മോടിയോടെ മോദി; മോശമാക്കാതെ രാഹുല്‍

മോടിയോടെ മോദി; മോശമാക്കാതെ രാഹുല്‍

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടക്കും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും എല്ലാറ്റിനുമുപരി മോദി എന്ന രാഷ്ട്രീയ ബ്രാന്‍ഡിന്റെ വിശ്വാസ്യതക്കും ലഭിച്ച അംഗീകാരമാണ്. 22 വര്‍ഷം ഭരിച്ച സര്‍ക്കാരിനെതിരെ സ്വാഭാവികമായി ഉണ്ടാവുന്ന ഭരണവിരുദ്ധ വികാരത്തെയും സാമുദായിക ശക്തികളെ കോര്‍ത്തിണക്കി പ്രതിപക്ഷം നടത്തിയ കടന്നാക്രമണത്തെയും പ്രതിരോധിക്കാന്‍ നരേന്ദ്രമോദിയുടെ സാന്നിദ്ധ്യമാണ് ബിജെപിക്ക് തുണയായതെന്ന് നിസംശയം പറയാം. മറുവശത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഏറെ പ്രതീക്ഷകളോടെ കടന്നെത്തിയിരിക്കുന്ന രാഹുല്‍ ഗാന്ധിക്കും മോശമല്ലാത്ത അരങ്ങേറ്റം ലഭിച്ചിരിക്കുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും ആവേശകരമാകുമെന്ന് ഉറപ്പാക്കുന്ന സൂചനകളാണ് ഗുജറാത്ത് ഫലം നല്‍കുന്നത്.

ഡിസംബര്‍ 18ന് രാവിലെ 8 മണി മുതല്‍ ആരംഭിച്ച ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിുകളുടെ വോട്ടെണ്ണലിന്റെ തത്സമയ ടെലിവിഷന്‍ സംപ്രേഷണം കണ്ടവരെല്ലാം സമ്മതിക്കുന്ന ഒരു കാര്യം സമീപകാലത്ത് നടന്ന ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ഷോയായിരുന്നു അന്നേ ദിവസം അരങ്ങേറിയതെന്നാവും. 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കടത്തിവെട്ടുന്ന മുന്നേറ്റമാണ് പോസ്റ്റല്‍ ബാലറ്റുകളിലൂടെ ബിജെപി നടത്തിയത്. ഗുജറാത്തില്‍ എണ്ണിയ സീറ്റുകളുടെ എണ്‍പത് ശതമാനത്തിലേറെ നേടി ആദ്യഘട്ടം ബിജെപി കുതിച്ചു. ചാനല്‍ ചര്‍ച്ചക്കെത്തിയ കോണ്‍ഗ്രസ്-ഇടത് നേതാക്കളുടെ മുഖത്ത് ആശങ്കയും നിരാശയും പടര്‍ന്ന നിമിഷങ്ങള്‍. എന്നാല്‍ 9 മണിയോടെ ഇതേ ആശങ്ക ബിജെപി നേതാക്കളുടെ മുഖത്തേക്ക് പകര്‍ന്നു കൊണ്ട് കോണ്‍ഗ്രസ് അതിശക്തമായ മുന്നേറ്റം നടത്തി. ഒരു ഘട്ടത്തില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 92 സീറ്റുകളും കടന്ന് 94ലേക്ക് കോണ്‍ഗ്രസ് എത്തിയപ്പോള്‍ 11 അശോക റോഡിലെ ബിജെപി ആസ്ഥാനത്തിന് പിന്നിലുള്ള പുല്‍ത്തകിടിയില്‍ ഒരുക്കിയ ദേശീയ ചാനലുകളുടെ തത്സമയ സംപ്രേഷണ കൂടാരങ്ങളില്‍ പാര്‍ട്ടിയുടെ രണ്ടാം നിര നേതാക്കളുടെ ചങ്കിടിപ്പ് കൂടി. അഭിപ്രായ സര്‍വേകളുടെ വിശ്വാസ്യത തകര്‍ത്ത ബിഹാറിലെയും ഡല്‍ഹിയിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും ജിഎസ്ടിയുടെയും നോട്ട് അസാധുവാക്കലിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ചും രാഹുലിന്റെ നവോന്മേഷത്തെക്കുറിച്ചും ചര്‍ച്ച പൊടിപൊടിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കൃത്രിമത്തത്തെക്കുറിച്ച് വാചാലനാകാന്‍ തയാറെടുപ്പുമായെത്തിയ വിദഗ്ധന്‍മാര്‍ പുതിയ ആശയങ്ങള്‍ക്കായി പരതി. പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തിന്റെ ആഘോഷഛായ ഇനിയും മായാത്ത അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വീണ്ടും ആവേശത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. എന്നാല്‍ ഏകദേശം 15 മിനിറ്റിന് ശേഷം ഈ ആവേശം വീണ്ടും ബിജെപി ആസ്ഥാനത്തേക്ക് തിരികെയെത്തി. സമാന്തരമായി ടിവി സ്റ്റുഡിയോകളിലെ ആങ്കര്‍മാരുടെ സ്വരം താണുയര്‍ന്നു. ബോംബെ, എന്‍എസ്ഇ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളിലെ സൂചികകള്‍ കുന്നുകളിലേക്കും കുഴികളിലേക്കും സഞ്ചരിച്ചു. അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വാശിയേറിയ വോട്ടെണ്ണല്‍ ദിനത്തിന്റെ മദ്ധ്യാഹ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിറഞ്ഞു ചിരിച്ച് ഇരുവിരലുകളാല്‍ വിജയചിഹ്നമുയര്‍ത്തിക്കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാവട്ടെ പരാജയത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

പട്ടേലുമാര്‍ പിണങ്ങിയ സൗരാഷ്ട്ര

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചതാര് തോറ്റതാര് എന്നൊക്കെയുളള താത്വിക ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്. 2012ല്‍ നേടിയ 115 സീറ്റുകളില്‍ നിന്ന് 16 സീറ്റുകള്‍ നഷ്ടപ്പെട്ട ബിജെപിയുടേത് പരാജയത്തിന് സമമായ വിജയമാണെന്ന് വിമര്‍ശകര്‍ പറയുന്നു. പട്ടേല്‍ സമുദായത്തിന് സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയില്‍ നഷ്ടപ്പെട്ട 13 സീറ്റുകളാണ് വാസ്തവത്തില്‍ ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ഇവിടെ 59ല്‍ 23 സീറ്റുകള്‍ മാത്രം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് അധികമായി 15 സീറ്റുകള്‍ നേടാനായി. ഹാര്‍ദിക് പട്ടേലുയര്‍ത്തിയ സംവരണ വാദത്തോട് സൗരാഷ്ട്രയിലെ പട്ടേല്‍മാരെങ്കിലും യോജിച്ചെന്ന് വ്യക്തം. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ പട്ടേലുമാര്‍ ക്രമേണ അകലുന്നെന്ന സൂചന നല്‍കുന്നത് കൂടിയാണ് പ്രധാനമന്ത്രിയുടെ വൈകാരികമായ അപേക്ഷകളെ തമസ്‌കരിച്ച് കോണ്‍ഗ്രസിന് മേഖലയില്‍ നല്‍കിയ വിജയം. സൗരാഷ്ട്ര കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ പിഴവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. കാര്‍ഷിക മേഖല കൂടിയായ ഇവിടത്തെ കര്‍ഷകരുടെ നിരാശ ഗ്രാമീണ മണ്ഡലങ്ങളിലെ ബിജെപിയുടെ തോല്‍വിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ഗ്രാമീണ മണ്ഡലങ്ങളിലെ തിരിച്ചടി ബിജെപിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ വിഷയമായില്ല

എന്നാല്‍ സൗരാഷ്ട്രയിലെ തിരിച്ചടി മാറ്റി നിര്‍ത്തിയാല്‍ ബിജെപി മെച്ചപ്പെട്ട പ്രകടനമാണ് സംസ്ഥാനത്തെ മറ്റെല്ലാ മേഖലകളിലും നടത്തിയതെന്ന് കാണാം. ആകെ വോട്ട് 1.25 ശതമാനം ഉയര്‍ത്തിയ ബിജെപി നഗരകേന്ദ്രീകൃത മണ്ഡലങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തി. തുണി, വജ്ര വ്യവസായത്തിന് പേരുകേട്ട സൂറത്ത് മേഖലയിലെ മണ്ഡലങ്ങളിലെ വിജയം ജിഎസ്ടിയുടെ വിമര്‍ശകര്‍ക്കുള്ള മറുപടിയായി വിലയിരുത്തപ്പെടുന്നു. സൂറത്തിലെ 12ല്‍ 11 സീറ്റുകളും ബിജെപിയാണ് നേടിയത്. ജിഎസ്ടിയെ ‘ഗബ്ബര്‍ സിംഗ് ടാക്‌സ്’ എന്ന് വിളിച്ച് തുടര്‍ച്ചായി പരിഭ്രാന്തി പരത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രം പാളിയെന്ന് വ്യക്തം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ നോട്ട് അസാധുവാക്കലിന്റെ ദുരിതത്തെ കുറിച്ചും രാഹുല്‍ നടത്തിയ പ്രചാരണം ഉത്തര്‍പ്രദേശിന് പിന്നാലെ ഗുജറാത്തിലും വിലപ്പോയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നവീകരണ നടപടികള്‍ക്കും അഴിമതിക്കെതിരെയുള്ള പടപ്പുറപ്പാടിനും ശക്തമായ പിന്തുണ തന്നെയാണ് ഗുജറാത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

മോദിയെന്ന ബ്രാന്‍ഡിന്റെ താരപ്പൊലിമയും വ്യക്തി പ്രഭാവവും താഴെ തട്ടിലെ വികാരം മനസിലാക്കാനുള്ള ശേഷിയും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഗുജറാത്തിലെ പ്രചാരണവും മുന്നേറിയത്. പ്രചാരണത്തിന്റെ രണ്ടാം ഘട്ടം തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലി വീണ്ടെടുത്ത മോദി, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വസതിയില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും പാകിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി നടത്തിയ രഹസ്യയോഗത്തെ പ്രചാരണ വിഷയമായി തെരഞ്ഞെടുത്ത് കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെ നിഷ്പ്രഭമാക്കി.

വിജയ ബ്രാന്‍ഡായി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച് സ്വന്തം തട്ടകത്തിലെ വിജയം മറ്റെല്ലാറ്റിനേക്കാളും പ്രധാനമായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങാന്‍ സ്വന്തം തറവാട്ടില്‍ നിന്നുള്ള പിന്തുണയാണ് അദ്ദേഹം തേടിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നവസര്‍ജന്‍ യാത്രകളിലൂടെയും ക്ഷേത്ര ദര്‍ശനങ്ങളിലൂടെയും പ്രചാരണമാരംഭിച്ച് ഏകദേശം ഒരു മാസം കഴിഞ്ഞാണ് പ്രധാനമന്ത്രി പ്രചാരണ രംഗത്തേക്കെത്തിയത്. നവംബര്‍ 25ന് പ്രധാനമന്ത്രി പ്രചാരണമാരംഭിക്കുമ്പോള്‍ പരസ്യ പ്രചാരണത്തില്‍ ബിജെപി ഏറെ പിന്നിലായിക്കഴിഞ്ഞിരുന്നു. പട്ടീദാര്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെയും ദലിത് നേതാവ് ജിഗ്നേഷ്, മെവാനിയെയും ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂറിനെയും പട്ടികവിഭാഗം നേതാവ് ഛോട്ടുഭായ് വാസവയെയും അഹമ്മദ് പട്ടേലിലൂടെ മുസ്ലിങ്ങളെയും അണിനിരത്തി പഖാം സഖ്യമുണ്ടാക്കിയ രാഹുല്‍ ഗാന്ധിയുടെ പരിപാടി ബിജെപി ക്യാംപില്‍ ആശങ്ക പടര്‍ത്തിയ ദിനങ്ങള്‍. ഇടതടവില്ലാതെ 34 വലിയ റാലികളാണ് പിന്നീട് മോദി നടത്തിയത്. സമാന്തരമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യോഗി ആദിത്യനാഥടക്കം മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും താഴെ തട്ടില്‍ പ്രചാരണം നടത്തി. ജനറല്‍ സെക്രട്ടറിയായ ഭൂപേന്ദ്ര യാദവാണ് തന്ത്രങ്ങള്‍ മെനഞ്ഞതും താഴെ തട്ടില്‍ ബൂത്ത് കമ്മറ്റികളെ ഏകോപിപ്പിച്ചതും. മോദിക്ക് ശേഷം ശക്തനായ നേതാവിന്റെ അഭാവം ഗുജറാത്തില്‍ ബിജെപി മറികടന്നത് വിവിധ തലത്തിലെ ഇത്തരമൊരു പ്രവര്‍ത്തനത്തിലൂടെയാണ്. മോദി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ബിജെപി ആത്മവിശ്വാസം വീണ്ടെടുത്തു. മോദിയെന്ന ബ്രാന്‍ഡിന്റെ താരപ്പൊലിമയും വ്യക്തി പ്രഭാവവും താഴെ തട്ടിലെ വികാരം മനസിലാക്കാനുള്ള ശേഷിയും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഗുജറാത്തിലെ പ്രചാരണവും മുന്നേറിയത്. പ്രചാരണത്തിന്റെ രണ്ടാം ഘട്ടം തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലി വീണ്ടെടുത്ത മോദി, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വസതിയില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും പാകിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി നടത്തിയ രഹസ്യയോഗത്തെ പ്രചാരണ വിഷയമായി തെരഞ്ഞെടുത്ത് കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെ നിഷ്പ്രഭമാക്കി. പ്രകോപിതനായ മണിശങ്കര്‍ അയ്യര്‍ മോദിയെ നീച ജാതിക്കാരനെന്ന് വ്യക്തിഹത്യ ചെയ്തത് ഗുജറാത്തി അഭിമാനത്തിന് നേരെയുളള അവഹേളനമായി ചിത്രീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ഏറെ പണിപ്പെടേണ്ടി വന്നില്ല. അയ്യരെ സസ്‌പെന്‍ഡ് ചെയ്ത് വിശ്വാസം വീണ്ടെടുക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമം വിജയിച്ചില്ലെന്ന് രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് പാറ്റേണ്‍ വ്യക്തമാക്കുന്നു. മോദിയുടെ തന്ത്രങ്ങള്‍ക്കും രാഷ്ട്രീയ പരിചയത്തിനും പകരം വെക്കാന്‍ ആളില്ലെന്ന സന്ദേശം നല്‍കിയാണ് ഒരു തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായിരിക്കുന്നത്.

