ധനനയത്തില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ജപ്പാന്‍

ധനനയത്തില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ജപ്പാന്‍

ജപ്പാനിലെ സമ്പദ്‌വ്യവസ്ഥ മിതമായ രീതിയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാങ്ക്

ന്യൂഡെല്‍ഹി: സമ്പദ് ഘടന വളരുന്നുണ്ടെങ്കിലും പണപ്പെരുപ്പം 2 ശതമാനമെന്ന ലക്ഷ്യത്തിലെത്താത്തതിനാല്‍ തങ്ങളുടെ പണ നയം മാറ്റം വരുത്താതെ നിലനിര്‍ത്തുമെന്ന് ബാങ്ക് ഓഫ് ജപ്പാന്‍. ഹ്രസ്വകാല പലിശ നിരക്ക് മൈനസ് 0.1 ശതമാനമായി നിലനിര്‍ത്തുമെന്നും 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളുടെ ലക്ഷ്യം പൂജ്യം ശതമാനമാക്കി സ്ഥിരപ്പെടുത്തുമെന്നും രണ്ട് ദിവസത്തെ നയ അവലോകന യോഗത്തിന് ശേഷം ബാങ്ക് വ്യക്തമാക്കി. ജപ്പാനിലെ സമ്പദ്‌വ്യവസ്ഥ മിതമായ രീതിയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ഒന്നിനെതിരെ എട്ട് വോട്ടുകള്‍ നേടിയാണ് പണ നയം നിലനിര്‍ത്താനുള്ള തീരുമാനം യോഗം കൈക്കൊണ്ടത്. ബോര്‍ഡംഗമായ ഗൗഷി കതോകയാണ് ഭൂരിപക്ഷ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. പണപ്പെരുപ്പം ലക്ഷ്യത്തിലെത്താനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ ഇതില്‍ പുരോഗതി കൈവരിക്കാന്‍ ബാങ്ക് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍ ഉല്‍പ്പാദന വിടവ് മെച്ചപ്പെടുന്നതിന്റെയും ഇടത്തരംദീര്‍ഘകാല പണപ്പെരുപ്പ പ്രതീക്ഷകള്‍ ഉയരുന്നതിന്റെയും പശ്ചാത്തലത്തില്‍ പണപ്പെരുപ്പ നിരക്ക് ലക്ഷ്യം കണുമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടതെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

2019 അവസാനം വരെ നയത്തില്‍ ബാങ്ക് ഓഫ് ജപ്പാന്‍ മാറ്റം വരുത്തിയേക്കില്ല

ജപ്പാനിലെ പ്രധാന ഉപഭോക്തൃ വില സൂചിക വാര്‍ഷികാടിസ്ഥാനത്തില്‍ ഒക്‌റ്റോബറില്‍ 0.8 ശതമാനം ഉയര്‍ന്നിരുന്നു. സെപ്റ്റംബറിലിത് 0.7 ശതമാനമായിരുന്നു.നേരത്തെ പ്രതീക്ഷിച്ചിരുന്നതായതിനാല്‍ ബാങ്ക് ഓഫ് ജപ്പാന്റെ തീരുമാനം അനലിസ്റ്റുകളില്‍ ആശ്ചര്യ സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ ഈ അയഞ്ഞ ധനനയ നിലപാട് ജപ്പാന്‍ എത്രകാലം നിലനിര്‍ത്തുമെന്നതിനെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നു വരുന്നത്. 2018ല്‍ ഈ സാമ്പത്തിക ഉത്തേജനം ജപ്പാന്റെ കേന്ദ്രബാങ്ക് പിന്‍വലിക്കുമെന്നാണ് കൂടുതല്‍ പേരും വിശ്വസിക്കുന്നത്.

സുദീര്‍ഘമായ കാലത്തേക്ക് അയഞ്ഞ ധനനയത്തെ നിലനിര്‍ത്തുന്നതിലെ സുസ്ഥിരത സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ജപ്പാനിലെ മുതിര്‍ന്ന ഇക്കണോമിസ്റ്റായ മാര്‍സല്‍ തെയ്‌ലാന്റ് പറയുന്നു. കുറഞ്ഞ നിരക്കുകള്‍ ബാങ്ക് ലാഭത്തെ സമ്മര്‍ദ്ദപ്പെടുത്തുകയും മൂലധന അനുപാതത്തെ ദുര്‍ബലപ്പെടുത്തുകയും വായ്പ കുറയ്ക്കുകയും ചെയ്‌തേക്കാമെന്ന് അദ്ദേഹം പറയുന്നു.

2019 അവസാനം വരെ നയത്തില്‍ ബാങ്ക് ഓഫ് ജപ്പാന്‍ മാറ്റം വരുത്തിയേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് സാധുതയില്ലെന്നാണ് കേന്ദ്ര ബാങ്ക് അഭിപ്രായപ്പെടുന്നത്.

Comments

comments

Categories: More