നല്‍കുമ്പോള്‍, ടൂറിസം രംഗത്തെ വികസനം സമൂഹത്തിന്റെ എല്ലാ തട്ടില്‍ പെടുന്ന വ്യക്തികള്‍ക്കും ഉതകുന്നതാണ്-ജോസ് ഡൊമിനിക്ക് പറയുന്നു .

ആയുര്‍വേദത്തിന്റെ സാധ്യതകളും ടൂറിസം രംഗത്ത് മുതല്‍കൂട്ടാകും എന്ന് അഭിപ്രായപ്പെടുന്ന ജോസ് കേരളത്തെ ആയുര്‍വേദ ചികിത്സയുടെ ആഗോള തലസ്ഥാനമാക്കണം എന്ന അഭിപ്രായം പങ്കുവയ്ക്കുന്നു. വെല്‍നെസ്സ് ടൂറിസം, മെഡിക്കല്‍ ടൂറിസം എന്നീ രംഗങ്ങള്‍ ഇനി ആഗോളതലത്തില്‍ വളര്‍ന്നു വരികയാണ്. ഈ രംഗത്തെ സാധ്യതകള്‍ വിനിയോഗിച്ചാല്‍കേരളത്തിന് തനതായ ഒരു ടൂറിസം സംസ്‌കാരം തന്നെ വളര്‍ത്തിയെടുക്കാനാകും-അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories