ബാര്‍ണി ഹാര്‍ഫോര്‍ഡ് യുബര്‍ സിഒഒ പദവിയിലേക്ക്

ബാര്‍ണി ഹാര്‍ഫോര്‍ഡ് യുബര്‍ സിഒഒ പദവിയിലേക്ക്

ന്യൂയോര്‍ക്ക്: ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ക്കായുള്ള യുബറിന്റെ അന്വേഷണത്തിന് പരിസമാപ്തി. ഓര്‍ബിറ്റ്‌സ് മുന്‍ സിഇഒ ബാര്‍ണി ഹാര്‍ഫോര്‍ഡിനെ പുതിയ സിഒഒ ആയി നിയമിക്കാന്‍ യുബര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പറേഷന്‍സ് തീരുമാനിച്ചു. ജനുവരി രണ്ടിന് ഹാര്‍ഫോര്‍ഡ് പദവി ഏറ്റെടുക്കും. സിഇഒ പദവി കഴിഞ്ഞാല്‍ യുബറില്‍ ഏറ്റവും അധികാരമുള്ള പദവിയാണ് സിഒഒ. റൈഡ് ഹെയ്‌ലിംഗ് ഓപ്പറേഷന്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ഫുഡ് ഡെലിവറി ബിസിനസ് എന്നിവയാണ് ഹാര്‍ഫോര്‍ഡിന്റെ ചുമതലകള്‍.

ദാര ഖൊസ്‌റോഷാഹി സിഇഒ പദവി ഏറ്റെടുത്തതിനു ശേഷം നടത്തുന്ന രണ്ടാമത്തെ ഏറ്റവും പ്രധാന നിയമനമാണിത്. ഒക്‌റ്റോബറില്‍ പെപ്‌സികോയുടെ ജനറല്‍ കൗണ്‍സിലും മുന്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനുമായ ടോണി വെസ്റ്റിനെ യുബര്‍ ചീഫ് ലീഗല്‍ ഓഫീസറായി നിയമിച്ചിരുന്നു.

മുന്‍പ് കമ്പനി പ്രവര്‍ത്തിച്ചിരുന്ന രീതി സ്വീകാര്യമല്ല എന്നത് വളരെ വ്യക്തമാണെന്നും മാറ്റം അനിവാര്യമാണെന്നും ബാര്‍ണി ഹാര്‍ഫോര്‍ഡ് പറഞ്ഞു. സിഇഒ ദാരയുടെ പ്രവര്‍ത്തന രീതികള്‍ എനിക്ക് സ്പഷ്ടമാണ്. അതുപോലെ എന്റേത് അദ്ദേഹത്തിനും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുബറിനെ സംബന്ധിച്ച് ഹാര്‍ഫോര്‍ഡ് പുതുമുഖമല്ലെന്നും കഴിഞ്ഞ ഒക്‌റ്റോബര്‍ മുതല്‍ തന്റെ ഉപദേശകനായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും ദാര ഖൊസ്‌റോഷാഹി ജീവനക്കാര്‍ക്ക് അയച്ച ഇ – മെയിലില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2004ല്‍ ഓണ്‍ലൈന്‍ ട്രാവല്‍ ബിസിനസില്‍ ഖൊസ്‌റോഷാഹിയുമായി ഹാര്‍ഫോര്‍ഡ് മല്‍സരിച്ചിട്ടുണ്ട്. 2005ല്‍ ഖൊസ്‌റോഷാഹി സിഇഒ ആയിരുന്ന എക്‌സ്പീഡിയ ഇന്‍കോര്‍പറേഷന്‍സിന്റെ പ്രസിഡന്റായി ഹാര്‍ഫോര്‍ഡ് ചുമതലയേറ്റു. കടക്കെണിയില്‍പ്പെട്ട ഓര്‍ബിറ്റ് വേള്‍ഡ്‌വൈഡ് ഇന്‍കോര്‍പറേഷന്‍സിന്റെ സിഇഒ ആയി 2009ല്‍ ചുമതലയേറ്റപ്പോള്‍ മേഖലയില്‍ ഖൊസ്‌റോഷാഹിയുടെ പ്രധാന എതിരാളിയായി ഹാര്‍ഫോര്‍ഡ് മാറിയിരുന്നു. യുബറിനെ ലാഭകരമാക്കി മാറ്റാനോ അല്ലെങ്കില്‍ കമ്പനിയുടെ നഷ്ടങ്ങള്‍ കുറയ്ക്കാനോ ഹാര്‍ഫോര്‍ഡിന്റെ നിയമനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 1.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് യുബറിനുണ്ടായത്. മുന്‍പാദത്തില്‍ ഇത് 1.1 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇതേ കാലയളവില്‍ അറ്റവരുമാനം വര്‍ധിച്ച് 2.01 ബില്യണിലെത്തുകയും ചെയ്തു.

സിഇഒ സ്ഥാനത്തു നിന്ന് സ്ഥാപകന്‍ ട്രാവിസ് കലാനിക് രാജിവച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റിലാണ് ഖൊസ്‌റോഷാഹി സ്ഥാനമേറ്റെടുത്തത്. ലൈംഗിക ആരോപണങ്ങള്‍, ഡാറ്റ പ്രൈവസി വയലേഷന്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ കമ്പനിയെ അലട്ടിയിരുന്നു. 2019ല്‍ ഐപിഒയിലേക്ക് നീങ്ങാമെന്ന തീരുമാനം ഡയറക്റ്റര്‍ അംഗീകരിച്ചിരുന്നു. പൊതു കമ്പനിയാക്കുന്നതിനു സഹായിക്കുന്നതിനായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 2015 മുതല്‍ സിഎഫ്ഒയുടെ തസ്തികയില്‍ നിയമനം നടന്നിട്ടില്ല.

Comments

comments

Categories: World