ഇത് കായിക നയതന്ത്രത്തിനുള്ള സമയം

ഇത് കായിക നയതന്ത്രത്തിനുള്ള സമയം

ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ ജനങ്ങളുമായി ആശയവിനിമയം നടത്താനും അനുകൂലമായ അഭിപ്രായം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യംവച്ചുകൊണ്ടുള്ള പൊതു നയതന്ത്രത്തിന്റെ ഭാഗമായാണ് കായിക നയതന്ത്രത്തെ പരിഗണിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളും കായിക രംഗവുമായി ബന്ധപ്പെട്ട ധാരണാപത്രം അംഗീകരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മില്‍ കായിക നയതന്ത്ര സാധ്യതകള്‍ തേടുന്നതിനുള്ള വഴി തുറക്കുകയാണ്. ഇന്ത്യക്കാര്‍ക്കും ഓസ്‌ട്രേലിയക്കാര്‍ക്കും സംസ്‌കാരത്തെ കുറിച്ചുള്ള ധാരണയും വൈകാരികമായ അടുപ്പവും ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് സ്‌പോര്‍ട്‌സ്. ക്രിക്കറ്റിനോടാണ് രണ്ടു രാജ്യക്കാരും പൊതുവായി താല്‍പര്യം കാണിക്കുന്നത്. ഇരു കക്ഷികളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കായിക നയതന്ത്രത്തിനു സാധിക്കും.

ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ ജനങ്ങളുമായി ആശയവിനിമയം നടത്താനും അനുകൂലമായ അഭിപ്രായം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യംവച്ചുകൊണ്ടുള്ള പൊതു നയതന്ത്രത്തിന്റെ ഭാഗമായാണ് കായിക നയതന്ത്രത്തെ പരിഗണിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍, രാഷ്ട്രീയമായി അകന്നു നില്‍ക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ പോലും നയതന്ത്രപരമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് നല്‍കിയ സംഭാവനകളുടെ പേരില്‍ കായിക നയതന്ത്രം പ്രശസ്തമായിരുന്നു. അമേരിക്ക-ചൈന (പിംഗ്-പോംഗ് ഡിപ്ലോമസി, 1971), (കാനഡ- യുഎസ്എസ്ആര്‍ ഐസ് ഹോക്കി ഡിപ്ലോമസി, 1972), ക്യൂബ- അമേരിക്ക (ബേസ്‌ബോള്‍ ഡിപ്ലോമസി- ക്ലിന്റണ്‍, ഒബാമ ഭരണകൂടങ്ങള്‍ ഒരുപോലെ പ്രയോജനപ്പെടുത്തി) എന്നിവ ഇത്തരത്തിലുള്ള ഉദാഹരണങ്ങളാണ്. എന്നാല്‍ സ്‌പോര്‍ട്‌സ് സ്ഥിരമായി ഒരു നയതന്ത്ര ഉപകരണമായി ഉപയോഗിക്കാന്‍ സാധിക്കും. ഇരു സംസ്‌കാരങ്ങളെ കുറിച്ചും ജനങ്ങള്‍ക്കുള്ള മികച്ച അറിവ് ഫലപ്രദമായ നയതന്ത്രത്തിന് പര്യാപ്തമായ പരിതസ്ഥിതി സൃഷ്ടിക്കുന്നു. പ്രാദേശിക സാഹചര്യങ്ങളും സാംസ്‌കാരിക പശ്ചാത്തലവും പ്രതിഫലിപ്പിക്കുന്ന വ്യാപാര- നിക്ഷേപ തന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ ഇത് ബിസിനസ് മേധാവികളെ സഹായിക്കും.

സ്‌പോര്‍ട്‌സ് സ്ഥിരമായി ഒരു നയതന്ത്ര ഉപകരണമായി ഉപയോഗിക്കാന്‍ സാധിക്കും. ഇരു സംസ്‌കാരങ്ങളെ കുറിച്ചും ജനങ്ങള്‍ക്കുള്ള മികച്ച അറിവ് ഫലപ്രദമായ നയതന്ത്രത്തിന് പര്യാപ്തമായ പരിതസ്ഥിതി സൃഷ്ടിക്കുന്നു

2012ല്‍ ഇന്ത്യയിലേക്ക് നോര്‍വുഡ് വോളിബോള്‍ ക്ലബ്ബിന്റെ ഒരു ടൂര്‍ ഞാന്‍ സംഘിടിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ ഡെവലപ്പ്‌മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് ട്രേഡിന്റെ ഒരു വിഭാഗമായ ഓസ്‌ട്രേലിയ- ഇന്ത്യ കൗണ്‍സിലില്‍ നിന്നും ഉദാരമായ ധനസഹായമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. 10 ദിവസത്തെ ടൂറിനുള്ളില്‍ വോളിബോള്‍ ക്ലബ്ബിലെ കളിക്കാര്‍ അഞ്ച് മല്‍സരങ്ങളില്‍ പങ്കെടുത്തു. ഹിന്ദുസ്ഥാന്‍ സര്‍വകലാശാലയാണ് ഇവര്‍ക്ക് ആതിഥേയത്വമരുളിയത്. രാജ്യത്തെ അനാഥാലയങ്ങള്‍ സന്ദര്‍ശിക്കുകയും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ബിസിനസ് മേധാവികളോടും ബിസിനസ് വിദ്യാര്‍ത്ഥികളോടും ആശയ വിനമയം നടത്തുകയും ചെയ്യാനുള്ള അവസരം ടീമംഗങ്ങള്‍ക്കു നല്‍കി. ഇന്ത്യയെ കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടോടു കൂടിയാണ് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയത്.

ഇരു സര്‍ക്കാരുകളാലും പ്രോല്‍സാഹിപ്പിക്കപ്പെട്ട അടിസ്ഥാനപരമായ കൈമാറ്റങ്ങളില്‍ ഇതുവഴി നേട്ടമുണ്ടാകും. ഏപ്രിലില്‍ ഒപ്പു വച്ച ഉഭയകക്ഷി കായിക പങ്കാളിത്തംവഴി ഇരു കക്ഷികള്‍ക്കും ഗുണം ചെയ്യുന്ന കൈമാറ്റങ്ങളിലൂടെ പരസ്പര ധാരണ വികസിപ്പിക്കാനും സാധിക്കും. കായിക ശേഷി വികസിപ്പിക്കാന്‍ ഓസ്‌ട്രേലിയ ഇന്ത്യയെ സഹായിക്കും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളില്‍ പഠിക്കുകയുമാകാം.

കൂടുതല്‍ ജനകീയമായ, ജനങ്ങളുമായി അടുത്തു നില്‍ക്കുന്ന സ്‌പോര്‍ട്‌സിന് നയതന്ത്ര രംഗത്ത് നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കും. ക്രിക്കറ്റ് ഇതില്‍ ഒരു സുപ്രധാന ഘടകമാണ്. എന്നാല്‍ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന വിധത്തിലുള്ളതാണ് ക്രിക്കറ്റിന്റെ സ്വഭാവം. നമ്മുടെ ദേശീയ ടീമുകളെ ഉള്‍പ്പെടുത്താതെ ക്രിക്കറ്റ് സ്‌കൂളുകള്‍, യൂത്ത് എക്‌സ്‌ചേഞ്ചുകള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ക്രിക്കറ്റിനെ ഫലപ്രദമായി ഉപയോഗിക്കാനുള്ള അവസരങ്ങള്‍ നിരവധിയുണ്ട്.

1987ല്‍ ഡെന്നീസ് ലില്ലി ഇന്ത്യയില്‍ എം ആര്‍ എഫ് പേസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. സ്റ്റീവ് വോയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. ചിന്തിച്ചാല്‍ ഇത്തരത്തിലുള്ള മറ്റു സാധ്യതകളും വ്യക്തമാകും. ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് ഓവല്‍ സ്‌റ്റേഡിയത്തിലെ നിഷ്പക്ഷ വേദിയില്‍ വച്ചുള്ള ഇന്ത്യ- പാക്കിസ്ഥാന്‍ മല്‍സരം ക്രിക്കറ്റിലൂടെ സൗഹാര്‍ദവും സൗമനസ്യവും സുഗമമാക്കുന്നതിന് സഹായിക്കുമോ? ഇത്തരമൊരു ഉദ്യമത്തെ തീര്‍ച്ചയായും തെക്കേ ഓസ്‌ട്രേലിയന്‍ പ്രവിശ്യാ ഭരണകൂടം പന്തുണയ്ക്കും.

ഇന്ത്യക്കാരുടെയും ഓസ്‌ട്രേലിയക്കാരുടെയും വികാരമായിത്തന്നെ വിശേഷിപ്പിക്കാവുന്ന ക്രിക്കറ്റിനെ ഉപയോഗപ്പെടുത്തുന്നത് ക്യൂബയും അമേരിക്കയും ബേസ് ബോള്‍ പ്രയോജനപ്പെടുത്തിയതുമായും കാനഡയും യുഎസ്എസ്ആറും ഐസ് ഹോക്കി ഉപയോഗിച്ചതുമായും പൊരുത്തപ്പെടുന്നു. നയതന്ത്ര വിജയത്തിലേക്ക് നയിച്ച കായിക ഇനം ഇരു രാജ്യങ്ങളും പങ്കുവയ്ക്കുന്ന സമാനവികാരമല്ലാതിരുന്ന നിരവധി ഉദാഹരണങ്ങളുമുണ്ട്. പിംഗ് പോംഗ് ഡിപ്ലോമസി ഇതിന് ഉദാഹരണമാണ്. അടുത്തിടെ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ സംഘടിപ്പിച്ച ഒരു മത്സരം ഓസ്‌ട്രേലിയയ്ക്കും ചൈനയ്ക്കും ഇടയിലെ കായിക നയതന്ത്രത്തിന്റെ ഒരു ഉദാഹരണമായി.

ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗ് സമാനമായ ഒരു സംരംഭം ഇന്ത്യയില്‍ കൂടി പരിഗണിക്കണം. പ്രാദേശിക ടൂറിസം അധികൃതര്‍ക്കും ഇതില്‍ താല്‍പര്യമുണ്ടാകും. കളിക്കാരുടെയും ടീമിന്റെയും ആരാധകര്‍ക്കു പുറമേ ബിസിനസ് മേധാവികളും ഈ ഇവന്റില്‍ പങ്കെടുക്കുകയും തങ്ങളുടെ പ്രാദേശിക ഘടകങ്ങളെ ഇതിലേക്ക് ക്ഷണിക്കുകയും ചെയ്യും. പ്രധാനമായും ഇന്ത്യക്കാര്‍ക്കും ഓസ്‌ട്രേലിയക്കാര്‍ക്കുമിടയിലെ സൗഹൃദവും ധാരണയും ഇത് ശക്തിപ്പെടുത്തും. ഇരു കക്ഷികള്‍ക്കും ഗുണം ചെയ്യുന്ന ആശയമാണിത്.

(മുന്‍ മാധ്യമ പ്രവര്‍ത്തകനും കായിക സംരംഭകനുമാണ്
ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider