ശാദ്വല തീരം തേടുന്നവര്‍ ഓര്‍ക്കേണ്ടത്

ശാദ്വല തീരം തേടുന്നവര്‍ ഓര്‍ക്കേണ്ടത്

കാണാപ്പൊന്നും രത്‌നവും തേടി കടല്‍ കടക്കുന്നവര്‍ക്കു ചിലപ്പോള്‍ കിട്ടുന്നത് കാക്കപ്പൊന്നും കുപ്പിച്ചില്ലുമാണെന്നു പറയാറുണ്ട്. വീടും നാടും വിട്ട് നല്ല നാളെയെ സ്വപ്‌നംകണ്ട് അമേരിക്കയ്ക്കു കുടിയേറ്റം നടത്തുന്ന മധ്യഅമേരിക്കക്കാര്‍ പല വൈതരണികളും താണ്ടി എത്തുന്നത് ദുരിതക്കയങ്ങളിലേക്കാണ്

ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും സംഘര്‍ഷങ്ങളും നരകതുല്യമാക്കുന്ന മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയെന്ന സ്വര്‍ഗരാജ്യത്തിലേക്കുള്ള പ്രയാണം പലര്‍ക്കും തിരിച്ചു പിടിക്കാനാകാത്ത നഷ്ടം വരുത്തുന്നു. ഭാഗ്യം കൈയെത്തിപ്പിടിക്കാനാകുന്ന തീരത്തുവെച്ച് വെച്ച് തീരാക്കയത്തിലേക്കു തള്ളിയിട്ടതു പോലൊരു അവസ്ഥ. മെക്‌സിക്കോ വഴി യുഎസ്എയിലേക്കുള്ള പലായനം പലര്‍ക്കും സ്വന്തം മക്കളെ നഷ്ടപ്പെടുത്താറുണ്ട്.

കഴിഞ്ഞ 13 വര്‍ഷമായി ഒരുപറ്റം അമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളെ തേടി മെക്‌സിക്കോയിലുടനീളം 4,000 കിലോമീറ്ററോളം സഞ്ചരിക്കുന്നു. എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വെ എന്നിവിടങ്ങളില്‍ നിന്നുള്ള അമ്മമാരാണ് സംഘത്തിലുള്ളത്. ഗ്വാട്ടിമാലയ്ക്കും മെക്‌സിക്കോക്കുമിടയിലുള്ള അതിര്‍ത്തി ബലൂണ്‍ ചങ്ങാടങ്ങളിലാണ് അവര്‍ താണ്ടുന്നത്. ഏറെ സാഹസികമായ യാത്രയാണിത്. മക്കളെയും ബന്ധുക്കളെയും തേടി പലരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഒരുമിച്ചുകൂടി മെക്‌സിക്കോയിലെമ്പാടും തെരച്ചില്‍ നടത്തുന്നു.

മെസോഅമേരിക്കന്‍ മൈഗ്രന്റ് മൂവ്‌മെന്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ അമ്മമാര്‍ തെരച്ചില്‍ നടത്തുന്നത്. 13 വര്‍ഷത്തെ ശ്രമങ്ങള്‍ക്കിടെ 270 പേരെ കണ്ടെത്താനായിട്ടുണ്ട്. മെക്‌സിക്കോ വഴിയുള്ള പലായനത്തിനിടെ കുടിയേറ്റക്കാരെ കാണാതാകുന്നതിനെ അപലപിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയുമാണ് സംഘടനയുടെ ലക്ഷ്യം. കണ്ടെത്തിയവരില്‍ 90 ശതമാനവും പുരുഷന്മാരാണ്. സ്ത്രീകളെ കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണെന്നു പറയാം.

കാണാതാകുന്ന സ്ത്രീകളില്‍ മിക്കവാറും പേര്‍ ലൈംഗികവ്യാപാരത്തില്‍ എത്തിച്ചേരുകയാണ് പതിവ്. ഇങ്ങനെയുള്ളവരെ കണ്ടെത്താന്‍ ലൈംഗികത്തൊഴിലാളികള്‍ നടത്തുന്ന സംഘടനകളുമായി മെസോഅമേരിക്കന്‍ മൈഗ്രന്റ് മൂവ്‌മെന്റ് സഹകരിക്കാറുണ്ട്. കാണാതാകുന്ന സ്ത്രീകളെ കണ്ടെത്താന്‍ മറ്റു പോംവഴികളില്ല. ആരെങ്കിലും ഇടപാടുകാര്‍ ഉറ്റവരെ തിരിച്ചറിയുമെന്ന പ്രതീക്ഷയില്‍ കാണാതായ സ്ത്രീകളുടെ ചിത്രങ്ങള്‍ ബന്ധുക്കള്‍ തന്നെ വേശ്യാലയങ്ങളില്‍ നല്‍കുന്ന അത്യന്തം ദയനീയ സാഹചര്യമാണിവിടെ നിലനില്‍ക്കുന്നത്.

13 വര്‍ഷമായി ഒരുപറ്റം അമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളെ തേടി മെക്‌സിക്കോയിലുടനീളം 4,000 കിലോമീറ്ററോളം സഞ്ചരിക്കുന്നു. എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വെ എന്നിവിടങ്ങളില്‍ നിന്നുള്ള അമ്മമാരാണ് സംഘത്തിലുള്ളത്. ഗ്വാട്ടിമാലയ്ക്കും മെക്‌സിക്കോക്കുമിടയിലുള്ള അതിര്‍ത്തി ബലൂണ്‍ ചങ്ങാടങ്ങളിലാണ് അവര്‍ താണ്ടുന്നത്. ഏറെ സാഹസികമായ യാത്രയാണിത്. മക്കളെയും ബന്ധുക്കളെയും തേടി പലരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഒരുമിച്ചുകൂടി മെക്‌സിക്കോയിലെമ്പാടും തെരച്ചില്‍ നടത്തുന്നു

അമ്മമാരുടെ സംഘത്തിലെ സജീവ പ്രവര്‍ത്തകയാണ് ക്ലെമെന്റിന മുര്‍സ്യ ഗോണ്‍സാല്‍വസ്. രണ്ട് ആണ്‍ മക്കളെ നഷ്ടപ്പെട്ട സ്ത്രീയാണിവര്‍. ജോര്‍ജിനെ 1984-ലും മൗറീഷ്യോയെ 2001-ലുമാണ് കാണാതായത്. പ്രാദേശിക റേഡിയോ സ്‌റ്റേഷനായ റേഡിയോ പ്രോഗ്രസ്സോയുടെ സഹായത്താല്‍ മൗറീഷ്യോയെ അവര്‍ക്കു കണ്ടെത്താനായി. മെക്‌സിക്കന്‍ നഗരമായ ഗ്വോഡസജാറയിലായിരുന്നു അവരുടെ പുനഃസമാഗമം. നഷ്ടപ്പെട്ട 16 വര്‍ഷത്തിന് ഓരോന്നിനും കെട്ടിപ്പിടിച്ചുള്ള ചുംബനമാണ് തനിക്കു മകനില്‍ നിന്നു വേണ്ടതെന്നാണ് ഈ അമ്മ കണ്ണീരോടെ പറയുന്നത്. മൂത്ത മകന്‍ ജോര്‍ജിനായുള്ള തെരച്ചില്‍ തുടരുമെന്നും അവര്‍ പറയുന്നു.

എഡ്ഡിറ്റ് ഗുറ്റിയേഴ്‌സിനു മകനെ നഷ്ടപ്പെട്ടത് രണ്ടു തവണയാണ്. ആദ്യതവണ നാടു വിട്ട അവനെ മെക്‌സിക്കന്‍ മയക്കുമരുന്നു കള്ളക്കടത്തുസംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. സേറ്റാസ് എന്നറിയപ്പെടുന്ന അതിക്രൂരന്മാരായ മയക്കുമരുന്നുമാഫിയ കുടിയേറ്റക്കാരെ കൊന്നു ചുട്ടുകളഞ്ഞതിന് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ സൈന്യം മകനെ രക്ഷിച്ച് ഹോണ്ടുറാസിലേക്ക് തിരികെ അയച്ചു. രണ്ടാം തവണ അയാള്‍ അനധികൃത മനുഷ്യ കടത്തുകാര്‍ക്ക് 3000 ഡോളര്‍ നല്‍കി വടക്കന്‍ മെക്‌സിക്കോയിലെ റെയ്‌നോസയിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുടുംബവുമായുള്ള സകലബന്ധവും ഉപേക്ഷിച്ച അവന്റെ ഒരു കാര്യവും ഇതുവരെ അറിയാനായിട്ടില്ല.

ഹോണ്ടുറാസിലെ ഇസിഡോറഡി ജീസസ് സുനിഗ കോളിന്‍ഡ്രസ്, മകന്‍ ജോഷ്വ ഇല്‍ഡെഫോണ്‍സോ മൊലിനസ് സുനിഗയെ തേടിക്കൊണ്ടിരിക്കുകയാണ്. ജോഷ്വയുടെ അവസാന ഫോണ്‍ വന്നത് 2013 ഡിസംബര്‍ 15നാണ്. യുഎസ്- മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ന്യുവോ ലാറെഡൊ പട്ടണത്തില്‍ നിന്നായിരുന്നു അന്നു വിളിച്ചത്. ന്യൂയോര്‍ക്കിലുള്ള പിതാവിനെ കാണാന്‍ പോകുകയാണെന്നാണ് അന്ന് അറിയിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പേ യുഎസില്‍ താല്‍ക്കാലിക സംരക്ഷണം നേടിയ വ്യക്തിയായിരുന്നു ജോഷ്വയുടെ പിതാവ്. എന്നാല്‍ ഭാര്യയെയും മകനെയും കൂടെ കൂട്ടിയിരുന്നില്ല.

മറിയ ക്ലെമന്റിന വാസ്‌കസ് ഹെര്‍ണാണ്ടസ് തേടുന്നത് കൈക്കുഞ്ഞിനെ ഏല്‍പ്പിച്ചു നാടുവിട്ട മകള്‍ മറിയ ഐന്‍സിനെയാണ്. 2002ലാണ് അമേരിക്കയിലേക്ക് കുടിയേറാനായി പോയ ഐന്‍സിനെ കാണാതായത്. അവളുടെ കുഞ്ഞിനെ വളര്‍ത്തുന്നത് ക്ലെമന്റിനയാണ്. മകള്‍ എങ്ങനെയാണു കഴിയുന്നതെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. അവളുടെ മുഖം വിട്ടു പിരിഞ്ഞ സമയത്തു കണ്ടതുപോലെയാണോ ഇപ്പോള്‍ കാണപ്പെടുകയെന്നു പോലും അവര്‍ക്ക് ഉറപ്പില്ല.

മറിയ എലെന ലാറിയോസ് കാത്തിരിക്കുന്നത് മകന്‍ ഹെറിബെര്‍ട്ടോയ്ക്കു വേണ്ടിയാണ്. 2010 മാര്‍ച്ച് ആറിനാണ് അവനെ കാണാതായത്. എല്‍ സാല്‍വദോറില്‍ നിന്ന് യുഎസിലേക്ക് ജോസി തേടിപ്പോയതാണ് അവന്‍. എന്നാല്‍ അവനു ജോലി കിട്ടിയതായി അവര്‍ക്ക് അറിവില്ല. തെക്കന്‍ മെക്‌സിക്കോയിലെ ഹുയിക്സ്റ്റ്‌ല നഗരത്തില്‍ അവനെ കണ്ടെത്തിയതായി ചിലര്‍ അറിയിച്ചിരുന്നു. റെയില്‍വേസ്‌റ്റേഷനിലെ ക്രിസ്ത്യന്‍ സിഡി സ്റ്റാന്‍ഡില്‍ ഹെറിബെര്‍ട്ടോയെ കണ്ടെത്തിയെന്നായിരുന്നു വിവരം. എന്നാല്‍ അവിടെയെത്തിയ എലെനയ്ക്ക് ഹോണ്ടുറാസുകാരനായ മെലിഞ്ഞ യുവാവിനെ കണ്ടെത്താനായെങ്കിലും അത് മകന്റെ ഛായയുള്ള മറ്റാരോ ആണെന്നു മനസിലാക്കാനായി.

മകള്‍ ഓള്‍ഗയെ തേടുന്ന പിലര്‍ എസ്‌കോബാറിന് അവളുമായി ഇടവിട്ടുള്ള ബന്ധങ്ങളായിരുന്നു കച്ചിത്തുരുമ്പ്. 2009 സെപ്റ്റംബറില്‍ ഹോണ്ടുറാസിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ അവള്‍ പിന്നീട് തിരിച്ചെത്തിയില്ല. 15 ദിവസം കഴിഞ്ഞ് ഗ്വാട്ടിമാല – മെക്‌സിക്കോ അതിര്‍ത്തിയിലെ ടപചുല നഗരത്തില്‍ നിന്ന് താന്‍ യാത്ര അവസാനിപ്പിക്കുകയാണെന്ന് വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ഈ വര്‍ഷമാദ്യം വരെ അവളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഓള്‍ഗ വിളിക്കുകയും കാണാമെന്നു സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുനഃസമാഗമത്തിന് തീരുമാനിച്ച് മാസങ്ങള്‍ക്കകം അവളുടെ ഫോണ്‍ നിലച്ചു.

കുടിയേറ്റത്തിനൊരുങ്ങി പുറപ്പെടുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുക അസാധാരണ സംഭവമല്ല. എന്നാല്‍ മുമ്പ് ഇത്തരക്കാര്‍ മരുഭൂമി മുറിച്ചു കടക്കുമ്പോള്‍ ദാഹം കൊണ്ടും വിഷപ്പാമ്പു കൊത്തിയുമൊക്കെയാണു മരിച്ചിരുന്നതെങ്കില്‍ ഇന്ന് പലരും ക്രിമിനല്‍സംഘങ്ങള്‍ക്ക് ഇരയാകാറാണു പതിവെന്ന് ഹോണ്ടുറാസില്‍ നിന്നു കാണാതായ കുടിയേറ്റക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതിയുടെ മേധാവി റോസ നെല്ലി സാന്റോസ് പറയുന്നു. പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും വേശ്യാഗൃഹങ്ങളിലെത്തിച്ചേരുകയും ചെയ്യുന്നു

കുടിയേറ്റത്തിനൊരുങ്ങി പുറപ്പെടുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുക അസാധാരണ സംഭവമല്ല. എന്നാല്‍ മുമ്പ് ഇത്തരക്കാര്‍ മരുഭൂമി മുറിച്ചു കടക്കുമ്പോള്‍ ദാഹം കൊണ്ടും വിഷപ്പാമ്പു കൊത്തിയുമൊക്കെയാണു മരിച്ചിരുന്നതെങ്കില്‍ ഇന്ന് പലരും ക്രിമിനല്‍സംഘങ്ങള്‍ക്ക് ഇരയാകാറാണു പതിവെന്ന് ഹോണ്ടുറാസില്‍ നിന്നു കാണാതായ കുടിയേറ്റക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതിയുടെ മേധാവി റോസ നെല്ലി സാന്റോസ് പറയുന്നു. പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും വേശ്യാഗൃഹങ്ങളിലെത്തിച്ചേരുകയും ചെയ്യുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.

മെഴ്‌സിഡസ് ലെമുസ് അത്തരം ഹതഭാഗ്യയായൊരു അമ്മയാണ്. 2010 ഏപ്രില്‍ 16നാണ് അവളുടെ മകള്‍ അന വിക്‌റ്റോറിയയെ കാണാതായത്. കഴിഞ്ഞ വര്‍ഷം ഹുയിക്സ്റ്റ്‌ല നഗരത്തിലെ ഒരു ബാറില്‍ കണ്ടെത്തിയതായി ഒരു പരിചയക്കാരി അറിയിച്ചു. ഇതേക്കുറിച്ച് ഹുയിക്സ്റ്റ്‌ലയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ പ്രദേശവാസികളും ഇത് ശരിവെച്ചു. ബാറുടമയുമായി അടുപ്പമുള്ള സ്ത്രീയാണതെന്ന് ഫോട്ടോ കണ്ട ചിലര്‍ അറിയിച്ചു. എന്നാല്‍ മെഴ്‌സിഡസിന് ബാറിലേക്ക് പ്രവേശനാനുമതി നിഷേധിക്കുകയാണ് ബാര്‍ അധികൃതര്‍ ചെയ്തത്. അകത്തു കടന്നാല്‍ ജീവനോടെ തിരിച്ചു പോകില്ലെന്ന് അവര്‍ അവളെ ഭീഷണിപ്പെടുത്തി.

അങ്ങനെ മക്കളെ കണ്‍മുന്നില്‍ കിട്ടിയിട്ടും തിരിച്ചു കൊണ്ടുവരാന്‍ പറ്റാത്ത നിരവധി അമ്മമാരുടെ തെരച്ചില്‍ തുടരുകയാണ്. ഇവര്‍ക്ക് കൂടുതല്‍ നിയമ സഹായവും സുരക്ഷയുമൊരുക്കാന്‍ ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും തയാറാകണം. ജന്മനാട്ടില്‍ നിന്ന് വേരുകള്‍ പറിച്ച് മറ്റൊരു രാജ്യത്തേക്കു പോകുന്നത് ഒരാളെയും സന്തോഷവാനാക്കുന്ന കാര്യമല്ല. എന്നിട്ടും സ്വന്തം നാടും വീടും വിട്ട് പ്രവാസിയാകാന്‍ ഒരുവന്‍ നിര്‍ബന്ധിതനാകുന്നെങ്കില്‍ അത് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത കൊണ്ടായിരിക്കും. ഇങ്ങനെ പോകുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ആരും ഒളിച്ചോടരുത്.

Comments

comments

Categories: FK Special, Slider