തടിക്കരുത്തിന്റെ കച്ചവടപ്പെരുമയായി പെരുമ്പാവൂര്‍

തടിക്കരുത്തിന്റെ കച്ചവടപ്പെരുമയായി പെരുമ്പാവൂര്‍

കേരളത്തിന്റെ വ്യാവസായിക രംഗത്ത് വിവിധ തരത്തില്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ള നിരവധി പ്രദേശങ്ങളുണ്ട്. എന്നാല്‍ കച്ചവട പാരമ്പര്യത്തിന്റെ കരുത്തില്‍ കാലാകാലങ്ങളായി സംസ്ഥാനമത്തിന്റെ മികച്ച വരുമാന മാര്‍ഗമായി നിലകൊണ്ടിട്ടുള്ള പ്രദേശങ്ങള്‍ ചുരുക്കം മാത്രം. അതില്‍ പ്രധാനിയാണ് പെരുമ്പാവൂര്‍. തടിക്കച്ചവടത്തിന്റെ കരുത്തില്‍ കെട്ടിപ്പടുത്ത ചരിത്രമാണ് പെരുമ്പാവൂരിന് പറയാനുള്ളത്.

പെരുമ്പാവൂര്‍, പേരിന്റെ പെരുമ തടിക്കച്ചവടത്തിന്റെ കരുത്തില്‍ കടഞ്ഞെടുത്ത നാട്. കാലങ്ങള്‍ക്ക് മുന്‍പേ തന്നെ തടികളുമായി മലയിറങ്ങിയ ലോറികളുടെ സഞ്ചാരങ്ങളത്രയും പെരുമ്പാവൂര്‍ ലക്ഷ്യം വെച്ചായിരുന്നു. കല്ലായി കഴിഞ്ഞാല്‍ പെരുമ്പാവൂര്‍ എന്ന സ്ഥിതിയില്‍ നിന്ന് കല്ലായിക്കൊപ്പമോ അതിലും മുകളിലോ ആയിക്കഴിഞ്ഞു പെരുമ്പാവൂരിന്റെ തടിവ്യവസായം. ഇന്ന് കേരളത്തിനകത്തു നിന്നും കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നും തടികള്‍ ധാരാളമായി തടികള്‍ പെരുമ്പാവൂരിലേക്കെത്തുന്നുണ്ട്. ഇതിനോടനുബന്ധിച്ച് തന്നെ നിരവധി പ്ലൈവുഡ് സ്ഥാപനങ്ങള്‍ പെരുമ്പാവൂരും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നു. മുനിസിപ്പാലിറ്റിയിലും തൊട്ടടുത്തുള്ള വെങ്ങോല, അശമന്നൂര്‍, വാഴക്കുളം തുടങ്ങിയ പഞ്ചായത്തുകളിലും മാത്രമായി ആയിരത്തിലധികം പ്ലൈവുഡ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റ് ആയ നെല്ലിക്കുഴിയും പെരുമ്പാവൂരിന്റെ സമീപ പ്രദേശത്താണ്. കാലങ്ങള്‍ കഴിയുംതോറും പ്ലൈവുഡ് വ്യവസായ രംഗത്തും മറ്റും പുതിയ സ്ഥാപനങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവന്നത് വര്‍ധിച്ച ഉല്‍പ്പാദനത്തിനൊപ്പം തടിയുടെ ആവശ്യകതയും കൂട്ടി. വന്‍തോതില്‍ കയറ്റുമതിയും പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ഏതിനത്തില്‍പെട്ട തടിക്കും ലഭിക്കുന്ന മികച്ച വിലയും തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും മറ്റും പെരുമ്പാവൂരിനെ വ്യവസായികള്‍ക്ക് പ്രിയപ്പെട്ടതാക്കി. മധ്യകേരളത്തിലായതിനാല്‍ തിരുവനന്തപുരം ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്ത് നിന്നുമെല്ലാമുള്ള വ്യവസായികള്‍ക്ക് തടിയെത്തിക്കാന്‍ തുല്യ ദൂരം തന്നെയാണെന്നതും, ഇരുഭാഗങ്ങളില്‍ നിന്നുമുള്ള തടിയുടെ വരവ് ക്രമീകരിച്ച് കൊണ്ടുപോകാന്‍ സാധിച്ചതും പെരുമ്പാവൂരിന്റെ വളര്‍ച്ചയിലെ പ്രധാനഘടകമാണ്.

പെരുമ്പാവൂരിലെ തടിമാര്‍ക്കറ്റ് അന്നദാതാവാകുന്നത് തടി വ്യവസായികള്‍ക്ക് മാത്രമല്ല. മറിച്ച് രാത്രി ഭക്ഷണശാലകള്‍, വര്‍ക്‌ഷോപ്പുകള്‍, ടയര്‍ വ്യവസായികള്‍ തുടങ്ങിയവരെല്ലാം ഇതിന്റെ പിന്‍പറ്റി വരുമാനം നേടുന്നു. ദിനംപ്രതി ആയിരത്തോളം ലോറികള്‍ തടിയുമായി പെരുമ്പാവൂരിലേക്ക് എത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാത്രികാലങ്ങളിലാണ് തടിലോറികള്‍ അധികവും വരുന്നത് എന്നതിനാല്‍, ഇതിനു പിന്‍പറ്റുന്ന അനുബന്ധ വ്യവസായങ്ങളില്‍ അധികവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്. മികച്ച രീതിയില്‍ മുന്നോട്ടുപോയ തടി വ്യവസായത്തിന് ഒരു ഇടിവ് വന്നത് പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കലിന് ശേഷമാണെന്നാണ് വ്യവസായികളുടെ അഭിപ്രായം. എല്ലാ മേഖലകളിലും എന്ന പോലെ തടി വ്യവസായത്തിലും നഷ്ടക്കണക്കുകള്‍ നിറഞ്ഞു. എന്നാല്‍ പ്രതാപം കൈവിടാത്ത പെരുമ്പാവൂരിന്റെ തടിക്കച്ചവടം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഒരു ഇടക്കാലത്തിന് ശേഷം പെരുമ്പാവൂരില്‍ തടിലോറികള്‍ നിറഞ്ഞ് തുടങ്ങിയിരിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പ്രവര്‍ത്തനം നിലച്ചതോടെ പ്രതിസന്ധിയിലായ പെരുമ്പാവൂരിന് കരകയറാന്‍ കിട്ടിയ പിടിവള്ളിയായിരുന്നു തടിവ്യവസായം. 1984-85 കാലഘട്ടത്തോടെ പെരുമ്പാവൂര്‍ തടിയുടെ കാതലുള്ള കച്ചവടത്തിലേക്ക് ചുവടുമാറുകയായിരുന്നു. 1956ല്‍ പെരുമ്പാവൂരില്‍ ആദ്യ തടിമില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും തടിവ്യവസായത്തെ കൂടുതല്‍ ആളുകള്‍ ഏറ്റെടുത്തതും വളര്‍ത്താന്‍ ആരംഭിച്ചതും വളരെ കാലങ്ങള്‍ കഴിഞ്ഞാണ്. ഇന്ന് നികുതി ഇനത്തില്‍ പ്രതിമാസം 50 കോടിയിലധികം രൂപയാണ് ഇവിടെ നിന്ന് സര്‍ക്കാരിലേക്കെത്തുന്നത്.

പെരുമ്പാവൂരിലെ തടിമാര്‍ക്കറ്റ് അന്നദാതാവാകുന്നത് തടി വ്യവസായികള്‍ക്ക് മാത്രമല്ല. മറിച്ച് രാത്രി ഭക്ഷണശാലകള്‍, വര്‍ക്‌ഷോപ്പുകള്‍, ടയര്‍ വ്യവസായികള്‍ തുടങ്ങിയവരെല്ലാം ഇതിന്റെ പിന്‍പറ്റി വരുമാനം നേടുന്നു. ദിനംപ്രതി ആയിരത്തോളം ലോറികള്‍ തടിയുമായി പെരുമ്പാവൂരിലേക്ക് എത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

കേരളത്തില്‍ തടിവ്യവസായം ആരംഭിച്ചത് കണ്ണൂരിലെ വളപട്ടണത്ത് ആണെങ്കിലും അതിനെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ പ്രധാന പങ്ക് വഹിച്ചത് കല്ലായിയും പെരുമ്പാവൂരും തന്നെ. വന നിയമങ്ങള്‍ ശക്തമായതോടെ തടിയുടെ ലഭ്യതയില്‍ ഇടിവ് വന്നപ്പോഴാണ് റബര്‍ തടി ഉപയോഗിച്ച് പായ്ക്കിംഗ് കെയ്‌സ് നിര്‍മിക്കുന്ന രീതി അവലംബിക്കപ്പെട്ടത്. കേരളത്തില്‍ വന്‍ തോതില്‍ റബര്‍ മരങ്ങളുടെ ലഭ്യതയുള്ളതും വിലക്കുറവും മറ്റും ഈ വ്യവസായത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് വഴിവെക്കുകയായിരുന്നു. പിന്നീട് സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങളുടെ ചുവടുപിടിച്ച് റബര്‍ തടിയുടെ വിനീര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പ്ലൈവുഡ് വ്യവസായം പടര്‍ന്നുപിടിച്ചു. സാധ്യതകള്‍ മനസിലാക്കി നിരവധി വ്യവസായികള്‍ പ്ലൈവുഡ് രംഗത്തേക്ക് പ്രവേശിച്ചതോടെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പ്ലൈവുഡ് നിര്‍മാണ കേന്ദ്രമായി പെരുമ്പാവൂര്‍ വളര്‍ന്നു. ഇന്ന് ദുബായ്, ഖത്തര്‍, കുവൈറ്റ്, സൗദി, തുര്‍ക്കി, തായ്‌ലന്‍ഡ് തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലേക്ക് ഇവിടെനിന്നും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

പെരുമ്പാവൂരിന്റെ വ്യവസായ ചരിത്രത്തില്‍ ഈയടുത്ത കാലത്ത് കയറിപ്പറ്റിയവരാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. വ്യവസായത്തിന്റെ പൊടുന്നനെയുള്ള വളര്‍ച്ചയ്ക്ക് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്തുണയായി എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. 2005 കാലഘട്ടത്തോടെയാണ് പെരുമ്പാവൂരിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ എത്തിത്തുടങ്ങിയത്. അതിന് മുമ്പും ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും പെരുമ്പാവൂരിന്റെ സാധ്യതകള്‍ മനസിലാക്കിക്കൊണ്ട് അവര്‍ പാലായനം ചെയ്ത് തുടങ്ങിയത് ഈ കാലഘട്ടത്തിലായിരുന്നു. കുടുംബം പോറ്റുന്നതിനായി സ്വന്തം നാടുവിട്ട് പെരുമ്പാവൂരിലെത്തിയ അവര്‍ക്ക് ഇവിടം സ്വന്തം നാട് തന്നെയായി, പെരുമ്പാവൂരുകാര്‍ നാട്ടുകാരും. ഇന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക സിനിമാ തിയറ്റര്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക സ്ഥലം പെരുമ്പാവൂരാണ്. കൂടാതെ ഇവിടുത്തെ സ്‌കൂളുകളില്‍ ഇതര സംസ്ഥാന കുട്ടികള്‍ക്കായി പ്രത്യേക സിലബസും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിനൊപ്പം മലയാളവും പഠിച്ചാണ് അവര്‍ വളരുന്നത്. പെരുമ്പാവൂരിന്റെ സുരക്ഷിതാവസ്ഥ മനസിലാക്കിയതോടെ ആദ്യമെത്തിയവര്‍ സുഹൃത്തുക്കളെയും മറ്റും കൊണ്ടുവന്നു. മിനി ഇന്ത്യയെന്ന വിളിപ്പേര് പെരുമ്പാവൂരിന് ലഭിച്ചത് അങ്ങനെയാണ്. തടി വ്യവസായത്തിന് പുറമെ മറ്റ് വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും കൂടി ഈ ഇതര സംസ്ഥാന തൊഴിലാളികള്‍ വരുമാനമെത്തിച്ചു. ഭായിത്തെരുവ് എന്നറിയപ്പെടുന്ന ഇവിടത്തെ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഞായറാഴ്ചക്കാഴ്ച മാത്രം മതി ഇതിന്റെ വ്യാപ്തി മനസിലാക്കാന്‍. ഞായറാഴ്ചകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കടകളും മറ്റുമായി പെരുമ്പാവൂര്‍ പാടേ വ്യത്യസ്തമായിരിക്കും. മൊബീല്‍ കടകളിലും വസ്ത്രശാലകളിലും മറ്റുമാണ് ഇവരുടെ ഏറ്റവും അധികം തിരക്ക് അനുഭവപ്പടുക. ഞായറാഴ്ചകളില്‍ ഇവിടുത്തെ മൊബീല്‍ കടകളില്‍ മാത്രമായി 2 ലക്ഷത്തിലധികം രൂപയുടെ കച്ചവടം നടക്കുന്നതായാണ് കണക്ക്. ഈ വരുമാനവും പട്ടണത്തിന്റെ മാറ്റവുമെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ തടിവ്യവസായത്തില്‍ നിന്നുല്‍ഭവിച്ചതാണ്.

തടിവ്യവസായം മാറ്റിമറിച്ച പട്ടണത്തിന്റെ പേരാണിന്ന് പെരുമ്പാവൂര്‍. കാതലുള്ള തടിയുടെ കരുത്തുറ്റ കച്ചവട പാരമ്പര്യവുമായി പെരുമ്പാവൂര്‍ അന്നദാതാവാകുന്നത് പരദേശികള്‍ക്ക് കൂടിയാണ്. ഇടക്കാലത്തെ ഇടിവിന് ശേഷം പെരുമ്പാവൂര്‍ തടിക്കരുത്തിലേക്ക് തിരിച്ചുകയറുകയാണ്..

Comments

comments

Categories: FK Special, Slider