സേവനങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലാക്കാനൊരുങ്ങി ഇപിഎഫ്ഒ

സേവനങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലാക്കാനൊരുങ്ങി ഇപിഎഫ്ഒ

മൊബീല്‍ ഉപയോഗിച്ച് പിഎഫ് എക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരാഴ്ചയ്ക്കുള്ളില്‍ സജ്ജമാക്കും

ന്യൂഡെല്‍ഹി: പ്രൊവിഡന്റ് ഫണ്ട് എക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനും യുഎഎന്‍ (യൂണിവേഴ്‌സല്‍ എക്കൗണ്ട് നമ്പര്‍) ജനറേറ്റ് ചെയ്യുന്നതിനും മൊബീല്‍ ഫോണ്‍ വഴി സൗകര്യമൊരുക്കാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) തയാറെടുക്കുന്നു. 4.6 കോടിയോളം വരുന്ന പിഎഫ് ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച സേവനം ലഭ്യമാക്കാനാണ് ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്.

പിഎഫ് പിന്‍വലിക്കല്‍ മുതല്‍ പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതു വരെയുള്ള സേവനങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ള ഡിജിറ്റല്‍ യാത്ര ഈ വര്‍ഷം ആദ്യം തന്നെ ഇപിഎഫ്ഒ ആരംഭിച്ചിരുന്നു. 2018 ഓഗസ്റ്റ് 15ഓടെ പേപ്പര്‍ ലെസ് ഓര്‍ഗനൈസേഷനായി ഇപിഎഫ്ഒ മാറുമെന്ന് കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വിപി റോയ് പറഞ്ഞു. ഇക്കാലയളവിനുള്ളില്‍ ഇപിഎഫ്ഒയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്ഥല-സമയ പരിധികളില്ലാതെ സ്മാര്‍ട്ട്‌ഫോണ്‍ വഴി എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിലാണ് ഇപിഎഫ്ഒ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് പിഎഫ് എക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരാഴ്ചയ്ക്കുള്ളില്‍ സജ്ജമാക്കാനാണ് പദ്ധതി. നിലവില്‍ ഈ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് ചെയ്യുന്നതെന്നും ജോയ് അറിയിച്ചു. എല്ലാ യുഎഎനും ആധാറുമായി ബന്ധിപ്പിച്ചുകൊണ്ട് ആധാര്‍ അധിഷ്ഠിത പേമെന്റിന് സൗകര്യമൊരുക്കാനാണ് എപിഎഫ്ഒ പരിശ്രമിക്കുന്നത്.

നിലവിലുള്ള 4.6 കോടി അംഗങ്ങളില്‍ 2.75 കോടി ആളുകള്‍ ഇതിനോടകം തങ്ങളുടെ പിഎഫ് എക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ഇതില്‍ 1.25 കോടി ആധാര്‍ നമ്പറുകള്‍ വെരിഫൈ ചെയ്തുകഴിഞ്ഞു. പിഎഫ് എക്കൗണ്ടില്‍ ഇടിഎഫ് യൂണിറ്റ് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള നിര്‍ദേശം കഴിഞ്ഞ മാസം ഇപിഎഫ്ഒ അംഗീകരിച്ചിരുന്നു. 2015 ഓഗസ്റ്റ് മുതലാണ് പിഎഫ് ബോഡി തങ്ങളുടെ ഫണ്ട് ഇടിഎഫില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. ഏകദേശം 32,000 കോടി രൂപയുടെ നിക്ഷേപം ഇതിനകം നടത്തിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories