ഓട്ടോമാറ്റിക് റൂട്ട് വഴി ടെലികോം സേവനങ്ങളില്‍ 100% എഫ്ഡിഐ അനുവദിച്ചേക്കും

ഓട്ടോമാറ്റിക് റൂട്ട് വഴി ടെലികോം സേവനങ്ങളില്‍ 100% എഫ്ഡിഐ അനുവദിച്ചേക്കും

ഇന്ന് നടക്കാനിരിക്കുന്ന ടെലികോം കമ്മീഷന്‍ യോഗം ഇത് പരിഗണിക്കും

ന്യൂഡെല്‍ഹി:ടെലികോം സേവനങ്ങള്‍ക്ക് ഓട്ടോമാറ്റിക് റൂട്ട് വഴി 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാതെ തന്നെ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ടെലികോം കമ്പനികള്‍ക്ക് ഇതിലൂടെ സാധിക്കും. ഇന്ന് നടക്കാനിരിക്കുന്ന ടെലികോം കമ്മീഷന്‍ യോഗത്തില്‍ ഈ നിര്‍ദേശം പരിഗണിക്കാന്‍ സാധ്യതയുണ്ട്. 

നിലവില്‍ ടെലികോം സേവനങ്ങളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. എന്നാലിതില്‍ 49 ശതമാനം വരെ മാത്രമാണ് ഓട്ടോമാറ്റിക് റൂട്ട് വഴി വിദേശ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാനാകുന്നത്. ഇതില്‍ കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യന്‍ ടെലികോം കമ്പനിയില്‍ നടത്തണമെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിലവിലുള്ള നിക്ഷേപത്തിന് ഇത്തരം മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സെപ്റ്റംബറില്‍ നടന്ന യോഗത്തില്‍ സ്‌പെക്ട്രം പേമെന്റ് കാലാവധി നിലവിലുള്ള പത്ത് വര്‍ഷത്തില്‍ നിന്നും 16 വര്‍ഷമായി നീട്ടുന്നതിന് ടെലികോം കമ്മീഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ടെലികോം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി രൂപീകരിച്ച മന്ത്രിതല സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു ഇത്. കടബാധ്യതയും നഷ്ടവും മൂലം പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസം പകരുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ് മന്ത്രിതല സമതി ഇപ്പോള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. ഇക്കാര്യവും ടെലികോം കമ്മീഷന്‍ പരിഗണിച്ചേക്കും. 4.5 ലക്ഷം കോടി രൂപയാണ് ടെലികോം മേഖലയുടെ മൊത്തം കടബാധ്യത.

ടെലികോം സേവനദാതാക്കള്‍ക്കുമേല്‍ ചുമത്തുന്ന പിഴയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് കുറയ്ക്കണമെന്ന മന്ത്രിതല സമിതിയുടെ നിര്‍ദേശവും ചെറിയ മാറ്റങ്ങളോടുകൂടി സെപ്റ്റംബറില്‍ നടന്ന യോഗത്തില്‍ കമ്മീഷന്‍ അംഗീകരിച്ചിരുന്നു. ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുള്ള ചില കാര്യങ്ങളില്‍ കമ്മീഷന്‍ നിയമാഭിപ്രായം തേടിയിട്ടുണ്ടെന്നാണ് വിവരം. സ്‌പെക്ട്രം തുകയില്‍ ഇളവ് അനുവദിക്കാനുള്ള മന്ത്രിതല സമിതിയുടെ നിര്‍ദേശത്തില്‍ ടെലികോം നിയന്ത്രണ അതോറിറ്റിയോടും (ട്രായ്) കമ്മീഷന്‍ അഭിപ്രായം തേടിയിട്ടുണ്ട്.

അതേസമയം, ഒരു പ്രത്യേക ബാന്‍ഡില്‍ മൊബീല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അനുവദിക്കുന്ന സ്‌പെക്ട്രത്തിന്റെ പരിധി നീക്കം ചെയ്യണമെന്ന് കഴിഞ്ഞ മാസം ട്രായ് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശങ്ങള്‍ ടെലികോം വകുപ്പ് അംഗീകരിക്കുകയാണെങ്കില്‍ ലയനത്തിനൊരുങ്ങുന്ന ഐഡിയയ്ക്കും വോഡഫോണിനും ഇത് വലിയ ആശ്വാസമായിരിക്കും.

Comments

comments

Categories: More