രാഹുല്‍ ഗാന്ധി മെച്ചപ്പെടുന്നു

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധി എത്തുമെന്ന കാര്യം ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ വ്യക്തമായിരുന്നു. വോട്ടെടുപ്പിന്റെ രണ്ടു ഘട്ടങ്ങളുടെയിടക്ക് ഡിസെബര്‍ 11ന് അദ്ദേഹം കോണ്‍ഗ്രസിന്റെ 49ആം അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തു. ബിഹാറില്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി പിന്നീട് പൊളിഞ്ഞ മഹാസഖ്യത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനൊപ്പമുള്ള പരാജയപ്പെട്ട കൂട്ടുകെട്ടില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രാഹുല്‍ ഗുജറാത്തില്‍ ബിജെപിയെ വെല്ലുവിളിക്കാന്‍ സമര്‍ഥമായി തെരഞ്ഞെടുത്ത രണ്ട് കാര്‍ഡുകള്‍ ജാതിയും മൃദു ഹിന്ദുത്വവുമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയില്‍ മൃദു ഹിന്ദുത്വം പരീക്ഷിക്കാന്‍ ക്ഷേത്രങ്ങള്‍ തോറും രാഹുല്‍ കയറിയിറങ്ങി. വിമര്‍ശിക്കപ്പെട്ടപ്പോഴും പിന്‍വാങ്ങിയില്ല. മുസ്ലിം സമുദായത്തെ സംബന്ധിച്ച വിഷയങ്ങള്‍ ഒരു ഘട്ടത്തിലും പ്രചാരണത്തിന്റെ ഭാഗമാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഹിന്ദുത്വ രാഷ്ട്രീയത്തെ പൊളിക്കാന്‍ സമുദായങ്ങളെ അടര്‍ത്തി മാറ്റണമെന്ന യാഥാര്‍ഥ്യം മനസിലാക്കി അസന്തുഷ്ടരായ 3 യുവാക്കളെ ഒപ്പം കൂട്ടി. ഹാര്‍ദിക് പട്ടേലിന്റെയും ജിഗ്നേഷ് മേവാനിയുടെയും അല്‍പേഷ് ഠാക്കൂറിന്‍െയും സഹകരണമാണ് ബിജെപിയെ വെല്ലുവിളിക്കാവുന്ന കരുത്തിലേക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ എത്തിച്ചത്. മുന്നോട്ടുളള തെരഞ്ഞെടുപ്പുകളിലൊക്കെ വിശാല സഖ്യങ്ങളും സാമുദായിക കൂട്ടുകെട്ടുകളും പരീക്ഷിക്കാനുള്ള ആത്മവിശ്വാസം കോണ്‍ഗ്രസ് ഉപാധ്യക്ഷന് നല്‍കുന്നതാണ് ജനവിധി. അതെത്രമാത്രം അപകടകരമാണെന്ന് വിലയിരുത്തപ്പെട്ടാലും.

പട്ടേല്‍ സമുദായത്തിന് സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയില്‍ നഷ്ടപ്പെട്ട 13 സീറ്റുകളാണ് വാസ്തവത്തില്‍ ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ഇവിടെ 59ല്‍ 23 സീറ്റുകള്‍ മാത്രം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് അധികമായി 15 സീറ്റുകള്‍ നേടാനായി.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതാവെന്നും പാവപ്പെട്ടവരുടെ പടനായകനുമെന്നുമുള്ള പ്രതിച്ഛായ വളര്‍ത്തിക്കൊണ്ടു വരാനാണ് രാഹുല്‍ വര്‍ഷങ്ങളായി ലക്ഷ്യമിടുന്നത്. ഗുജറാത്തില്‍ നടത്തിയ നവസര്‍ജദന്‍ യാത്രകള്‍ ഈ മേഖലയില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. കുടുംബ രാഷ്ട്രീയത്തിന്റെ ജീര്‍ണിച്ച പ്രതിച്ഛായയില്‍ നിന്ന് പുറത്തു കടക്കാന്‍ രാഹുല്‍ നടത്തുന്ന ശ്രമങ്ങള്‍ രാഷ്ട്രീയ നിരീക്ഷകരെ ആകര്‍ഷിക്കുന്നതാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ വെല്ലുവിളിക്കാന്‍ കഴമ്പുണ്ടെന്ന പ്രഖ്യാപനം നടത്താന്‍ സാധിച്ചു എന്നതാണ് ഗുജറാത്ത് ഫലം രാഹുല്‍ ഗാന്ധിക്ക് നല്‍കുന്ന പ്‌ളസ് പോയന്റ്. അങ്ങനെ വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസിന് ഒട്ടും തിരിച്ചടിയല്ല ഗുജറാത്ത് ഫലം.

2019 ലേക്കുള്ള വാതില്‍

22 വര്‍ഷത്തെ ഭരണത്തിനൊടുവിലും, വിരുദ്ധ വികാരത്തെയും കോണ്‍ഗ്രസുണ്ടാക്കിയ ജാതി നേതാക്കളുടെ അക്ഷൗഹിണിപ്പടയെയും ചെറുത്ത് തുടര്‍ച്ചയായി ആറാം തവണയും അധികാരത്തിലേക്കെത്തിയത് വിജയത്തിന്റെ മാറ്റു കൂട്ടുന്നെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. സീറ്റുകള്‍ കുറഞ്ഞെങ്കിലും വോട്ട് ശതമാനം 1.25 ഉയര്‍ന്നത് അടിസ്ഥാന ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നതിന്റെ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത്-ഹിമാചല്‍ ഫലത്തോടെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പാതയിലേക്ക് രാജ്യം പ്രവേശിച്ച് കഴിഞ്ഞു. ഗുജറാത്ത് നല്‍കുന്ന പാഠം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും സംബന്ധിച്ച് ഒരുപോലെ പ്രാധാന്യമുള്ളതാണ്. 2019ലും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയെന്നതാണ് മോദിയുടെയും അമിത് ഷായുടെയും ലക്ഷ്യം. ഇത് യാഥാര്‍ഥ്യമാക്കാന്‍ നഗര-ഗ്രാമ മേഖലകളിലെല്ലാം മികച്ച പ്രകടനം നടത്തണം. ജിഎസ്ടിയും നോട്ട് അസാധുവാക്കലും മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പില്ലെന്നും അഴിമതിക്കെതിരായ കൂടുതല്‍ നടപടികളെ ജനങ്ങള്‍ തുറന്ന മനസോടെ സ്വാഗതം ചെയ്യുമെന്നുമാണ് ഉത്തര്‍പ്രദേശിന് പിന്നാലെ വ്യാവസായിക സംസ്ഥാനമായ ഗുജറാത്തും വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗ്രാമീണ-കാര്‍ഷിക മേഖലയില്‍ കൂടുതല്‍ മെച്ചപ്പെട്ട പദ്ധതികളും ആസൂത്രണവും വേണമെന്ന് പുതിയ തെരഞ്ഞെടുപ്പ് ഫലം ആവശ്യപ്പെടുന്നു. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി എല്‍പിജി കണക്ഷനുകള്‍ നല്‍കുന്ന ഉജ്വല പദ്ധതിയും വൈദ്യുതി നല്‍കുന്ന സൗഭാഗ്യ പദ്ധതിയും ഗ്രാമീണ മേഖലകളില്‍ വലിയ മാറ്റം കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ 2009ല്‍ യുപിഎ സര്‍ക്കാരിനെ അധികാരത്തിലേക്ക് തിരികെയെത്തിച്ച കാര്‍ഷിക ലോണ്‍ എഴുതിത്തള്ളലും, കാര്‍ഷികോത്പന്നങ്ങളുടെ കുറഞ്ഞ താങ്ങുവില (എംഎസ്പി) ഉയര്‍ത്തുന്നതുമടക്കം കൂടുതല്‍ ജനപ്രിയ നടപടികളിലേക്ക് കടക്കണമെന്ന സന്ദേശമാണ് മോദി സര്‍ക്കാരിന് ലഭിക്കുന്നത്. 2018 ഫെബ്രുവരിയില്‍ കൂടുതല്‍ ജനപ്രിയ, കര്‍ഷക ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് പൊതുതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ യുവാക്കളുടെ പിന്തുണ ആര്‍ജിക്കാനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 8 സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ 2018 മെയ് മാസവും മേഘാലയ, മിസോറം സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയിലും തെരഞ്ഞെടുപ്പ് നടക്കും. സിപിഎം കോട്ടയായ ത്രിപുരയിലും എന്‍പിഎഫ് ഭരണത്തിലുള്ള നാഗാലാന്റിലും ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ്. 2018 ഡിസംബറില്‍ ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്. ഗുജറാത്തില്‍ പരിശീലിച്ച രാഷ്ട്രീയ അഭ്യാസങ്ങളുടെ പിഴവ് മാറ്റാനും ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടാനും ഇനിയും ഏറെ സമയമുണ്ട്. മോദിക്ക് വെല്ലുവിളിയായി മാറാന്‍ രാഹുലിന് സാധിക്കുമോയെന്നതിന് അടുത്ത ഒരു വര്‍ഷത്തെ തിരക്കിട്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉത്തരം നല്‍കും.

Comments

comments

Categories: FK Special, Slider