നോട്ട് അസാധുവാക്കല്‍, ജിഎസ്ടി പരസ്യവിപണിയെ നഷ്ടത്തിലാക്കി

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി പരസ്യവിപണിയെ നഷ്ടത്തിലാക്കി

2018 ഓടെ മൊബീല്‍ ഹാന്‍ഡ് സെറ്റുകള്‍, എഫ്എംസിജി, ഓട്ടോ മൊബീല്‍സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, രാഷ്ട്രീയ സംബന്ധിച്ച പരസ്യങ്ങള്‍ എന്നിവയ്ക്ക് പരസ്യ രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ട് അസാധുവാക്കലും ജിഎസ്ടിയും വിപണിയിലുണ്ടാക്കിയ പ്രത്യാഘാതം പരസ്യ വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിലൂടെ എഫ്എംസിജി, ഓട്ടോ, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതു മൂലം മാധ്യമ-പരസ്യവിപണികളില്‍ വന്‍ നഷ്ടമുണ്ടായതായി ഫിക്കി – കെപിഎംജി ഇന്ത്യ മീഡിയാ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വിപണിയില്‍ നേട്ടമുണ്ടാക്കിയത് ഐപിഎല്‍ പോലെയുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്ത മാധ്യമങ്ങള്‍ മാത്രമാണ്. ഇത്തരത്തിലുടെ പരിപാടികളിലൂടെ മേഖലയില്‍ 10-11 ശതമാനം വളര്‍ച്ചയുണ്ടായതായി മേഖയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഐപിഎല്‍ 10ന്റെ ഔദ്യോഗിക പ്രക്ഷേപകരായിരുന്ന സോണിപിക്‌ച്ചേഴ്‌സ് നെറ്റ്‌വര്‍ക്ക് 1300 കോടി രൂപയാണ് ഇതുവഴി നേടിയത്. ഓട്ടോ, ഇ- വാലറ്റ് മേഖലകള്‍ക്ക് മാത്രമാണ് ഈ രംഗത്ത് മികച്ച സംഭാവന നല്‍കാനായത്. ഇതൊടൊപ്പം സര്‍ക്കാരിനും പല രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടന്ന പല തെരഞ്ഞെടുപ്പുകളിലും വന്‍ തുകകള്‍ ചെലവഴിക്കാനായി.

ജനുവരി – ഏപ്രില്‍ മാസങ്ങളില്‍ പ്രതീക്ഷിച്ച 14 ശതമാനം വളര്‍ച്ചയ്ക്കു വിപരീതമായി എട്ട് ശതമാനം വളര്‍ച്ച മാത്രം കൈവരിക്കാന്‍ കഴിഞ്ഞുള്ളുവെന്നും, നോട്ടസാധുവാക്കള്‍ കമ്പനിയുടെ താഴ്ന്ന വളര്‍ച്ചാ നിരക്കിലേക്ക് നയിച്ചതായും മാഡിസണ്‍ വേള്‍ഡ് ടെയര്‍മാന്‍ സാം ബാല്‍സറ പറഞ്ഞു. ഒട്ടുമിക്ക മാധ്യമ ഏജന്‍സികളുടേയും പരസ്യചെലവു സംബന്ധിച്ച പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റിക്കുന്നതാണ് വര്‍ഷാദ്യംതന്നെ കാണാനിടയായത്. പരസ്യ ചെലവില്‍ ഗ്രൂപ്പ് എം കഴിഞ്ഞ വര്‍ഷത്തേക്കാളും പത്ത് ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചപ്പോള്‍ സെനിത് 11.2 ശതമാനവും മാഡിസണ്‍ 14 ശതമാനം വളര്‍ച്ചയുമാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ വിപണിയിലെ പ്രതിസന്ധികള്‍ മൂലം ഒരു കമ്പനിക്കും ഇത് സ്വായത്തമാക്കാന്‍കഴിഞ്ഞില്ല. ജിഎസ്ടി നടപ്പിലാക്കിയതിനുശേഷം ഈ വര്‍ഷം ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നതായി വേവ് മേക്കര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍ നവീന്‍ ഖേംക പറഞ്ഞു. ഈ സാമ്പത്തിക പരിഷ്‌കാരം പല പ്രമുഖ ബ്രാന്‍ഡുകളേയും പ്രതികൂലമായാണ് ബാധിച്ചത്. പരസ്യ-മാധ്യമ രംഗം 2018ല്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റില്‍ ആരംഭിച്ച ഉല്‍സവ സിസണില്‍ പരസ്യ, വിപണന പ്രമോഷനുകള്‍ക്കും മറ്റുമായി 24,000 കോടി രൂപയാണ് വ്യവസായലോകം ചെലവഴിച്ചതെന്ന് ഡെന്റസു ഏജിസ് നെറ്റ്‌വര്‍ക്കിന്റെ സൗത്ത് ഏഷ്യ സിഇഒയും ചെയര്‍മാനുമായ ആഷിഷ് ഭാസിന്‍ പറഞ്ഞു. പരസ്യമാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിപണന സാധ്യതയുള്ളത് ഡിജിറ്റല്‍ പരസ്യ മേഖലയിലാണ്. ഇന്റര്‍നെറ്റിന്റെ വ്യാപനവും ജിയോയുടെ കടന്നുവരവും ഡിജിറ്റല്‍ പരസ്യ വിപണിയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്. 2018 ഓടെ മൊബീല്‍ ഹാന്‍ഡ് സെറ്റുകള്‍, എഫ്എംസിജി, ഓട്ടോ മൊബീല്‍സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, രാഷ്ട്രീയ സംബന്ധിച്ച പരസ്യങ്ങള്‍ എന്നിവയ്ക്ക് പരസ്യ രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: More