വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമയാന വികസനത്തിന് 8000 കോടി നിക്ഷേപിക്കും

വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമയാന വികസനത്തിന് 8000 കോടി നിക്ഷേപിക്കും

വ്യോമയാന ഭൂപടത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന മേഖലയ്ക്കുവേണ്ടി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഇതിനകം 2500 കോടി രൂപയുടെ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 8000 കോടി രൂപ നിക്ഷേപിക്കും. പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനും നിലവിലെ എയര്‍പോര്‍ട്ടുകളും വ്യോമസേന ഉപയോഗിക്കുന്ന എയര്‍സ്ട്രിപ്പുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ നവീകരിക്കാനുമായിരിക്കും തുക വിനിയോഗിക്കുക. വ്യോമയാന ഭൂപടത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന മേഖലയ്ക്കുവേണ്ടി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഇതിനകം 2500 കോടി രൂപയുടെ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ വിമാനത്താവളങ്ങളുടെ നവീകരണം പുരോഗമിക്കുകയാണ്. 2019-2020 നുള്ളില്‍ ഇത് പൂര്‍ത്തിയാകും. ഈ മേഖലയിലെ രണ്ടാം ഘട്ട വികസന പദ്ധതികള്‍ പരിഗണനയിലുണ്ട് – എഎഐ ചെയര്‍മാന്‍ ഗുരുപ്രസാദ് മൊഹപത്ര പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് ഇപ്പോഴത്തെ വികസന പ്രകൃയകള്‍. വലിയ തോതില്‍ ടൂറിസം സാധ്യതകളുള്ള വടക്കുകിഴക്കന്‍ മേഖല തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള കവാടമായാണ്് കണക്കാക്കപ്പെടുന്നത്. വികസന പദ്ധതികളുടെ ആദ്യഘട്ടത്തില്‍ അരുണാചല്‍ പ്രദേശിലെ ഹൊളാംഗിയില്‍ പുതിയ വിമാനത്താവളം സജ്ജമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തേജു, ഷില്ലോംഗ്, അഗര്‍ത്തല എന്നിവയാണ് നവീകരിക്കാനുള്ള വിമാനത്താവളങ്ങള്‍. ഇതു കൂടാതെ വ്യോമസേന ഉപയോഗിക്കുന്ന വിപുലമായ ലാന്‍ഡിംഗ് ഗ്രൗണ്ടുകള്‍ നവീകരികരിച്ച് അതിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. പ്രാദേശിക വ്യോമയാന പദ്ധതിയായ ഉഡേ ദേശ് കാ ആം നാഗ്രിക് (ഉഡാന്‍) വഴി മേഖലയിലെ യാത്രാബന്ധം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എഎഐക്ക് കീഴില്‍ മറ്റ് പ്രദേശങ്ങളിലുള്ള വിമാനത്താവള നവീകരണത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കാറില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പദ്ധതികള്‍ക്കായി വലിയൊരു ബജറ്റ് വിഹിതമാണ് മാറ്റിവച്ചിരിക്കുന്നത്. ഉഡാന്റെ ഒന്നാം ഘട്ടത്തില്‍ ഷില്ലോംഗ്, ദിമാപൂര്‍, ഇംഫാല്‍, സില്‍ചാര്‍, ഐസ്വാള്‍, അഗര്‍ത്തല എന്നീ ആറ് വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്നു.

Comments

comments

Categories: More