സത്യ (തമിഴ്)

സത്യ (തമിഴ്)

സംവിധാനം: പ്രദീപ് കൃഷ്ണമൂര്‍ത്തി
അഭിനേതാക്കള്‍: സിബി സത്യരാജ്, രമ്യ നമ്പീശന്‍, വരലക്ഷ്മി ശരത്കുമാര്‍, സതീഷ്, യോഗി ബാബു, ആനന്ദരാജ്, രവി വര്‍മ
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 9 മിനിറ്റ്

ഇതിവൃത്തം: ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന ഒരു ഐടി ജീവനക്കാരനു തന്റെ മുന്‍ കാമുകിയില്‍നിന്നും ഒരു കോള്‍ ലഭിക്കുന്നു. അവരുടെ കാണാതായ മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ടാണു വിളിക്കുന്നത്. മുന്‍ കാമുകിയെ സഹായിക്കാന്‍ തീരുമാനിച്ച അയാള്‍ പക്ഷേ ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ തിരിച്ചറിയുകയാണ്.

തെലുങ്കില്‍ രണ്ട് വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ക്ഷണം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണു സത്യ. തെലുങ്കില്‍ അദിവി ശേഷ്, അദാ ശര്‍മ തുടങ്ങിയവരായിരുന്നു മുഖ്യവേഷങ്ങള്‍ ചെയ്തത്.
സത്യയും(സിബി) ശ്വേതയും(രമ്യ നമ്പീശന്‍) ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇരുവരും പ്രണയത്തിലാകുന്നു. എന്നാല്‍ ശ്വേതയുടെ അച്ഛന് ഈ ബന്ധം ഇഷ്ടമല്ല. അയാള്‍ ശ്വേതയെ മറ്റൊരാളെ കൊണ്ടു വിവാഹം ചെയ്യിക്കുന്നു. അവള്‍ക്കു ഒരു കുട്ടി ജനിക്കുന്നു. അങ്ങനെ കുടുംബമായി വളരെ സന്തോഷപൂര്‍വ്വമായൊരു ജീവിതം ശ്വേത നയിക്കുന്നു. മറുവശത്ത് സത്യ ഓസ്‌ട്രേലിയയിലേക്കു ജോലിക്കായി പോകുന്നു. അവിടെ സന്തോഷകരമായൊരു ജീവിതമല്ല സത്യ നയിക്കുന്നത്. അങ്ങനെയിരിക്കവേയാണു ശ്വേതയില്‍നിന്നും സത്യയ്ക്കു ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നത്. തന്റെ കാണാതായ മകളെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ടുള്ളതായിരുന്നു ആ കോള്‍. ഉടന്‍ തന്നെ സത്യ, ഓസ്‌ട്രേലിയയില്‍നിന്നും ചെന്നൈയിലേക്കു തിരികെയെത്തുന്നു. ശ്വേതയുടെ മകള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ശ്വേതയുടെ മകളെ കാണാതായതുമായി ബന്ധപ്പെട്ടു നിഗൂഢമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നു സത്യ തിരിച്ചറിയുന്നു.

ശ്വേതയുടെ മകളെ കാണാതായ സംഭവത്തെ കുറിച്ചു കാര്‍ ഡീലറായ ബാബു ഖാന്‍ (സതീഷ്), മയക്കുമരുന്നിന് അടിമയായ ശ്വേതയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ ബോബി (രവി വര്‍മ), പോലീസ് ഉദ്യോഗസ്ഥന്‍ ചൗധരി (ആനന്ദരാജ്), അനൂയ (വരലക്ഷ്മി) തുടങ്ങിയവര്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണു പറയുന്നത്. ഇത് അന്വേഷണഘട്ടത്തില്‍ സത്യയെ ആശയക്കുഴപ്പത്തിലാക്കുന്നുമുണ്ട്. അതോടെ അന്വേഷിച്ചു കണ്ടെത്താമെന്നുള്ള പ്രതീക്ഷ സത്യയ്ക്കു നഷ്ടപ്പെടുന്നു. ഇത് ശ്വേതയെയും നിരാശയിലാഴ്ത്തുന്നു. ഈ ഘട്ടത്തില്‍, സത്യയ്ക്കു തന്റെ മുന്‍കാമുകിയെ സഹായിക്കാന്‍ സാധിക്കുമോ ?

ഓരോ ഇടവേളകളിലും വിപുലമായ ട്വിസ്റ്റുകള്‍ കൊണ്ട് രസകരമാക്കിയ തിരക്കഥയും, ദുരൂഹതയുണര്‍ത്തുന്ന കഥാപാത്ര സൃഷ്ടിയുമാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. ചിന്താകുഴപ്പമുള്ളതും എന്നാല്‍ ഉല്‍സാഹഭരിതനുമായ സത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിബി തന്റെ റോള്‍ വളരെ മികവുറ്റതാക്കി. ആശങ്കപ്പെടുന്ന അമ്മയുടെ റോള്‍ രമ്യ നമ്പീശനു നന്നായി യോജിച്ചിരിക്കുന്നു. കര്‍ക്കശക്കാരിയായ പോലീസ് ഉദ്യോഗസ്ഥയായെത്തുന്ന വരലക്ഷ്മി പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ആനന്ദരാജും സതീഷുമൊക്കെ ചിത്രത്തിന്റെ മാറ്റ് കൂട്ടുംവിധമുള്ള അഭിനയം കാഴ്ചവച്ചിട്ടുണ്ട്. പക്ഷേ, തിരക്കു പിടിച്ചുള്ള ക്ലൈമാക്‌സ്, അതും കഥയിലെ സംഭവ പരമ്പരകളെ ബോദ്ധ്യപ്പെടുത്താനാവാത്ത വിധം അവസാനിപ്പിച്ചത് ഒഴിവാക്കാമായിരുന്നു. എങ്കിലും സത്യ എന്ന സിനിമ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്. ഈ വര്‍ഷം തമിഴില്‍ റിലീസ് ചെയ്ത മികച്ച ത്രില്ലര്‍ സിനിമയുടെ പട്ടികയില്‍ ഈ ചിത്രത്തിനു സ്ഥാനം പിടിക്കാനാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Comments

comments

Categories: FK Special