‘വികസനത്തെക്കുറിച്ച് സര്‍ക്കാരിനും ജനങ്ങള്‍ക്കും ബോധ്യമുണ്ട്’

‘വികസനത്തെക്കുറിച്ച് സര്‍ക്കാരിനും ജനങ്ങള്‍ക്കും ബോധ്യമുണ്ട്’

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളം കൂടുതല്‍ ബിസിനസ് സൗഹൃദമായിക്കൊണ്ടിരിക്കുകയാണ്. സാഹചര്യങ്ങളെ അനുകൂലമാക്കി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് ഇനി വേണ്ടത്-ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി എ അജ്മല്‍

കൊച്ചി: കേരള വികസനം എന്നാല്‍ ഐടി വികസനം മാത്രമായി ചുരുങ്ങരുതെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി എ അജ്മല്‍. കേരളത്തില്‍ അനുദിനം ബിസിനസ് സാധ്യതകള്‍ വര്‍ധിച്ചു വരികയാണ്. ജനങ്ങളും സര്‍ക്കാരും ഇതേക്കുറിച്ച് ബോധവാന്മാരാണ് എന്നതാണ് പോസറ്റിവ് ആയ ഒരു കാര്യം. മാനുഫാക്ച്ചറിംഗ് മേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസന പദ്ധതികളാണ് കേരളത്തിനാവശ്യം- വി എ അജ്മല്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ബിസിനസ് വികസനം, സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം, തൊഴിലവസരങ്ങള്‍, ജീവിതനിലവാരത്തില്‍ ഉണ്ടാകുന്ന മാറ്റം തുടങ്ങിയവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കൂടുതല്‍ വരുമാനം നേടാനാവുകയും ചെയ്യുന്ന വ്യവസായങ്ങള്‍ കേരളത്തില്‍ വളര്‍ന്നു വരണം. സംസ്ഥാനത്തിന്റെ വികസന അജണ്ടയില്‍ അത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പിന്തുണയും വേണം. വ്യവസായങ്ങള്‍ വളരുമ്പോള്‍ അതിനനുസൃതമായ ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍ ഒരുക്കണം. മെച്ചപ്പെട്ട, വീതിയുള്ള റോഡുകളുടെ അപര്യാപ്തത കാലങ്ങളായി കേരളം നേരിടുന്ന പ്രശ്‌നമാണ്. വ്യാവസായിക വികസനത്തിന് മുന്‍ഗണന നല്‍കുന്നതോടൊപ്പം ഇക്കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അജ്മല്‍ അഭിപ്രായപ്പെട്ടു.

‘വരും വര്‍ഷങ്ങളില്‍ സംഘടിത റീട്ടെയ്‌ലര്‍മാര്‍ കേരളത്തില്‍ കൂടുതലായി നിക്ഷേപം നടത്തും’

അഴിമതി ഇല്ലാതെ വികസനപദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചാല്‍ തന്നെ വലിയ മാറ്റം വികസനരംഗത്ത് ഉണ്ടാകും. തൊഴിലാളി പ്രശ്‌നം, കയറ്റിറക്ക് നയം എന്നിവ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പുതിയ ബിസിനസുകള്‍ വന്നാല്‍ മാത്രമേ തൊഴില്‍ അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കപ്പെടുകയുള്ളൂവെന്നും അതുവഴി മാത്രമേ നാടിന്റെ വികസനം പൂര്‍ണ അര്‍ത്ഥത്തില്‍ സാധ്യമാകുകയുള്ളൂവെന്നും ജനങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു.

വരുംവര്‍ഷങ്ങളില്‍ സംഘടിത റീട്ടെയ്‌ലര്‍മാര്‍ കേരളത്തില്‍ കൂടുതലായി നിക്ഷേപം നടത്താനുള്ള സാധ്യതയാണുള്ളത്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പല റീട്ടെയ്ല്‍ ഭീമന്മാരും കേരളത്തെ ഫലഭൂയിഷ്ഠമായ മണ്ണായാണ് കാണുന്നത്. റീട്ടെയ്ല്‍ രംഗത്ത് നിക്ഷേപം വര്‍ധിക്കുന്നതോടെ സ്റ്റോറുകളുടെ എണ്ണം വര്‍ധിക്കും, അതുവഴി തൊഴിലവസരങ്ങളും വര്‍ധിക്കും. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നിക്ഷേപകര്‍ തമ്മില്‍ തീര്‍ത്തും ആരോഗ്യപരമായ മത്സരം വരികയും ചെയ്യും. ഇതിന്റെ എല്ലാത്തിന്റെയും ഗുണം ലഭിക്കുക കേരളത്തിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും തന്നെയാണെന്നും അജ്മല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ചു കാലങ്ങളായി തൊഴില്‍ സമരം മൂലം കേരളത്തിലെ വ്യവസായങ്ങള്‍ അടച്ചു പൂട്ടിയതായി കാണുന്നില്ല. തൊഴില്‍ദാതാക്കള്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന തൊഴില്‍ സൗഹൃദനയങ്ങള്‍ പിന്തുടരുകയും തൊഴിലാളി ക്ഷേമ നടപടികള്‍ നടപ്പില്‍ വരുത്തുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. ബിസ്മിയില്‍ 1200ല്‍ പരം തൊഴിലാളികളുണ്ട്. എല്ലാവിധ തൊഴിലാളിക്ഷേമ നടപടികളും ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ബിസിനസ് വികസനം എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മാത്രമല്ല, സംരംഭകര്‍ മുന്‍കൈ എടുത്ത് നടത്തുന്ന ഇത്തരം തൊഴിലാളി ക്ഷേമ പദ്ധതികള്‍ കൂടിയാണെന്ന് അജ്മല്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories