പ്രധാനമന്ത്രി പങ്കെടുക്കേണ്ട സയന്‍സ് കോണ്‍ഗ്രസ് മാറ്റിവെച്ചു

പ്രധാനമന്ത്രി പങ്കെടുക്കേണ്ട സയന്‍സ് കോണ്‍ഗ്രസ് മാറ്റിവെച്ചു

സമ്മേളനത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല

ന്യൂഡെല്‍ഹി: തെലങ്കാനയിലെ ഉസ്മാനിയ സര്‍വകലാശാലയില്‍ നടക്കേണ്ടിയിരുന്ന 105-ാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. വിവിധ ദളിത്, പിന്നാക്ക വിഷയങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കു നേരേയും സര്‍ക്കാര്‍ റിക്രൂട്ട്മെന്റിലെ പരാതികള്‍ ഉന്നയിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനു നേരേയും പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ സയന്‍സ് കോണ്‍ഗ്രസിന് വേദിയൊരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരുന്നു. ഡിസംബറില്‍ പിജി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതും വിദ്യാര്‍ത്ഥികളുടെ രൂക്ഷ പ്രതികരണത്തിലേക്ക് സാഹചര്യം എത്തിച്ചിട്ടുണ്ട്.

സര്‍വകലാശാലയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ ഡോ. അച്യൂത് സാമന്ത സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധത്തിനുള്ള സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ജനുവരി മൂന്നു മുതല്‍ ഏഴു വരെ നടക്കേണ്ടിയിരുന്ന ശാസ്ത്ര കോണ്‍ഗ്രസ് നീട്ടിവെച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയില്‍ ശാസ്ത്ര മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ സമ്മേളനമാണ് എല്ലാ വര്‍ഷവും നടക്കുന്ന ദേശീയ സയന്‍സ് കോണ്‍ഗ്രസ്. പൗരാണിക മിത്തുകളെ ശാസ്ത്രവുമായി ചേര്‍ത്ത് അവതരിപ്പിച്ച് പ്രധാനമന്ത്രിയടക്കമുള്ളവര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ശാസ്ത്ര കോണ്‍ഗ്രസ് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories