ആര്‍കോം ആസ്തികള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് ജിയോ

ആര്‍കോം ആസ്തികള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് ജിയോ

ഗ്ലോബല്‍ ക്ലൗഡ് എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് ഒരു കൂട്ടം സ്വകാര്യ ഇക്വറ്റി സംരംഭകരുമായും ആര്‍കോം പ്രത്യേകം ചര്‍ച്ചകള്‍ നടത്തുന്നു

മുംബൈ: കടബാധ്യതയും നഷ്ടവും കാരണം പ്രതിസന്ധി നേരിടുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ആസ്തികള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് ജിയോ ഇന്‍ഫൊകോം. നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സ്‌പെക്ട്രം, ടവര്‍, ഫൈബര്‍ ആസ്തികള്‍ വില്‍പ്പന നടത്താനാണ് ആര്‍കോമിന്റെ നീക്കം. അനുബന്ധ ആസ്തികള്‍ വിറ്റഴിച്ചുകൊണ്ട് ഫണ്ട് സമാഹരിക്കാനുള്ള പദ്ധതികള്‍ പൂര്‍ണ ഫലം കണ്ടാല്‍ 35,000 കോടി രൂപയോളം സമാഹരിക്കാനാകുമെന്നാണ് സൂചന.

ആര്‍കോം വില്‍ക്കാനുദ്ദേശിക്കുന്ന ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ റിലയന്‍സ് ജിയോയാണ് മുന്‍നിരയിലുള്ളത്. ജിയോയെ കൂടാതെ നിരവധി സ്വകാര്യ ഇക്വിറ്റി സംരംഭകരും സ്ട്രാറ്റജിക് നിക്ഷേപകരും ആര്‍കോം ആസ്തികള്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ആര്‍കോമിന്റെ സ്‌പെക്ട്രം ആസ്തികള്‍ ഏറ്റെടുക്കുന്നതിനായുള്ള ചര്‍ച്ചള്‍ മുകേഷ് അംബാനി നയിക്കുന്ന ജിയോയുമായി ആരംഭിച്ചിട്ടുണ്ട്. 19,000 കോടി രൂപയാണ് ലൈസന്‍സ് പുതുക്കുന്ന ഘട്ടത്തില്‍ ഈ സ്‌പെക്ട്രം ആസ്തികളുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. ആര്‍കോമിന്റെ ടെലികോം ടവര്‍ പോര്‍ട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതിന് ജിയോയുമായുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്നതായാണ് വിവരം. 8,000-9,000 കോടി രൂപ വരെ മൂല്യം വരുന്ന ഏകദേശം 43,600 ടവറുകളാണ് ആര്‍കോമിനുള്ളത്. 4,000 കോടി രൂപ മൂല്യം വരുന്ന ഫൈബര്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതിനും ജിയോയുമായു ചര്‍ച്ച നടത്തുന്നുണ്ട്.

അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ ക്ലൗഡ് എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് ഒരു കൂട്ടം സ്വകാര്യ ഇക്വറ്റി സംരംഭകരുമായും ആര്‍കോം പ്രത്യേകം ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. ഇതിനു വേണ്ട നിക്ഷേപകരെ കണ്ടെത്തുന്നതിന് ക്രെഡിറ്റ് സ്യൂസിനെയും കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്ലോബല്‍ ക്ലൗഡ് എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില്‍പ്പനയിലൂടെ 7,000 കോടി രൂപ സമാഹരിക്കാന്‍ ആര്‍കോമിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവി മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ധീരുഭായ് അംബാനി നോളജ് സിറ്റി കാംപസി(ഡിഎകെസി)ന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിന് വിദേശ ധനകാര്യ സ്ഥാപനങ്ങളുമായും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

133 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഡിഎകെസി കാംപസിന്റെ വികസനത്തിന് ചൈന ഡെവലപ്‌മെന്റ് ബാങ്ക് ഉള്‍പ്പടെയുള്ള ചൈനീസ് ബാങ്കുകളുമായി ആര്‍കോം ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് സൂചന. ഇതിനിടെ കമ്പനിക്കെതിരായ പാപ്പരത്ത ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് ജനുവരിയിലേക്ക് മാറ്റികൊണ്ടുള്ള നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണിലിന്റെ വിധി ഓഹരി വിപണിയില്‍ ആര്‍കോമിന് ആശ്വാസമായി. ബുധനാഴ്ച നടന്ന വ്യാപാരത്തില്‍ ആര്‍കോം ഓഹരി മൂല്യം 44 ശതമാനം വര്‍ധിച്ചു. ആര്‍കോമിന്റെ വായ്പ ഓഹരികളാക്കി മാറ്റുന്നതിന് വായ്പാദാതാക്കളുടെ സംയുക്ത സമിതി സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍കോം കേസുകള്‍ അടുത്ത മാസത്തേക്ക് മാറ്റിവെക്കാന്‍ എന്‍സിഎല്‍ടി തീരുമാനിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy