2020 ഓടെ മാരുതി സുസുകി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കും

2020 ഓടെ മാരുതി സുസുകി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കും

ഇവി കാഴ്ച്ചപ്പാട് മനസ്സിലാക്കുന്നതിന് ഇന്ത്യന്‍ വിപണിയില്‍ സര്‍വ്വെ നടത്തുകയാണെന്ന് ആര്‍സി ഭാര്‍ഗവ

ന്യൂഡെല്‍ഹി : 2020 ഓടെ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ മിക്കവാറും പുറത്തിറക്കുമെന്ന് മാരുതി സുസുകി. വാര്‍ഷിക സമ്മേളനത്തിലാണ് ശ്രദ്ധേയമായ പ്രഖ്യാപനം. 2020 ഓടെ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന് കഴിഞ്ഞ മാസം ടൊയോട്ടയും സുസുകിയും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിനായി ഇരു കമ്പനികളും ഒരുമിച്ചുപ്രവര്‍ത്തിക്കും. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ഇരു ജാപ്പനീസ് കമ്പനികളും പരിശോധിക്കും. തുടര്‍ന്ന് മാരുതി മുഖാന്തരം വില്‍ക്കും. 2030 ഓടെ പൂര്‍ണ്ണ വാഹന വൈദ്യുതീകരണം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ് കമ്പനികള്‍.

ടൊയോട്ടയും സുസുകിയും ചേര്‍ന്നുള്ള സംയുക്ത സംരംഭം മാരുതിക്ക് ഗുണം ചെയ്യുമെന്ന് മാരുതി സുസുകി ഇന്ത്യ ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. മാരുതിക്ക് ഇന്ത്യന്‍ വിപണിയിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കാന്‍ കഴിയും. ടൊയോട്ട, സുസുകി കമ്പനികള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യയുണ്ട്. മാരുതിക്ക് അതില്ല. തങ്ങളുടെ ആ പോരായ്മ പരിഹരിക്കാന്‍ രണ്ടു പേരുടെയും സംയുക്ത സംരംഭം സഹായിക്കും. ഇന്ത്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമാകുന്നതിന് തങ്ങളുടേതായ പങ്ക് മാരുതി സുസുകി നിര്‍വ്വഹിക്കുകയാണെന്നും ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി.

ടൊയോട്ടയും സുസുകിയും ചേര്‍ന്നുനിര്‍മ്മിക്കുന്ന ഇലക്ട്രിക് കാറിന്റെ ഇന്ത്യയിലെ വില്‍പ്പന, സര്‍വീസ് കാര്യങ്ങള്‍ മാരുതി ഏറ്റെടുക്കും

2020 ഓടെ മാരുതിക്ക് ഇലക്ട്രിക് വാഹനം അവതരിപ്പിക്കാന്‍ കഴിയുമോയെന്ന ചോദ്യത്തിന് തങ്ങളല്ല അത്തരമൊരു വാഗ്ദാനം മുന്നോട്ടുവെയ്ക്കുന്നതെന്നും ജാപ്പനീസ് കമ്പനിയാണെന്നും അവര്‍ അങ്ങനെ പറഞ്ഞെങ്കില്‍ അത് തീര്‍ച്ചയായും നടക്കുമെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച കാഴ്ച്ചപ്പാട് മനസ്സിലാക്കുന്നതിന് ഇന്ത്യന്‍ വിപണിയില്‍ സര്‍വ്വെ നടത്തുകയാണെന്ന് ആര്‍സി ഭാര്‍ഗവ അറിയിച്ചു. ഇവി നിര്‍മ്മിക്കുന്നതിനുള്ള ടൊയോട്ടയുടെയും സുസുകിയുടെയും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സര്‍വ്വെ സഹായകമാകും.

തുടക്കത്തില്‍ ഈ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടുതലായിരിക്കുമെന്ന് ഭാര്‍ഗവ പറഞ്ഞു. എന്നാല്‍ വാഹനഘടകങ്ങള്‍ പ്രാദേശികമായി നിര്‍മ്മിച്ചുതുടങ്ങിയാല്‍ വില കുറയും. അതുവരെ ആന്തരിക ദഹന എന്‍ജിന്‍ വാഹനങ്ങളേക്കാള്‍ വില കൂടുതലായിരിക്കും ഈ ഇലക്ട്രിക് വാഹനങ്ങള്‍ക്ക്. ടൊയോട്ടയും സുസുകിയും ചേര്‍ന്നുനിര്‍മ്മിക്കുന്ന ഇലക്ട്രിക് കാറിന്റെ ഇന്ത്യയിലെ വില്‍പ്പന, സര്‍വീസ് കാര്യങ്ങള്‍ മാരുതി ഏറ്റെടുക്കും. സുസുകിയുടെ ഗുജറാത്ത് പ്ലാന്റില്‍ ഇലക്ട്രിക് വാഹന ബാറ്ററികള്‍ നിര്‍മ്മിക്കും.

Comments

comments

Categories: Auto