മരുന്നിനും ഇന്ത്യ ഏറെ  ആശ്രയിക്കുന്നത് ചൈനയെ

മരുന്നിനും ഇന്ത്യ ഏറെ  ആശ്രയിക്കുന്നത് ചൈനയെ

66 ശതമാനം മരുന്നും ചൈനയില്‍ നിന്നെത്തുന്നത്

ന്യൂഡെല്‍ഹി: 2016-17 കാലയളവിലെ ഇന്ത്യയുടെ മരുന്ന് ഇറക്കുമതിയില്‍ 66 ശതമാനവും ചൈനയില്‍ നിന്ന്. അഞ്ചു രാജ്യങ്ങളില്‍ നിന്നായി 18,372.54 കോടി രൂപയുടെ മരുന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെന്നും, ഇതില്‍ 66 ശതമാനവും ചൈനയുടെ വകയാണെന്നും കേന്ദ്ര രാസ, വളം സഹമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറഞ്ഞു. ജര്‍മനി, യുഎസ്, ഇറ്റലി, സിംഗപ്പൂര്‍ എന്നിവയാണ് ഇന്ത്യയിലേക്ക് സജീവമായി വന്‍തോതില്‍ മരുന്ന് ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളെന്ന് അദ്ദേഹം അറിയിച്ചു.

ചൈനയില്‍ നിന്ന് 2016 -17 കാലയളവില്‍ 12, 254, 97 കോടിയുടെ ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രെഡിയന്റുകളാണ് (എപിഐ) ഇന്ത്യ ഇറക്കുമതി ചെയ്തത്. അമേരിക്കയില്‍ നിന്ന് 820. 18 കോടിയുടെയും ഇറ്റലിയില്‍ നിന്ന് 701.85 കോടിയുടെയും എപിഐ ഇറക്കുമതി ചെയ്തു. 487.11 കോടിയുടേയും, 422.01 കോടിയുടേതുമാണ് യഥാക്രമം ജര്‍മനിയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുള്ള ഇറക്കുമതി. രാജ്യത്തെ വന്‍തോതിലുള്ള മിക്ക മരുന്ന് ഇറക്കുമതിയും സാമ്പത്തിക പരിഗണനകളുടെ ഭാഗമായാണെന്ന് മാണ്ഡവ്യ പ്രതികരിച്ചു. ഡബ്ല്യുടിഒ, ടിആര്‍ഐപി കരാറുകളില്‍ ഉള്‍പ്പെട്ട രാജ്യമെന്ന നിലയില്‍ ഇറക്കുമതിക്കുള്ള നിയന്ത്രങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2015 – 16 കാലയളവില്‍ 21,225.97 കോടിയുടേതും 2014 -15 കാലയളവില്‍ 19, 833. 19 കോടി രൂപയുടേതുമായിരുന്നു അഞ്ച് പ്രധാന രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ മരുന്ന് ഇറക്കുമതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ ഉപകരണങ്ങള്‍ തരംതിരിക്കുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും മെഡിക്കല്‍ ഡിവൈസ് അസോസിയേഷനുകളുടെയും ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രി ബോഡീസിന്റെയും പ്രസക്തമായ നിയന്ത്രണ ഏജന്‍സികളുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി മാണ്ഡവ്യ പറഞ്ഞു.

Comments

comments

Categories: More