കാവസാക്കി വല്‍ക്കന്‍ എസ് വരുന്നു

കാവസാക്കി വല്‍ക്കന്‍ എസ് വരുന്നു

6.5 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു

ന്യൂഡെല്‍ഹി : വല്‍ക്കന്‍ എന്ന മിഡില്‍വെയ്റ്റ് ക്രൂസര്‍ പുറത്തിറക്കി കാവസാക്കി എന്ന ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ 2018 ആരംഭിക്കും. കാവസാക്കി ഇന്ത്യ തങ്ങളുടെ വെബ്‌സൈറ്റില്‍ വല്‍ക്കന്‍ എസ് ക്രൂസറിന്റെ ടീസര്‍ അവതരിപ്പിച്ചു. ലോഞ്ച് ഉടനെയുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിന്‍ജ 650 ന്റെ അതേ അണ്ടര്‍പിന്നിംഗ്‌സാണ് കാവസാക്കി വല്‍ക്കന്‍ എസ് ഉപയോഗിക്കുന്നത്. ഈ സെഗ്‌മെന്റിലെ ട്രെന്‍ഡി മോട്ടോര്‍സൈക്കിളാണ് വല്‍ക്കന്‍ എസ്. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ്, ഹ്യോസംഗ് എസ്ടി7 എന്നിവയുമായി കാവസാക്കി വല്‍ക്കന്‍ എസ് കൊമ്പുകോര്‍ക്കും.

650 സിസി ക്രൂസര്‍ സെഗ്‌മെന്റില്‍ പരമിതമായ മോഡലുകളേ ഉള്ളൂ. ആ കുറവ് നികത്താനാണ് ഓള്‍ഡ് സ്‌കൂള്‍ സ്‌റ്റൈലിംഗ്, ആധുനികവും പരിഷ്‌കരിച്ചതുമായ എന്‍ജിന്‍ എന്നീ സവിശേഷതകളോടെ വല്‍ക്കന്‍ വരുന്നത്. നിന്‍ജ 650 ന്റെ അതേ ഷാസിയാണെങ്കിലും ചെറിയ ചില മാറ്റങ്ങള്‍ കാണാം. ക്രൂസര്‍ സ്‌റ്റൈലിംഗ്, മസ്‌കുലര്‍ ലൈനുകള്‍, റിലാക്‌സ്ഡ് റൈഡിംഗ് സ്‌റ്റൈല്‍, നീളമേറിയ റേക് ആന്‍ഡ് ട്രെയ്ല്‍, ഉയരം കുറഞ്ഞ സീറ്റ് എന്നിവ സവിശേഷതകളാണ്. മികച്ച കംഫര്‍ട്ട് ലഭിക്കുന്നതിന് ഫൂട്ട് പെഗുകളും സീറ്റ് ഉയരവും ക്രമീകരിക്കാന്‍ കഴിയുന്ന വല്‍ക്കന്‍ എസ് ആണ് അന്തര്‍ദേശീയ തലത്തില്‍ വില്‍ക്കുന്നത്. 228 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്.

റിലാക്‌സ്ഡ് റൈഡിംഗ് സ്‌റ്റൈല്‍, നീളമേറിയ റേക് ആന്‍ഡ് ട്രെയ്ല്‍, ഉയരം കുറഞ്ഞ സീറ്റ് എന്നിവ സവിശേഷതകളാണ്

649 സിസി പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കാവസാക്കി വല്‍ക്കന്‍ എസ് ക്രൂസറിന് കരുത്ത് പകരുന്നത്. 7,500 ആര്‍പിഎമ്മില്‍ 60.2 ബിഎച്ച്പി കരുത്തും 6,600 ആര്‍പിഎമ്മില്‍ 62.78 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറപ്പെടുവിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. അന്തര്‍ദേശീയ തലത്തില്‍ ഈ ക്രൂസറിന് ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഓപ്ഷണലാണ്. എന്നാല്‍ ഇന്ത്യയില്‍ സ്റ്റാന്‍ഡേഡായി എബിഎസ് നല്‍കാന്‍ കാവസാക്കി തീരുമാനിച്ചേക്കും. ഈയിടെ ഇന്ത്യയിലെ മിക്ക ലോഞ്ചുകളിലും എബിഎസ് സ്റ്റാന്‍ഡേഡായി കാവസാക്കി നല്‍കിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാവസാക്കി വല്‍ക്കന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലാണ് കാവസാക്കി വല്‍ക്കന്‍ നിര്‍മ്മിക്കുന്നത്. 6.5 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഹാര്‍ലി ഡേവിഡ്‌സന്റെ സ്ട്രീറ്റ് ബൈക്കുകള്‍ക്ക് ഈ ജാപ്പനീസ് ക്രൂസര്‍ വെല്ലുവിളി ഉയര്‍ത്തും. ഹാര്‍ലിയുടെ സ്ടീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നീ മോഡലുകളാണ് നിലവില്‍ ഈ സെഗ്‌മെന്റ് വാഴുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ഇരട്ടകളായ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നിവ അടുത്ത വര്‍ഷം പുറത്തിറങ്ങുമ്പോള്‍ മത്സരം കടുകട്ടിയാകും.

Comments

comments

Categories: Auto