നവംബറില്‍ ആഭ്യന്തര വിമാനയാത്രയില്‍ 17 ശതമാനം വര്‍ധനവ്

നവംബറില്‍ ആഭ്യന്തര വിമാനയാത്രയില്‍ 17 ശതമാനം വര്‍ധനവ്

ഉല്‍സവ സീസണ്‍ പ്രമാണിച്ചും പുതിയ ഫ്‌ളൈറ്റ് റൂട്ടുകളുമാണ് വര്‍ധനയ്ക്കിടയാക്കിയതെന്ന് ഡിജിസിഎ റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. നവംബറില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 17 ശതമാനം ഉയര്‍ന്ന് 10.48 മില്യണിലെത്തിയതായി വ്യോമയാന റെഗുലേറ്ററായ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തുവിട്ട ഡാറ്റ സൂചിപ്പിക്കുന്നു. ഉല്‍സവ സീസണ്‍ പ്രമാണിച്ചും പുതിയ ഫ്‌ളൈറ്റ് റൂട്ടുകളുമാണ് വര്‍ധനയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം സമാനകാലയളവിലെ 8.96 മില്ല്യണുമായി താരമതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 16.99 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നും ഡിജിസിഎ പ്രതിമാസ ഗതാഗത ഡാറ്റ വിശദമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളിലെ യാത്രയുടെ കണക്കു പരിശോധിച്ചാല്‍ നവംബറിലുണ്ടായ യാത്രക്കാരുടെ വര്‍ധന ടൂറിസ്റ്റ് സീസണിന്റെ ഭാഗമായാണെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. പുതിയ റൂട്ടുകളും ഫ്‌ളൈറ്റുകളും പ്രഖ്യാപിക്കപ്പെടുന്നതോടൊപ്പം എയര്‍ലൈനുകളുടെ ശൈത്യകാല ഷെഡ്യൂളുകള്‍ പൂര്‍ണമായും നിലവില്‍ വരുന്നതും നവംബറിലാണ്. ഇതും വര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. അതേസമയം നവംബറില്‍ ആകെ ആഭ്യന്തര വിമാന യാത്രകളുടെ 39 ശതമാനം (4.13 മില്യണ്‍) സ്വന്തമാക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍ ആഭ്യന്തര സര്‍വീസുകളുടെ സമയ നിഷ്ടയുടെ കാര്യത്തില്‍ (ഓണ്‍ ടൈം പെര്‍ഫോമന്‍സ് – ഒടിപി) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒടിപിയുടെ കാര്യത്തില്‍ സ്‌പൈസ്‌ജെറ്റ് ഒന്നാമതെത്തി. 81.9 ശതമാനമാണ് സ്‌പൈസ്‌ജെറ്റിന്റെ ഒടിപി.

ഇന്ത്യയിലെ മറ്റ് എല്ലാ എയര്‍ലൈനുകളേക്കാളും മെച്ചപ്പെട്ടതാണ് തങ്ങളുടെ ഒടിപി എന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അജയ് സിംഗ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. കമ്പനിയുടെ ലോഡ് ഫാക്റ്റര്‍ (വിമാനത്തില്‍ യാത്ര ചെയ്യുന്ന ശരാശരി യാത്രക്കാര്‍) 95.5 ശതമാനത്തില്‍ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായ 32ാം മാസമാണ് സ്‌പൈസ് ജെറ്റ് ഏറ്റവും ഉയര്‍ന്ന ലോഡ് ഫാക്റ്റര്‍ രേഖപ്പെടുത്തുന്നത്. നിലവിലെ ലോഡ്ഫാക്റ്റര്‍ കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണെന്നും അജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡെല്‍ഹി തുടങ്ങിയ നാലു മെട്രോ വിമാനത്താവളങ്ങളിലെ ഒടിപിയാണ് നിലവില്‍ ഡിജിസിഎ പുറത്തുവിട്ടിരിക്കുന്നത്. 12 ആഭ്യന്തര വിമാനകമ്പനികളില്‍ ട്രൂജെറ്റ് ഏറ്റവുമധികം ഫ്‌ളെറ്റുകള്‍ റദ്ദാക്കിയപ്പോള്‍ യാത്രക്കാരില്‍ നിന്നും ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് എയര്‍ ഇന്ത്യയ്‌ക്കെതിരെയാണ്.

Comments

comments

Categories: Business & Economy