സാംസംഗ് ഇന്ത്യയുടെ മൊബീല്‍ ബിസിനസ് വരുമാനം 27% വര്‍ധിച്ചു

സാംസംഗ് ഇന്ത്യയുടെ മൊബീല്‍ ബിസിനസ് വരുമാനം 27% വര്‍ധിച്ചു

നോട്ട് 7 വിപണിയില്‍ എത്തിയിരുന്നെങ്കില്‍ വരുമാനത്തില്‍ കുറച്ചുകൂടി വര്‍ധന നീരീക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം സാംസംഗ് ഇന്ത്യയുടെ മൊബീല്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 27 ശതമാനം വര്‍ധിച്ച് 34,000 കോടി രൂപയിലധികമായതായി റിപ്പോര്‍ട്ട്. അടുത്തിടെ കമ്പനിയുടെ വരുമാനത്തില്‍ അനുഭവപ്പെട്ട ഏറ്റവും വേഗത്തിലുള്ള വര്‍ധനയാണിത്. പ്രാദേശിക നിര്‍മാണവും റീട്ടെയ്ല്‍ ചാനലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വിപുലീകരണ പ്രവര്‍ത്തനങ്ങളുമാണ് മൊബീല്‍ ബിസിനസില്‍ വരുമാന വര്‍ധനവിന് കാരണമായിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷവും ഇതേ തലത്തിലുള്ള വളര്‍ച്ചയാണ് സാംസംഗ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

സാംസംഗ് ഇന്ത്യയുടെ മൊത്തം ബിസിനസില്‍ 60 ശതമാനത്തോളം പങ്കുവഹിക്കുന്നത് മൊബീല്‍ ഫോണുകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം വരുമാനം 20 ശതമാനം വര്‍ധിച്ച് 57,000 കോടി രൂപയായി ഉയര്‍ന്നു. 2015-16 സാമ്പത്തിക വര്‍ഷം ഇത് 47,000 കോടി രൂപയായിരുന്നു. ആഗോള വിപണികളില്‍ നിന്നും സാംസംഗ് പിന്‍വലിച്ച നോട്ട് 7 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നില്ല. ബാറ്ററി പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് നോട്ട് 7 മോഡലുകള്‍ കമ്പനി തിരിച്ചുവിളിച്ചത്.

നോട്ട് 7 വിപണിയില്‍ എത്തിച്ചിരുന്നെങ്കില്‍ വരുമാനത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട വര്‍ധന നീരീക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് സാംസംഗ് ഇന്ത്യ മൊബീല്‍ ബിസിനസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അസിം വര്‍സി പറഞ്ഞു. നോട്ട് 8 മോഡലിന് വിപണിയില്‍ മികച്ച പ്രതികരണം നേടാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ചാ വേഗം മുന്‍ വര്‍ഷത്തേതിന് സമാനമായിരിക്കുമെന്ന് വാര്‍സി പറഞ്ഞു. ഗാലക്‌സി എസ്8, നോട്ട് 8 മോഡലുകളും ജെ സീരിസ് മിഡ് റേഞ്ച് ഫോണുകളും ഇതിന് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആപ്പിള്‍, ഷഓമി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ സാംസംഗ് തന്നെയാണ് മുന്നില്‍. മുന്‍ സാമ്പത്തിക വര്‍ഷം ആപ്പിള്‍ ഇന്ത്യയുടെ വരുമാനം 17 ശതമാനം വര്‍ധിച്ച് 11,618 കോടി രൂപയിലെത്തി. അഞ്ച് വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തിലുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. സമാനകാലയളവില്‍ ഷഓമിയുടെ വരുമാനം എട്ട് മടങ്ങ് വര്‍ധിച്ച് 8,379.3 കോടി രൂപയിലെത്തിയതായാണ് റിപ്പോര്‍ട്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സാംസംഗ് മുന്നിലാണെങ്കിലും ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള കടുത്ത മത്സരത്തെ തുടര്‍ന്ന് കമ്പനിക്ക് വിപണി വിഹിതം നഷ്ടപ്പെടുന്നതായാണ് നിരീക്ഷണം.

Comments

comments

Categories: Business & Economy