ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 53% വര്‍ധിച്ചു

ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 53% വര്‍ധിച്ചു

വ്യാപാര കമ്മി ആദ്യത്തെ ഏഴ് മാസങ്ങളില്‍ 44.51 ബില്യണ്‍ യുഎസ് ഡോളറിലെത്തി

ബെയ്ജിംഗ്: ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വന്‍ ഉയര്‍ച്ച. ഒക്‌റ്റോബറില്‍ കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 53 ശതമാനം ഉയര്‍ന്ന് 1.24 ബില്യണ്‍ യുഎസ് ഡോളറായി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 0.81 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു. അതേസമയം വ്യാപാര കമ്മി ഉയരുന്നത് തുടരുകയാണ്. 3.86 ബില്യണ്‍ യുഎസ് ഡോളറായിരുന്നു ഒക്‌റ്റോബറിലെ വ്യാപാര കമ്മി. ഒരു രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ മൂല്യം കയറ്റുമതിയുടെ മൂല്യത്തേക്കാളും ഉയര്‍ന്നതായിരിക്കുന്ന അവസ്ഥയാണ് വ്യാപാര കമ്മിയായി കണക്കാക്കപ്പെടുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പ്രതിസന്ധികളുണ്ടെങ്കിലും ഇന്ത്യ-ചൈന വ്യാപാരം ഒക്‌റ്റോബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13.56 ശതമാനം ഉയര്‍ന്ന് 6.33 ബില്യണ്‍ ഡോളറായി. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി വാര്‍ഷികാടിസ്ഥാത്തില്‍ 6.87 ശതമാനം വര്‍ധിച്ച് 5.09 ബില്യണ്‍ യുഎസ് ഡോളറായി.
പ്രകൃതിദത്ത മുത്തുകള്‍, വിലയേറിയ കല്ലുകളും ലോഹങ്ങളും, ജൈവ രാസപദാര്‍ത്ഥങ്ങള്‍, ചെമ്പ് ഉല്‍പ്പന്നങ്ങള്‍, പരുത്തി തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും ചൈനയിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷമായി കയറ്റുമതിയില്‍ ഇടിവാണ് ഇന്ത്യ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി കയറ്റുമതി വളര്‍ച്ച പ്രകടമാക്കുന്നുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ 40.69 ശതമാനം ഉയര്‍ന്ന് 10.60 ബില്യണ്‍ യുഎസ് ഡോളറിലെത്തി. എന്നിരുന്നാലും ചൈനയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിക്കുന്നത് തുടര്‍ന്നതിനാല്‍ വ്യാപാര കമ്മി ആദ്യത്തെ ഏഴ് മാസങ്ങളില്‍ 44.51 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഇന്ത്യന്‍ കയറ്റുമതി മേഖല വിപുലീകരിക്കുന്നതിനായി തങ്ങളുടെ ഫാര്‍മസ്യൂട്ടിക്കല്‍, ഐടി, സോഫ്റ്റ് വെയര്‍ മേഖലകള്‍ക്ക് ചൈനയില്‍ അവസരമുണ്ടാക്കുന്നതിനായി ഇന്ത്യ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

Comments

comments

Categories: World