ബാങ്ക് പേമെന്റ് സെര്‍വറില്‍ വൈറസ് ആക്രമണം; മുന്നറിയിപ്പ് നല്‍കി സിസ

ബാങ്ക് പേമെന്റ് സെര്‍വറില്‍ വൈറസ് ആക്രമണം; മുന്നറിയിപ്പ് നല്‍കി സിസ

പേമെന്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള വൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ആക്രമണ ശ്രമം കണ്ടെത്തി

മുംബൈ: രാജ്യത്തെ ബാങ്ക് പേമെന്റ് സെര്‍വറുകള്‍ വൈറസ് ആക്രമണ ഭീഷണി നേരിടുന്നതായി പേമെന്റ് സെക്യൂരിറ്റി സംരംഭമായ സിസയുടെ മുന്നറിയിപ്പ്. ഒരു ബാങ്കിന്റെ പേമെന്റ് സെര്‍വറില്‍ വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിസയുടെ മുന്നറിയിപ്പ്. സെക്യൂരിറ്റി സംരംഭം എന്നതിനപ്പുറം പേമെന്റ് ഫോറന്‍സിക് ഇന്‍വെസ്റ്റിഗേറ്റര്‍ കൂടിയാണ് സിസ. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഡെബിറ്റ് കാര്‍ഡ് സൈബര്‍ ആക്രമണം അന്വേഷിച്ചത് സിസയാണ്.

ഇപേമെന്റ് സെര്‍വറുകള്‍ ഉപയോഗിക്കുന്ന ജീവനക്കാരുടെ പാസ്‌വേഡ് മാറ്റി ക്രമീകരിക്കാനും സെര്‍വര്‍ ആക്‌സസ് ചെയ്യുന്നതിന് 2 സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉപയോഗിക്കാനും സിസ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പേമെന്റ് നെറ്റ്‌വര്‍ക്കുകളുമായി ആശയവിനിമയം സാധ്യമാക്കുന്ന പേമെന്റ് സ്വിച്ച് ആപ്ലിക്കേഷന്‍ സെര്‍വറിലാണ് വൈറസ് സോഫ്റ്റ്‌വെയര്‍ കോഡ് സന്നിവേശിപ്പിച്ചിട്ടുള്ളതെന്ന് സിസ വക്താവ് അറിയിച്ചു. കാര്‍ഡ് നമ്പര്‍, കാലാവധി, സിവിവി തുടങ്ങി ഉപഭോക്താക്കളുടെ പേമെന്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള വൈറസ് സോഫ്റ്റ്‌വെയറാണിതെന്നും സിസ പറയുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്യുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും ഹാക്കര്‍മാര്‍ക്ക് സാധിക്കും.

കാര്‍ഡ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തി പേമെന്റ് നെറ്റ്‌വര്‍ക്കിലേക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കാനും ഇതുവഴി ഇടപാടുകള്‍ നടത്താനും ഹാക്കര്‍മാര്‍ക്ക് കഴിയും. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ എക്കൗണ്ടുകള്‍ അപഹരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇന്ത്യയില്‍ ബാങ്ക് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നത് സംബന്ധിച്ച് ഉപഭോക്താക്കളോട് വെളിപ്പെടുത്താന്‍ ബാങ്കുകള്‍ തയാറാല്ല. ഇതു സംബന്ധിച്ച് മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാനും ബാങ്കുകള്‍ തയാറാകുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് ഇത്തരം ഭീഷണികള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആഗോള പേമെന്റ് കാര്‍ഡ് ഇന്‍ഡസ്ട്രിയുടെ ഡാറ്റ സെക്യൂരിറ്റി സ്റ്റാന്‍ഡേഡ്‌സ് സ്വീകരിക്കണമെന്നും ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories