ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇ-കൊമേഴ്‌സ് മേഖല സംബന്ധിച്ച നിര്‍വചനവും പരിരക്ഷയും നിയമ നിയന്ത്രങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ന്യൂഡെല്‍ഹി: 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് പുതിയ ഉപഭോക്തൃ സംരക്ഷണ ബില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനും ന്യായമല്ലാത്ത വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുത്തുകൊണ്ട് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ ബില്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
നിലവിലുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധി വര്‍ധിപ്പിക്കണമെന്നാണ് ബില്ല് ശുപാര്‍ശ ചെയ്തിട്ടുള്ളത്. മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതിനെതിരെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെയും കര്‍ശന നടപടികളാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഉപഭോക്താക്കളുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു.

ഉപഭോക്താക്കളുടെ പരാതികളില്‍ നടപടി സ്വീകരിക്കുന്നത് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയായിരിക്കും. ഒരു കൂട്ടം ഉപഭോക്താക്കള്‍ സമര്‍പ്പിച്ച സമാന സ്വഭാവമുള്ള കേസുകള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അവലോകനം ചെയ്യും. ഉല്‍പ്പന്നങ്ങളിലെ പിഴവ് കാരണം ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ ഇതിന്റെ ഉത്തരവാദിത്തം നിര്‍മാതാക്കള്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനുകള്‍ സ്ഥാപിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.

തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ കൂടുതല്‍ കര്‍ശനമായി പരിശോധിക്കപ്പെടുമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍ നേരത്തെ അറിയിച്ചിരുന്നു. ഇ-കൊമേഴ്‌സ് മേഖല സംബന്ധിച്ച നിര്‍വചനവും പരിരക്ഷയും നിയമ നിയന്ത്രങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2015ലാണ് ബില്ലിന് രൂപം കൊടുത്തത്.
രാജ്യത്താകെ നാല് ലക്ഷത്തോളം ഉപഭോക്തൃ പരാതികളാണ് വിവിധ ഫോറങ്ങളിലായി തീര്‍പ്പ് കാത്തു കിടക്കുന്നത്. ദേശീയ കമ്മീഷനില്‍ 11,000ത്തിലധികം പരാതികളാണ് തീര്‍പ്പാകാനുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ ആകെ ലഭിച്ച പരാതികളില്‍ 92 ശതമാനവും തീര്‍പ്പാക്കി.

Comments

comments

Categories: Top Stories