iOS, MacOS പ്ലാറ്റ്‌ഫോമുകള്‍ ആപ്പിള്‍ സമന്വയിപ്പിക്കുന്നു

iOS, MacOS പ്ലാറ്റ്‌ഫോമുകള്‍ ആപ്പിള്‍ സമന്വയിപ്പിക്കുന്നു

ആഗോളതലത്തില്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇടിവ് നേരിടുകയാണ്. മൊബൈല്‍, ടാബ്‌ലെറ്റ് പോലെ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ഡിവൈസുകളിലേക്ക് എല്ലാവരും ചുവടുമാറുന്ന കാഴ്ചയാണു കാണുവാന്‍ സാധിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കമ്പ്യൂട്ടറിന്റെയും, ഫോണിന്റെയും, ടാബ്‌ലെറ്റിന്റെയും ഫീച്ചറുകളും പ്രവര്‍ത്തനരീതികളും ഏകോപിപ്പിക്കുന്ന ഒരു ഓപറേറ്റിംഗ് സിസ്റ്റവുമായി അവതരിക്കാനുള്ള ശ്രമമാണ് ആപ്പിള്‍ നടത്താന്‍ പോകുന്നത്.

ആപ്പിള്‍, iOS, MacOS പ്ലാറ്റ്‌ഫോമുകള്‍ സമന്വയിപ്പിക്കാന്‍ പദ്ധതിയിടുന്നു. മാഴ്‌സിപാന്‍ (Marzipan) എന്ന രഹസ്യനാമം കൊണ്ടു വിശേഷിപ്പിക്കുന്ന ഈ പദ്ധതി അടുത്ത വര്‍ഷമാദ്യത്തോടെ ലോഞ്ച് ചെയ്യാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതി രണ്ട് വര്‍ഷമെടുത്തു പൂര്‍ത്തീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാഴ്‌സിപാന്‍ പദ്ധതിയുടെ വിശദവിവരങ്ങളെ കുറിച്ച് അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ആപ്പിളിന്റെ വാര്‍ഷിക സമ്മേളനമായ വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആപ്പിളിന്റെ  ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഓപറേറ്റിംഗ് സോഫ്റ്റ്‌വെയറാണ് (ഒഎസ്) MacOS. ഐ ഫോണിലും, ഐ പാഡിലും ഉപയോഗിക്കുന്ന ഒഎസ്സാണ് iOS. ഐഒഎസില്‍ ലഭ്യമാകുന്ന ആപ്പുകളെ അപേക്ഷിച്ച് വളരെ കുറച്ച് അപ്‌ഡേഷനുകളും, പരിമിതമായ ആപ്പുകളുമാണ് മാക് ആപ്പ് സ്റ്റോറിലുള്ളത്. ഏറെക്കാലമായി മാക് ഉപഭോക്താക്കള്‍ ഉന്നയിച്ചിരുന്ന ഒരു പരാതിയും ഇതു തന്നെയായിരുന്നു. ഉദാഹരണമായി ട്വിറ്റര്‍ ആപ്പിന്റെ കാര്യമെടുക്കാം. ഐഒഎസില്‍ ട്വിറ്റര്‍ ആപ്പ് പതിവായി അപ്‌ഡേറ്റ് ചെയ്യുന്നു. കൂടാതെ ഏറ്റവും പുതിയ ഫീച്ചറുകളുമായി എത്തുകയും ചെയ്യുന്നു. മാക് സ്റ്റോറിലാകട്ടെ അതേ ആപ്പ് കുറച്ചുനാളുകളായി അപ്‌ഡേറ്റ് ചെയ്തിട്ടില്ല.

കമ്പ്യൂട്ടിംഗിന്റെ ഭാവി ഇനി ലാപ്‌ടോപ്പിലും ഡസ്‌ക്‌ടോപ്പിലുമല്ല. അത് സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ് പോലെ എളുപ്പം കൈകാര്യം ചെയ്യാവുന്ന ഡിവൈസിലാണ്. ഗൂഗിളും, മൈക്രോസോഫ്റ്റും ഇതു തിരിച്ചറിഞ്ഞു. ആപ്പിളും ഇക്കാര്യം മനസിലാക്കിയിരിക്കുന്നു. മൊബൈല്‍ ഒഎസ്സായ ഐഒഎസും, കമ്പ്യൂട്ടര്‍ ഒഎസ്സായ മാക്ക് ഒഎസും സമന്വയിപ്പിക്കാന്‍ തീരുമാനിച്ചതും അതു കൊണ്ടാണ്.

iOS, MacOS പ്ലാറ്റ്‌ഫോമുകള്‍ സമന്വയിപ്പിക്കുകയാണെങ്കില്‍, അത് മാക് ഉപഭോക്താക്കള്‍ക്കു വലിയ തോതില്‍ ഗുണം ചെയ്യുമെന്നു കരുതപ്പെടുന്നുണ്ട്. ഐഒസില്‍ ലഭിക്കുന്ന പുതിയ മൊബൈല്‍ ആപ്പുകള്‍ മാക് ഉപഭോക്താക്കള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. പക്ഷേ ഇതു കൊണ്ടൊന്നും മാക് ഉപയോഗിക്കുന്നവര്‍ സന്തോഷിക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്. കാരണം ആപ്പിളിന്റെ ലക്ഷ്യം എന്താണെന്നത് അവ്യക്തമാണ്. ഒരുപക്ഷേ മാക്കിനെ ഭാവിയില്‍ ഉപേക്ഷിക്കാനും ആപ്പിള്‍ തയാറായേക്കുമെന്നും ശ്രുതിയുണ്ട്. ഒരുപക്ഷേ ഉടന്‍ ഉപേക്ഷിക്കില്ലായിരിക്കും. എന്നാല്‍ ആപ്പിളിന്റെ ഫോക്കസ് കുറച്ചുനാളായി മാക്കില്‍നിന്നും മാറിയിട്ടുണ്ടെന്നു മാക് ഉപയോഗിക്കുന്നവര്‍ പറയുന്നു.
കമ്പ്യൂട്ടിംഗിന്റെ ഭാവി ആപ്പിള്‍ കാണുന്നത് ഐഒഎസിലാണെന്നത് പരസ്യമായ രഹസ്യമാണ്. ആപ്പിള്‍ പുതിയതായി അവതരിപ്പിച്ച ഐ പാഡ് പ്രോയുടെ പരസ്യം ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാവും. ആ പരസ്യത്തില്‍, ഒരു പെണ്‍കുട്ടി ഐ പാഡ് പ്രോയുമായി നഗരം മുഴുവന്‍ ചുറ്റുകയാണ്. ഇതിനിടെ അവള്‍ ബസില്‍ യാത്ര ചെയ്യുകയും യാത്രയ്ക്കിടെ ഐ പാഡ് പ്രോയില്‍ കോമിക് കഥകള്‍ വായിക്കുകയും, സുഹൃത്തുമായി ചാറ്റ് ചെയ്യുകയും, വാചകങ്ങള്‍ ടൈപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്. പരസ്യത്തിനൊടുവില്‍ വീടിന്റെ വിശാലമായ പൂന്തോട്ടത്തിലിരുന്ന് ഐ പാഡിലേക്ക് നോക്കിയിരിക്കുമ്പോള്‍ അയല്‍വാസി അവളോട് ചോദിക്കുന്നു, കമ്പ്യൂട്ടര്‍ കൊണ്ട് എന്താണു ചെയ്യുന്നതെന്ന് ?

അപ്പോള്‍ ആ പെണ്‍കുട്ടി തിരിച്ചു ചോദിക്കുകയാണ്’ കമ്പ്യൂട്ടറോ എന്താണത് ‘ ?

ഇതിലൂടെ സന്ദേശം വ്യക്തമാണ്. അടുത്ത തലമുറ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ (പിസി) ഉപയോഗിക്കുന്നവരായിരിക്കില്ല. അവര്‍ ഐ പാഡ് പ്രോയോ അതുമല്ലെങ്കില്‍ മൊബൈലും, ടാബ്‌ലെറ്റും പോലെ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ഡിവൈസുകളോ ഉപയോഗിക്കുന്നവരായിരിക്കുമെന്നാണ്. ആഗോളതലത്തില്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇടിവ് നേരിടുകയാണ്. മൊബൈല്‍ ഡിവൈസുകളിലേക്ക് എല്ലാവരും ഷിഫ്റ്റ് ചെയ്യുന്ന കാഴ്ചയും കാണാന്‍ സാധിക്കുന്നുണ്ട്. ആപ്പിളിന്റെ മൊബൈല്‍ കേന്ദ്രീകൃതമായ iOS- നാവട്ടെ, വന്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാര്‍ iOS അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ ഫോണിനും, ഐ പാഡിനും പ്രാധാന്യം നല്‍കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യവുമില്ല. ഇന്നു ഭൂരിഭാഗം ഡവലപ്പര്‍മാരെയും സംബന്ധിച്ചു വിന്‍ഡോസും, മാക് സോഫ്റ്റ്‌വെയറും പ്രാധാന്യം നഷ്ടപ്പെട്ട ഒന്നായിരിക്കുന്നു.കമ്പ്യൂട്ടറില്‍നിന്നും മൊബൈലിലേക്കും ടാബ്‌ലെറ്റിലേക്കും ചുവടുമാറ്റുന്ന ആദ്യ കമ്പനിയാണ് ആപ്പിളെന്ന് ഒരിക്കലും പറയാനാകില്ല. ആപ്പിളിനു മുന്‍പേ നടന്നവരാണു ഗൂഗിള്‍. ഇന്നു ഗൂഗിളിന്റെ ക്രോംബുക്ക് ലാപ്‌ടോപ്പ്, ആന്‍ഡ്രോയ്ഡ് ആപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആപ്പിളിന്റെ മാഴ്‌സിപാന്‍ പദ്ധതി പോലെ, മൈക്രോസോഫ്റ്റും യൂണിവേഴ്‌സല്‍ വിന്‍ഡോസ് പ്ലാറ്റ്‌ഫോം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും, ടാബ്‌ലെറ്റുകളിലും, മറ്റ് ഡിവൈസുകളിലും ഒരേ പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒഎസ് വികസിപ്പിക്കുകയാണു മൈക്രോസോഫ്റ്റ്.

Comments

comments

Categories: FK Special, Slider