2ജി കേസ് പ്രതികള്‍ കുറ്റവിമുക്തര്‍

2ജി കേസ് പ്രതികള്‍ കുറ്റവിമുക്തര്‍

2007-08ല്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നതായാണ് കേസ്. രാഷ്ട്രീയ നേതാക്കളും കോര്‍പ്പറേറ്റ് നേതാക്കളും ഒരു പോലെ ആടിയുലഞ്ഞ കേസായിരുന്നു 2ജി

ന്യൂഡെല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് സിബിഐ പ്രത്യേക കോടതിയുടെ വിധി. ഡിഎംകെ നേതാക്കളായ രാജയും കനിമൊഴിയും അടക്കം 25 പ്രതികളുള്‍പ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഒ പി സെയ്‌നി ഒറ്റ വരിയിലാണ് രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ക്കിടയാക്കിയ കേസിലെ വിധി പ്രസ്താവിച്ചത്. രാജയും കനിമൊഴിയും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പോലുള്ള ടെലികോം കമ്പനികളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച രണ്ടുകേസുകളുടെയും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് പുറത്തുവന്നിരിക്കുന്നത്. 2007-08ല്‍ ഡി രാജ വാര്‍ത്താ വിതരണ മന്ത്രിയായിരുന്ന കാലത്ത് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ ക്രമക്കേട് നടന്നെന്ന് 2010ല്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായതോടെയാണ് കേസിന്റെ തുടക്കം. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്‌പെക്ട്രം അനുവദിച്ചതിലൂടെ 30,984 കോടിയുടെ നഷ്ടം പൊതു ഖജനാവിനുണ്ടായെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.

2ജി കേസില്‍ പ്രതികള്‍ കുറ്റവിമുക്തരാണെന്ന് വിധി വന്നതോടെ വിവാദവുമായി ബന്ധമുള്ള കമ്പനികളുടെ ഓഹരിവിലയില്‍ ഇന്നലെ വര്‍ധനയുണ്ടായി. വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ യുണിടെക്കിന്റെ ഓഹരി വിലയില്‍ 14 ശതമാനം വര്‍ധനയുണ്ടായി. യുണിടെക് എംഡി സഞ്ജയ് ചന്ദ്ര ടുജി അഴിമതിക്കേസില്‍ ആരോപണ വിധേയനായിരുന്നു. ഡിബി റിയാലിറ്റിയുടെ ഓഹരി വിലയിലും വര്‍ധന രേഖപ്പെടുത്തി. സണ്‍ ടിവിയുടെ ഓഹരിവിലയിലും നേരിയ വര്‍ധന പ്രകടമായിരുന്നു.

എസ്സാര്‍ ഗ്രൂപ്പിന്റെ രവി റുയ, കലൈഗ്നര്‍ ടിവി മാനേജിംഗ് ഡയറക്റ്റര്‍ ശരദ് കുമാര്‍, ഡിബി റിയല്‍റ്റി പ്രൊമോട്ടര്‍മാരായ ഷഹിദ് ബല്‍വ, വിനോദ് ഗോയങ്ക, യുണിടെക് ഗ്രൂപ്പ് എംഡി സഞ്ജയ് ചന്ദ്ര തുടങ്ങി ബിസിനസ് മേഖലയില്‍ നിന്നുള്ള നിരവധി പേരെയും കുറ്റവിമുക്തരാക്കി

2011ല്‍ രാജ അറസ്റ്റ് ചെയ്യപ്പെടുകയും 2012ല്‍ അഴിമതി നടന്നെന്ന് കണ്ടെത്തിയ ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. 2011 നവംബര്‍ 11ന് !!ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് പൂര്‍ത്തിയായത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ കൂടി അറിവോടു കൂടിയാണ് സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതെന്നായിരുന്നു രാജയുടെ വാദം.

പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ അന്നത്തെ സിഎജി വിനോദ് റായ് മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. ടുജി കേസില്‍ വന്ന വിധി സ്വയം സംസാരിക്കുന്നുവെന്നാണ് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചത്. യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അടിത്തറയില്ലെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories