ടൊയോട്ടയ്ക്ക് ഇന്ത്യയില്‍ പ്രയസ് നാമം ഉപയോഗിക്കാന്‍ കഴിയില്ല

ടൊയോട്ടയ്ക്ക് ഇന്ത്യയില്‍ പ്രയസ് നാമം ഉപയോഗിക്കാന്‍ കഴിയില്ല

സുപ്രീം കോടതിയില്‍ ഹരിയാണയിലെ പ്രയസ് ഓട്ടോ ഇന്‍ഡസ്ട്രീസിനോട് തോറ്റു

ന്യൂഡെല്‍ഹി : ലോകത്തെ പ്രമുഖ കാര്‍ കമ്പനികളിലൊന്നായ ടൊയോട്ട ഹരിയാണ ആസ്ഥാനമയ പ്രയസ് ഓട്ടോ എന്ന കമ്പനിയോട് സുപ്രീം കോടതിയില്‍ തോറ്റു. ടൊയോട്ടയുടെ ബെസ്റ്റ് സെല്ലിംഗ് ഹൈബ്രിഡ് കാറായ പ്രയസ് ഇനി മുതല്‍ ഇന്ത്യയില്‍ ഇതേ പേരില്‍ വില്‍ക്കാന്‍ കഴിയില്ല.

ടൊയോട്ട 1997 ല്‍ പ്രയസ് അവതരിപ്പിച്ചെങ്കിലും പ്രയസ് എന്ന നാമം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതേസമയം ഹരിയാണ ആസ്ഥാനമായ പ്രയസ് ഓട്ടോ ഇന്‍ഡസ്ട്രീസ് 2001 ല്‍ ഇന്ത്യയില്‍ പ്രയസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹന പാര്‍ട്‌സ് നിര്‍മ്മിക്കുന്ന കമ്പനിയാണ് പ്രയസ് ഓട്ടോ ഇന്‍ഡസ്ട്രീസ്. പ്രയസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ജാപ്പനീസ് കമ്പനിക്ക് 2010 ലാണ് തോന്നിയത്. സുപ്രീം കോടതിയില്‍ തോല്‍ക്കാന്‍ കാരണം മറ്റൊന്നുമല്ല.

ബെസ്റ്റ് സെല്ലിംഗ് ഹൈബ്രിഡ് കാറായ പ്രയസ് ഇനി മുതല്‍ ഇന്ത്യയില്‍ ഇതേ പേരില്‍ വില്‍ക്കാന്‍ കഴിയില്

ലോകത്ത് തങ്ങളാണ് ആദ്യം പ്രയസ് എന്ന പേര് രജിസ്റ്റര്‍ ചെയ്തത് എന്നായിരുന്നു സുപ്രീം കോടതിയില്‍ ടൊയോട്ടയുടെ വാദം. 1990 ല്‍ ജപ്പാനില്‍ പ്രയസ് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ 2010 ന് മുമ്പ് ഇന്ത്യയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഹരിയാണയിലെ പ്രയസ് ഓട്ടോ കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു.

ഇന്ത്യയില്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ സംഭവിക്കുന്നത്. ടിടി എന്ന അടിവസ്ത്ര നിര്‍മ്മാണ കമ്പനിക്കുമുന്നില്‍ ഔഡിയും (ഔഡി ടിടി ഇന്ത്യയില്‍ വില്‍ക്കുന്നില്ല) മോണ്ടി കാര്‍ലോ എന്ന വസ്ത്ര കമ്പനിയോട് സ്‌കോഡയും (സ്‌കോഡ റാപ്പിഡ് മോണ്ടി കാര്‍ലോയുടെ വില്‍പ്പന നിര്‍ത്തി) എവറസ്റ്റ് മസാലയോട് ഫോഡും (ഫോഡ് എവറസ്റ്റ് ഇന്ത്യയില്‍ ഫോഡ് എന്‍ഡവറായി പുനര്‍നാമകരണം ചെയ്തു) നിയമയുദ്ധത്തില്‍ തോറ്റിരുന്നു.

ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടൊയോട്ടയ്ക്കുവേണ്ടി പി ചിദംബരവും പ്രയസ് ഓട്ടോ ഇന്‍ഡസ്ട്രീസിനുവേണ്ടി സായ് കൃഷ്ണയും ശക്തിയുക്തം വാദിച്ചു.

Comments

comments

Categories: Auto