ടോപ് 5 ഓട്ടോമാറ്റിക് എസ്‌യുവികള്‍

ടോപ് 5 ഓട്ടോമാറ്റിക് എസ്‌യുവികള്‍

15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഫോഡ് ഇക്കോസ്‌പോര്‍ട് മുതല്‍ റെനോ ഡസ്റ്റര്‍ വരെ

ഗുഡ് ലുക്കിംഗ്, ഫീച്ചറുകളാല്‍ സമൃദ്ധമായ, 15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഓട്ടോമാറ്റിക് എസ്‌യുവി വാങ്ങാന്‍ പോവുകയാണോ ? എങ്കില്‍ ഇതാ മികച്ച അഞ്ച് ഓപ്ഷനുകള്‍. നല്ല തീരുമാനമെടുക്കാന്‍ ഇത് നിങ്ങളെ തീര്‍ച്ചയായും സഹായിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറ്റവുമധികം പ്രാധാന്യം ലഭിക്കുന്നത് എസ്‌യുവി അഥവാ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കാണ്. സെഡാനുകളും ഹാച്ച്ബാക്കുകളുമാണ് കൂടുതലായി വിറ്റുപോയിരുന്നതെങ്കില്‍ ശരാശരിക്കാര്‍ പോലും ഇപ്പോള്‍ എസ്‌യുവികള്‍ തെരഞ്ഞെടുക്കുന്നതാണ് കാഴ്ച്ച. ആകര്‍ഷകമായ ഫീച്ചറുകളോടെ, അതിലേറെ ആകര്‍ഷകമായ വിലയില്‍ വാഹന നിര്‍മ്മാതാക്കള്‍ എസ്‌യുവികള്‍ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. കോംപാക്റ്റ് എസ്‌യുവി എന്ന സെഗ്മെന്റ് കൂടി പിറന്നതോടെ ഇത്തരം കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. മിക്ക കമ്പനികളും കോംപാക്റ്റ് എസ്‌യുവികള്‍ പുറത്തിറക്കിത്തുടങ്ങി.

ഇന്ത്യയില്‍ 2013 ല്‍ ഫോഡ് ഇക്കോസ്‌പോര്‍ടാണ് കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മറ്റ് വാഹന നിര്‍മ്മാതാക്കളും ഇതേ പാത പിന്തുടര്‍ന്നു. ടാറ്റ നെക്‌സോണ്‍ ആണ് ഏറ്റവും പുതിയ ഉദാഹരണം. രൂപകല്‍പ്പനയിലും കൊടുക്കുന്ന പണത്തിന്റെ മൂല്യം കണക്കിലെടുത്താലും നെക്‌സോണ്‍ ഒന്നാന്തരം ഉല്‍പ്പന്നമാണ്. നല്ല സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്നതാണ് എസ്‌യുവി എന്ന് ഇപ്പോള്‍ ആരും ചിന്തിക്കുന്നില്ല.

ഡ്രൈവിംഗ് കൂടുതല്‍ സൗകര്യപ്രദവും എളുപ്പവുമാക്കുന്നതിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കിവരികയാണ് കാര്‍ നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ 15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കിയ, അഞ്ച് മികച്ച എസ്‌യുവികള്‍ ഏതെന്ന് നോക്കാം.

2017 ഫോഡ് ഇക്കോസ്‌പോര്‍ട്

ഈയിടെയാണ് 2017 ഫോഡ് ഇക്കോസ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പഴയ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ 2017 മോഡലില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. അതേസമയം വില വര്‍ദ്ധിപ്പിച്ചില്ല എന്ന കാര്യം എടുത്തു പറയേണ്ടതാണ്. ഫോഡിന്റെ മിക്ക മോഡലുകളിലും കാണുന്ന തനത് ഗ്രില്ല് 2017 ഇക്കോസ്‌പോര്‍ടിലും കാണാം. 2013 ലാണ് ഇന്ത്യയില്‍ സബ് കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റ് ആരംഭിക്കുന്നത്. ഇക്കോ സ്‌പോര്‍ടിന് ലഭിച്ച വലിയ ഫേസ് ലിഫ്റ്റുകളിലൊന്നായിരുന്നു ഇത്തവണത്തേത്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് 2017 ഫോഡ് ഇക്കോസ്‌പോര്‍ട് ലഭിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 99 കുതിരശക്തി കരുത്ത് പുറപ്പെടുവിക്കാന്‍ പര്യാപ്തമാണ്. ഓള്‍ ന്യൂ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 120 കുതിരശക്തി കരുത്താണ് പുറപ്പെടുവിക്കുന്നത്. 7.31 ലക്ഷം രൂപ മുതലാണ് 2017 ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ വില ആരംഭിക്കുന്നത്. ബേസ് ഓട്ടോമാറ്റിക് വേരിയന്റിന് 9.34 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

റെനോ ഡസ്റ്റര്‍

15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഒരു ഓട്ടോമാറ്റിക് എസ്‌യുവിയാണ് വിപണിയില്‍ നിങ്ങള്‍ തെരയുന്നതെങ്കില്‍ ജനകീയനായ റെനോ ഡസ്റ്റര്‍ നല്ല ഓപ്ഷനാണ്. മാസങ്ങള്‍ക്ക് മുമ്പ് ഡസ്റ്ററിന്റെ പെട്രോള്‍ വേരിയന്റ് ഫ്രഞ്ച് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് റെനോ ഡസ്റ്റര്‍ വിപണിയില്‍ ലഭിക്കുന്നത്. 103 കുതിരശക്തി പവര്‍ ഔട്ട്പുട്ടാണ് 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനെ കേമനാക്കുന്നത്. 84 എച്ച്പി, 108 എച്ച്പി എന്നീ രണ്ട് തരം കരുത്ത് ഉല്‍പ്പാദിപ്പിക്കുംവിധം 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

മുന്നില്‍ വിംഗ്ഡ് ഗ്രില്ല്, ആകര്‍ഷകമായ ഹോക്‌ഐ ക്ലസ്റ്റര്‍ ഹെഡ് ലാംപുകള്‍ എന്നിവ റെനോ ഡസ്റ്ററില്‍ കാണാം. ഹില്‍ സ്റ്റാര്‍ട്ട് അസ്സിസ്റ്റ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സിറ്റീവ് ഓട്ടോ ഡോര്‍ ലോക്കിംഗ് തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍. 10.15 ലക്ഷം രൂപ (ഡെല്‍ഹി എക്‌സ് ഷോറൂം വില ) മുതലാണ് റെനോ ഡസ്റ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിന് വില തുടങ്ങുന്നത്. പുതുവര്‍ഷത്തില്‍ 2018 റെനോ ഡസ്റ്റര്‍ അവതരിപ്പിക്കും. ആഗോളതലത്തില്‍ നേരത്തെ അനാവരണം ചെയ്തിരുന്നു.

ഹ്യുണ്ടായ് ക്രേറ്റ

15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഓട്ടോമാറ്റിക് എസ്‌യുവികളില്‍ ഒരു മികച്ച ഓപ്ഷനാണ് ഹ്യുണ്ടായ് ക്രേറ്റ. ക്രേറ്റയുടെ 2018 വേര്‍ഷന്‍ ഈയിടെ പരീക്ഷണ ഓട്ടം നടത്തുന്നത് കാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് 2017 ഹ്യുണ്ടായ് ക്രേറ്റ പുറത്തിറക്കിയത്. ഒരു പെട്രോള്‍ എന്‍ജിനും രണ്ട് ഡീസല്‍ എന്‍ജിനുകളും.

1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പരമാവധി 121 കുതിരശക്തി കരുത്താണ് പുറപ്പെടുവിക്കുന്നത്. 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 126 കുതിരശക്തി കരുത്തും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 89 എച്ച്പി കരുത്തും പുറത്തെടുക്കുന്നു. ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ആകര്‍ഷകമാണ്. 12.99 ലക്ഷം രൂപയാണ് ഹ്യുണ്ടായ് ക്രേറ്റ ഓട്ടോമാറ്റിക് വേരിയന്റിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

മഹീന്ദ്ര എക്‌സ്‌യുവി 500

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നിരയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മോഡലുകളിലൊന്നാണ് മഹീന്ദ്ര എക്‌സ്‌യുവി 500. 15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഓട്ടോമാറ്റിക് എസ്‌യുവികളുടെ ഗണത്തില്‍ മഹീന്ദ്ര എക്‌സ്‌യുവി 500 ഒരു നല്ല ഓപ്ഷനാണ്. 2015 ല്‍ എക്‌സ്‌യുവി 500 ഒന്നു പരിഷ്‌ക്കരിച്ചിരുന്നു. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് എക്‌സ്‌യുവി 500 വിപണിയിലുള്ളത്.

2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എന്‍ജിന്‍ 140 എച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. ഈയിടെ പുറത്തിറക്കിയ 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 140 എച്ച്പി കരുത്ത് നല്‍കും. 1.99 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുന്നതും ഇതേ പവര്‍ ഔട്ട്പുട്ട് തന്നെ. ജാപ്പനീസ് കമ്പനിയായ ഐസിനില്‍നിന്ന് വാങ്ങിയതാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍. മഹീന്ദ്ര എക്‌സ്‌യുവി 500 ഓട്ടോമാറ്റിക്കിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 14.87 ലക്ഷം രൂപയില്‍ തുടങ്ങുന്നു.

ഹോണ്ട ബിആര്‍-വി

ഹോണ്ടയെന്ന ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ ആദ്യ കോംപാക്റ്റ് എസ്‌യുവിയാണ് ബിആര്‍-വി. ബോള്‍ഡ് ഗ്രില്ല്, വീല്‍ ആര്‍ച്ചുകള്‍, സ്‌റ്റൈലിഷ് അലോയ് വീലുകള്‍ എന്നിവ ഹോണ്ട ബിആര്‍-വി ക്ക് പ്രീമിയം ലുക്ക് നല്‍കുന്നു. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഹോണ്ട ബിആര്‍-വി ലഭിക്കുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 117 എച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 98 എച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുന്നത്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡ്. പെട്രോള്‍ വേരിയന്റുകളില്‍ മാത്രമാണ് സിവിടി ലഭിക്കുന്നത്.

പ്രോജക്റ്റര്‍ ഹെഡ് ലാംപുകള്‍, ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന റിയര്‍ വ്യൂ കണ്ണാടികള്‍, റൂഫ് റെയിലുകള്‍, കപ്പ് ഹോള്‍ഡറുകള്‍, റിയര്‍ എസി വെന്റുകള്‍ തുടങ്ങിയവയാണ് ഫീച്ചറുകള്‍. 12.32 ലക്ഷം രൂപയാണ് ഹോണ്ട ബിആര്‍-വി സിവിടിയുടെ (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto