ആര്‍ബിഐക്ക് ഡെപ്യൂട്ടി ഗവര്‍ണറെ നിയമിക്കാന്‍ സര്‍ക്കാര്‍

ആര്‍ബിഐക്ക് ഡെപ്യൂട്ടി ഗവര്‍ണറെ  നിയമിക്കാന്‍ സര്‍ക്കാര്‍

എസ് എസ് മുന്ദ്ര ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലാണ് നിയമനം നടത്തുന്നത്

ന്യൂഡെല്‍ഹി: ആര്‍ബിഐക്ക് ഡെപ്യൂട്ടി ഗവര്‍ണറെ നിയമിക്കാന്‍ പുതിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. എസ് എസ് മുന്ദ്ര ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലാണ് നിയമനം നടത്തുന്നത്.

റിസര്‍വ് ബാങ്കിലെ ഒഴിവുവന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിന് ജൂലൈ 29ന് ആര്‍ബിഐ അഭിമുഖം നടത്തിയിരുന്നു. നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. മുന്ദ്രയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിന് കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഫിനാന്‍ഷ്യല്‍ സെക്റ്റര്‍ റെഗുലേറ്ററി അപ്പോയ്ന്റ്‌മെന്റ് സെര്‍ച്ച് കമ്മറ്റി (എഫ്എസ്ആര്‍എഎസ്‌സി) കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. നിയമനം വൈകിയതിനും നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വീണ്ടും നടത്തുന്നതിനുമുള്ള കാരണം വ്യക്തമല്ല.

റിസര്‍വ് ബാങ്കിലെ ഒഴിവുവന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിന് ജൂലൈ 29ന് ആര്‍ബിഐ അഭിമുഖം നടത്തിയിരുന്നു

പൊതു-സ്വകാര്യ മേഖല ബാങ്കുകളില്‍ നിന്നുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അനുകൂലമായ വ്യക്തികളെ ഉന്നതതല പാനല്‍ ആശയവിനിമയത്തിനായി വിളിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേന്ദ്ര ബാങ്കിന് നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണുള്ളത്. ഇതില്‍ രണ്ടു പേര്‍ ആര്‍ബിഐ ഉദ്യോഗസ്ഥരും ഒരാള്‍ കൊമേഴ്‌സ്യല്‍ ബാങ്കറും മറ്റൊരാള്‍ സാമ്പത്തിക വിദഗ്ധനുമായിരിക്കും. ആര്‍ബിഐ ഗവര്‍ണര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി എന്നിവരും മൂന്ന് സ്വതന്ത്ര അംഗങ്ങളുമാണ് നിയമനം നടത്തുന്ന സെര്‍ച്ച് കമ്മറ്റിയിലുള്ളത്.

അപേക്ഷകര്‍ക്ക് മുഴുവന്‍ സമയ ഡയറക്റ്റര്‍ അല്ലെങ്കില്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ വിപുലമായ അനുഭവ സമ്പത്ത് ഉണ്ടായിരിക്കണമെന്ന് ആര്‍ബിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു. ഇതുകൂടാതെ മറ്റു നിരവധി മാനദണ്ഡങ്ങളും നോട്ടീസില്‍ പ്രതിപാദിച്ചിട്ടുണ്ട്. മൂന്നു വര്‍ഷക്കാലത്തേക്കാണ് നിയമനം. പുനര്‍ നിയമനത്തിനും ഇവര്‍ അര്‍ഹരായിരിക്കും. പ്രതിമാസം 2.25 ലക്ഷം രൂപയാണ് ഡെപ്യൂട്ടി ഗവര്‍ണറുടെ ശമ്പളം. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

Comments

comments

Categories: More