നിയോ ഇഎസ്8 : ചൈനയില്‍നിന്ന് ടെസ്‌ലയ്‌ക്കൊരു എതിരാളി

നിയോ ഇഎസ്8 : ചൈനയില്‍നിന്ന് ടെസ്‌ലയ്‌ക്കൊരു എതിരാളി

ചൈനയില്‍ പുറത്തിറക്കി ; ടെസ്‌ല മോഡല്‍ എക്‌സിന് വെല്ലുവിളിയാകും

ഷാങ്ഹായ് : ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ നിയോ തങ്ങളുടെ ഇഎസ്8 എസ്‌യുവി അവതരിപ്പിച്ചു. 4,48,000 ആര്‍എംബി (43.44 ലക്ഷം ഇന്ത്യന്‍ രൂപ) മുതലാണ് വില തുടങ്ങുന്നത്. ഇഎസ്8 ന്റെ പതിനായിരം യൂണിറ്റ് ഫൗണ്ടേഴ്‌സ് എഡിഷനും കമ്പനി വിപണിയിലെത്തിക്കും. ഇതിന് 5,48,000 ആര്‍എംബി (53.14 ലക്ഷം രൂപ) വില വരും. ഇഎസ്8 എസ്‌യുവി വാങ്ങുന്നവര്‍ക്കായി ബാറ്ററി വാടകയ്‌ക്കെടുക്കല്‍ പദ്ധതിയും നിയോ അവതരിപ്പിച്ചു. ഈ പദ്ധതിയനുസരിച്ച് ഉപഭോക്താവിന് 1,00,000 ആര്‍എംബി (9.69 ലക്ഷം രൂപ) ഇളവ് ലഭിക്കും.

രണ്ട് ആക്‌സിലുകളിലും സ്ഥാപിച്ചിരിക്കുന്ന രണ്ട് മോട്ടോറുകളാണ് നിയോ ഇഎസ്8 ന്റെ ശക്തിസ്രോതസ്സ്. പരമാവധി 644 കുതിരശക്തി കരുത്തും പരമാവധി 840 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 4.4 സെക്കന്‍ഡ് മതി.

വിഡിഎ സ്‌ക്വയര്‍ സെല്‍ ബാറ്ററികളുള്ള 70 കിലോവാട്ട്-അവര്‍, ലിക്വിഡ് കൂള്‍ഡ് ബാറ്ററി പാക്കാണ് കാറിന് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രതയാണ് ഈ സെല്ലുകള്‍ സമ്മാനിക്കുന്നത്. 2,000 ചാര്‍ജാണ് ബാറ്ററിയുടെ ലൈഫ്‌സൈക്കിള്‍.

പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്നതാണ് നിയോയുടെ പവര്‍ മൊബീല്‍ ഉപകരണം

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് നിയോ ഇഎസ്8 ഇലക്ട്രിക് എസ്‌യുവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓള്‍ അലുമിനിയം ബോഡിയും ഷാസിയിലുമാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എയ്‌റോസ്‌പേസ് ഗ്രേഡ് 7003 സീരീസ് അലുമിനിയം അലോയ് ആണ് കാറിന്റെ ഫ്രെയിം സംബന്ധിച്ച പ്രത്യേകത. ഇക്കാരണങ്ങളാല്‍ ലോകത്ത് കാണുന്ന ഏതൊരു കാറിനേക്കാളും കൂടുതല്‍ അലുമിനിയം നിയോ ഇഎസ്8 ലുണ്ട്.

മൂന്ന് സീറ്റിംഗ് നിരകളുമായാണ് ഈ സെവന്‍-സീറ്റര്‍ എസ്‌യുവി വരുന്നത്. കാബിനില്‍ സ്‌പേസ് ധാരാളമാണ്. ലോഞ്ച് സീറ്റും അതിനെ പൊതിഞ്ഞിരിക്കുന്ന നാപ്പ തുകലും ഇന്റീരിയറിന് പ്രീമിയം അപ്പീല്‍ നല്‍കുന്നുണ്ട്. 23 സെന്‍സറുകളുള്ള നിയോ പൈലറ്റ് എന്ന ഡ്രൈവര്‍ അസ്സിസ്റ്റന്‍സ് സിസ്റ്റം കാറിന് നല്‍കിയിരിക്കുന്നു. ട്രൈഫോക്കല്‍ ഫ്രണ്ട് കാമറ, 12 അള്‍ട്രാസോണിക് സെന്‍സറുകള്‍, ഡ്രൈവര്‍ മോണിറ്റര്‍ കാമറ, 5 മില്ലി മീറ്റര്‍ വേവ് റഡാറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നിയോ പൈലറ്റ് സിസ്റ്റം.

മൂന്ന് മിനിറ്റിനുള്ളില്‍ ബാറ്ററി സ്വാപ് ചെയ്യാന്‍ കഴിയുന്നതാണ് നിയോ പവര്‍ എന്ന സംവിധാനം. സൂപ്പര്‍ചാര്‍ജര്‍ നെറ്റ്‌വര്‍ക്, പവര്‍ മൊബീല്‍, നിയോ പവര്‍ ഹോം എന്നിവ ഉള്‍പ്പെടുന്നതാണ് നിയോ പവര്‍. കേവലം പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്നതാണ് നിയോയുടെ പവര്‍ മൊബീല്‍ ഉപകരണം.

ടെസ്‌ല മോഡല്‍ എക്‌സിന് ശക്തനായ എതിരാളിയാണ് നിയോ ഇഎസ്8. ടെസ്‌ലയേക്കാള്‍ വില വളരെ കുറവാണെന്ന് മാത്രമല്ല, ചില ഫീച്ചറുകള്‍ പരിഗണിക്കുമ്പോള്‍ കൂടുതല്‍ മികച്ചതുമാണ്. ടെസ്‌ല മോഡല്‍ എക്‌സിന്റെ വില 73,800 യുഎസ് ഡോളറിലാണ് (47.25 ലക്ഷം രൂപ) ആരംഭിക്കുന്നത്.

Comments

comments

Categories: Auto