ഒക്കിനാവ പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു

ഒക്കിനാവ പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 59,889 രൂപ

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് സ്‌കൂട്ടറായ ഒക്കിനാവ പ്രെയ്‌സ് അവതരിപ്പിച്ചു. 59,889 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നൂറ് ശതമാനം ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒക്കിനാവ ഓട്ടോടെക്കിന്റെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രെയ്‌സ്. ആദ്യ മോഡലായ റിഡ്ജ് ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറക്കിയിരുന്നു. റിഡ്ജ് പ്രധാനമായും ബജറ്റ് സ്‌കൂട്ടറായിരുന്നുവെങ്കില്‍ പ്രെയ്‌സ് പ്രീമിയം സ്‌കൂട്ടറാണ്. മികച്ച പെര്‍ഫോമന്‍സും ഫീച്ചറുകളും ഒക്കിനാവ പ്രെയ്‌സ് അവകാശപ്പെടുന്നു.

ഡേടൈം റണ്ണിംഗ് ലാംപ് സഹിതം ഫ്രണ്ട് ഏപ്രണിലുടനീളമുള്ള എല്‍ഇഡി ലൈറ്റ് ഒക്കിനാവ പ്രെയ്‌സിനെ തീര്‍ച്ചയായും ശ്രദ്ധേയമാക്കുന്നു. പിന്‍ഭാഗത്ത് എല്‍ഇഡി ടെയ്ല്‍ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ കാണാം. ഡിസൈന്‍, ഫീച്ചറുകള്‍ എന്നീ കാര്യങ്ങളില്‍ ഒക്കിനാവ പ്രെയ്‌സ് പ്രീമിയം സ്‌കൂട്ടര്‍ തന്നെ. 1,970 എംഎം നീളം, 745 എംഎം വീതി, 1,145 എംഎം ഉയരം എന്നിവയാണ് അഴകളവുകള്‍. 774 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. ഗ്രൗണ്ട് ക്ലിയറന്‍സ് 170 എംഎം.

2,500 വാട്ട് കരുത്ത് (3.35 ബിഎച്ച്പി) പുറപ്പെടുവിക്കുന്ന 1,000 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 75 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഒക്കിനാവ പ്രെയ്‌സ്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 175-200 കിലോമീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് പത്ത് പൈസ മാത്രമാണ് ചെലവ് വരികയെന്ന് ഒക്കിനാവ ഓട്ടോടെക് അവകാശപ്പെട്ടു.

12 ഇഞ്ച് വീലുകളില്‍ സ്‌കൂട്ടര്‍ ഓടും. മുന്‍ ചക്രത്തില്‍ ഇരട്ട ഡിസ്‌ക് ബ്രേക്കുകളും പിന്‍ ചക്രത്തില്‍ സിംഗ്ള്‍ ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു. ഇ-എബിഎസ് (ഇലക്ടോണിക് അസ്സിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം) സവിശേഷതയാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയാണ് സസ്‌പെന്‍ഷന്‍. മികച്ച റൈഡിംഗ്, കണ്‍ട്രോള്‍ എന്നിവ ഉറപ്പുവരുത്തും.

മണിക്കൂറില്‍ 75 കിലോമീറ്ററാണ് ടോപ് സ്പീഡ്. 175-200 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. ഒരു കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് പത്ത് പൈസ മാത്രമാണ് ചെലവ് വരിക

സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, കീലെസ് എന്‍ട്രി, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫംഗ്ഷന്‍, ആന്റി-തെഫ്റ്റ് മെക്കാനിസം എന്നിവ ഒക്കിനാവ പ്രെയ്‌സിന്റെ സവിശേഷതകളാണ്. ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നത്. 19.5 ലിറ്ററാണ് സീറ്റിനടിയിലെ സ്‌റ്റോറേജ് ശേഷി.

രണ്ട് ബാറ്ററി ഓപ്ഷനില്‍ ഒക്കിനാവ പ്രെയ്‌സ് ലഭിക്കും. വിആര്‍എല്‍എ (വാല്‍വ്-റെഗുലേറ്റഡ് ലെഡ് ആസിഡ്) ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിന് 6-8 മണിക്കൂര്‍ വേണമെങ്കില്‍ ലിഥിയം-അയണ്‍ ബാറ്ററിക്ക് രണ്ട് മണിക്കൂര്‍ മതി. തുടക്കത്തില്‍ ലെഡ് ആസിഡ് ബാറ്ററിയില്‍ മാത്രമേ ഒക്കിനാവ പ്രെയ്‌സ് ലഭിക്കൂ. ലിഥിയം-അയണ്‍ ബാറ്ററി വേര്‍ഷന്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തിക്കും. ലിഥിയം-അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പ്രെയ്‌സിന് 5,000-6,000 രൂപ അധികം വില വരും.

ഒക്കിനാവ പ്രെയ്‌സിന്റെ ബുക്കിംഗ് കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. ഈ മാസം അവസാനത്തോടെ ഡെലിവറി തുടങ്ങും. ഒക്കിനാവ നിലവില്‍ രാജ്യത്തുടനീളം 106 ഡീലര്‍ഷിപ്പുകള്‍ തുറന്നിട്ടുണ്ട്. 2018 അവസാനത്തോടെ 150 ലെത്തിക്കും. 2020 ഓടെ 500 ഔട്ട്‌ലെറ്റുകളാണ് ഗുരുഗ്രാം ആസ്ഥാനമായ കമ്പനിയുടെ ലക്ഷ്യം.

Comments

comments

Categories: Auto