നബി പകര്‍ന്ന അമൂല്യമായ അറിവ്

നബി പകര്‍ന്ന അമൂല്യമായ അറിവ്

ഇതൊരു ഖുര്‍ ആന്‍ കഥയാണ്. തന്റെ പരിവാരങ്ങളുമായി സുലൈമാന്‍ നബി ഒരിക്കല്‍ യാത്ര ചെയ്യുകയായിരുന്നു. ധാരാളം പരിവാരങ്ങളും പക്ഷിമൃഗാദികളും അടങ്ങിയ ആ കൂട്ടം ഒരു സൈന്യത്തിന്റെ അത്ര തന്നെ വലുതായിരുന്നു.

യാത്രാ മധ്യേ വഴിയിലെ വലിയൊരു ഉറുമ്പിന്‍കൂട്ടം നബിയുടെ കണ്ണില്‍ പെട്ടു. നബിക്ക് പക്ഷികളുടേയും മൃഗങ്ങളുടേയും ഭാഷ അറിയാമായിരുന്നതു പോലെ തന്നെ ഉറുമ്പുകളുടെ ഭാഷയും വശമായിരുന്നു. നബി ഉറുമ്പിന്‍ കൂട്ടത്തിന് മുന്നില്‍ നിന്നു. അദ്ദേഹത്തിന് പിന്നില്‍ പരിവാരങ്ങളും നിശ്ചലരായി. നബി ഉറുമ്പുകളുടെ ചലനം ശ്രദ്ധയോടെ നിരീക്ഷിച്ചു. എത്ര മനോഹരമായി ചിട്ടയോടെയാണ് അവര്‍ അണിചേര്‍ന്ന് പോകുന്നത്.

നബിയുടെയും പരിവാരങ്ങളുടേയും സാന്നിധ്യം മനസിലാക്കിയ ഉറുമ്പുകളുടെ സേനാധിപന്‍ വിളിച്ചുപറഞ്ഞു. ഉറുമ്പുകളേ, നിങ്ങള്‍ ഉടനെ തന്നെ പാര്‍പ്പിടത്തിലേക്ക് പോകുക. നബിയും പരിവാരങ്ങളും നമ്മളെ അറിയാതെ ചവിട്ടി പോകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വേഗം തന്നെ നമുക്ക് മടങ്ങാം.

ഉറുമ്പുകളുടെ അച്ചടക്കം നബിയെ അതിശയിപ്പിച്ചു. അത്തരമൊരു അടിയന്തിര അവസ്ഥയില്‍ പോലും അമ്പരക്കാതെ, തിരക്കു കൂട്ടാതെ, വരി തെറ്റിക്കാതെ അവര്‍ മാളത്തിലേക്ക് അതിവേഗം കയറിത്തുടങ്ങി. ഒരു ഉറുമ്പു പോലും തന്റെ മുന്നിലെ ഉറുമ്പിനെ മറികടന്ന് രക്ഷപെടാനോ തിരക്കുണ്ടാക്കാനോ ശ്രമിച്ചില്ല എന്നത് നബിയെ ആകര്‍ഷിച്ചു.

ചെറിയ മാളത്തിന് പുറത്ത് ഉറുമ്പുകള്‍ തിരക്ക് കൂട്ടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അവര്‍ പരസ്പരം പടവെട്ടി ചാവേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നു. ഓരോരുത്തരും തനിക്ക് വേഗം രക്ഷപ്പെടണം എന്നല്ല ചിന്തിച്ചത്. പകരം തങ്ങള്‍ക്കിടയിലെ അച്ചടക്കം നിലനിര്‍ത്തിക്കൊണ്ട് എല്ലാവര്‍ക്കും രക്ഷപ്പെടാനുള്ള അന്തരീക്ഷം അവര്‍ സൃഷ്ടിച്ചു. അത്തരമൊരു സന്നിഗ്ധ ഘട്ടത്തില്‍ പോലും അസാമാന്യമായ അച്ചടക്കം പുലര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

തങ്ങള്‍ ഉറുമ്പുകളില്‍ നിന്ന് നേടേണ്ട അറിവ് എന്താണെന്ന് നബി തന്റെ അനുയായികളോട് വിവരിച്ചു. ചിന്തോദ്ദീപകവും വിജ്ഞാനപ്രദവുമായ ആ കാഴ്ച്ച അദ്ദേഹം അനുയായികള്‍ക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് അവര്‍ പരസ്പരം സഹജീവികള്‍ക്കായി പ്രവര്‍ത്തിക്കുന്നതെന്ന പാഠവും അവരുടെ നിസ്വാര്‍ത്ഥമായ സ്‌നേഹം നമ്മള്‍ കണ്ടുപഠിക്കേണ്ടതാണെന്ന സന്ദേശവും നബി അനുയായികള്‍ക്ക് പകര്‍ന്നു നല്‍കി.

മാളത്തിന് പുറത്ത് നിന്ന് നിര്‍ദേശങ്ങള്‍ നല്‍കി അനുയായികളെയെല്ലാം സംരക്ഷിക്കുന്ന സേനാധിപനെ നബി തന്റെ അനുയായികള്‍ക്ക് കാണിച്ചു കൊടുത്തു. ആദ്യമേ തന്നെ മാളത്തിനകത്ത് കയറി രക്ഷപെടാതെ മറ്റുള്ളവരെ മുഴുവന്‍ രക്ഷിക്കാന്‍ പരിശ്രമിക്കുന്ന സേനാധിപന്‍ ആത്മത്യാഗത്തിന്റെ ഉദാത്തവും അനുകരണീയവുമായ മാതൃകയാണെന്ന് നബി അവരെ പ്രബോധിപ്പിച്ചു.

പരമ കാരുണ്യവാനായ നബി തന്റെ അനുയായികളോട് ഉറുമ്പിന്റെ മാളത്തില്‍ നിന്ന് മാറി യാത്ര തുടരാന്‍ നിര്‍ദേശിച്ചു. നബി ഇവിടെ ചൂണ്ടിക്കാട്ടുന്നത് നാം തമ്മില്‍ എങ്ങനെ സഹവര്‍ത്തിക്കണം എന്നതാണ്. സഹജീവികളുടെ താല്‍പര്യങ്ങളെ, ഇഷ്ടങ്ങളെ, സുരക്ഷയെ നമുക്ക് പരിപാലിക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍ അത് ജീവിതത്തിലെ വലിയ തോല്‍വി തന്നെയാണ്. പരസ്പര വിശ്വാസത്തിലും സ്‌നേഹത്തിലും അച്ചടക്കത്തിലും ത്യാഗത്തിലും ഊന്നിയ ഒരു സാമൂഹ്യ ജീവിതരീതി കെട്ടിപ്പടുക്കാന്‍ നമുക്ക് കഴിയണം.
സന്നിഗ്ധ ഘട്ടങ്ങളില്‍ തന്റെ അനുയായികളുടെ സുരക്ഷയാവണം നേതാവിന്റെ പ്രഥമ പരിഗണന. ഏത് അടിയന്തിര ഘട്ടത്തിലും മനസാന്നിധ്യം കൈവെടിയാതെ അവരെ നയിക്കുവാനുള്ള ഗുണം നേതാവിനുണ്ടാവണം. മുന്നില്‍ നിന്ന് നയിക്കുന്നവനാണ് നേതാവ്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുന്നവന്‍ നേതാവല്ല.

ചില ആപത്തുകള്‍ സംഭവിക്കുമ്പോള്‍ അച്ചടക്കം പൂര്‍ണ്ണമായി നഷ്ടപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. അവിടെയെല്ലാം സ്വയം രക്ഷപ്പെടുക എന്ന ചിന്ത മാത്രമേ നമുക്കുള്ളൂ. സംയമനത്തോടെ അച്ചടക്കം പാലിച്ചാല്‍ ഒഴിവാക്കാനാകുന്ന അപകടങ്ങള്‍ പോലും അത് നഷ്ടപ്പെടുന്നതോടെ വലിയ ആപത്തുകളായി മാറുന്നു. ഉറുമ്പുകളില്‍ നിന്നും നബി പകര്‍ന്നുതന്ന പാഠങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കഴിയട്ടെ.

Comments

comments

Categories: FK Special, Slider