നിലവില്‍ ഇന്ത്യയുടെ ക്ഷീര വ്യവസായത്തിന്റെ മൂല്യം 5.4 ട്രില്ല്യണ്‍ രൂപയാണ്
മുംബൈ: ഇന്ത്യന്‍ ക്ഷീര വ്യവസായത്തിന്റെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (കോംപൗണ്ടഡ് ആന്വല്‍ ഗ്രോത്ത് റേറ്റ്- സിഎജിആര്‍) 2016-2020 കാലയളവില്‍ 15 ശതമാനമായി നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് എഡെല്‍വെയ്സ് സെക്യൂരിറ്റീസ്. നിലവില്‍ ഇന്ത്യയുടെ ക്ഷീര വ്യവസായത്തിന്റെ മൂല്യം 5.4 ട്രില്ല്യണ്‍ രൂപയാണ്. 2010-16 ല്‍ 15 ശതമാന വാര്‍ഷിക വളര്‍ച്ച പാല് ഉല്‍പ്പാദന രംഗം നേടിയെടുത്തു. ഇതേ നിരക്ക് തന്നെ നിലനിര്‍ത്തിയാല്‍ 2020 ഓടെ 9.4 ട്രില്ല്യണ്‍ രൂപ മൂല്യത്തിലേക്ക് ഇന്ത്യന്‍ പാല് ഉല്‍പ്പാദന രംഗം വളരുമെന്ന് എഡെല്‍വെയ്സ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഉപഭോക്തൃ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടാവും ക്ഷീര വ്യവസായത്തിന്റെ മുന്നേറ്റം.
1970 ല്‍ രാജ്യത്തെ ക്ഷീരോല്പ്പാദനം 20 മില്ല്യണ്‍ മെട്രിക് ടണ്ണായിരുന്നു. അന്നത്തെ ഉപഭോഗവുമായി തട്ടിക്കുമ്പോള്‍ ഇത് അപര്യാപ്തമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും 160 മില്ല്യണ്‍ മെട്രിക് ടണ്‍ ഉല്‍പ്പാദനവുമായി ലോകത്തെ ഏറ്റവും വലിയ ക്ഷീരോല്പ്പാദകരായി ഇന്ത്യ പിന്നീട് മാറി. ആഗോള തലത്തില്‍ ഉല്‍പ്പാദനത്തിന്റെ 18 ശതമാനം വരുമിത്. 2020 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ പാല് അധിഷ്ഠിത ഉല്‍പ്പന്ന നിര്‍മാതാക്കളായും ഇന്ത്യ മാറും- റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ക്ഷീര മേഖലയിലെ സ്വകാര്യ കമ്പനികളിലെ നിക്ഷേപം ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കും
ക്ഷീര സഹകരണ സംഘങ്ങളുടെ ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച സെന്‍ട്രല്‍ സ്കീം നാഷണല്‍ ഡയറി പ്ലാനിന്റെ ആദ്യ ഘട്ടം 2012-17 ല്‍ നടപ്പാക്കുകയുണ്ടായി. ആഭ്യന്തര ക്ഷീര മേഖലയിലെ സ്വകാര്യ കമ്പനികളിലെ നിക്ഷേപം ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കും.
ആഗോള തലത്തിലെ പ്രതിശീര്‍ഷ പാല് ഉപഭോഗം ഒരു ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയെടുക്കുന്നത്. ഇതുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയിലെ പ്രതിശീര്‍ഷ പാല് ഉപഭോഗത്തിന്റെ വാര്‍ഷിക വളര്‍ച്ച മൂന്നു ശതമാനം എന്ന നില കൈവരിക്കുന്നു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയിലൂടെ ഇന്ത്യയുടെ പ്രതിശീര്‍ഷ ഉപഭോഗം ഉയര്‍ത്താന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കള്‍ ബ്രാന്‍ഡിന് നല്കുന്ന പ്രാധാന്യം കൂടിയതും വരുമാന വര്‍ധനവും ക്ഷീരോല്പ്പന്നങ്ങളിലും അനുബന്ധ ഉല്‍പ്പന്നങ്ങളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. യൂറോപ്യന്‍ യൂണിയന്, ചൈന, പാക്കിസ്ഥാന് തുടങ്ങിയ മറ്റ് ക്ഷീരോല്പ്പാദക രാജ്യങ്ങള്‍ 2020 ഓടെ രണ്ട് ശതമാനം വളര്‍ച്ച കൈവരിക്കും. ഇത് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനത്തേക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.