ബിറ്റ്‌കോയിന്റെ ജനകീയത ഉയരുന്നു

ബിറ്റ്‌കോയിന്റെ ജനകീയത ഉയരുന്നു

ആദ്യമായി ഒരു ലോകനേതാവ് ബിറ്റ്‌കോയിന് പിന്തുണയുമായി രംഗത്തെത്തിയത് ലോകം മുഴുവനുമുള്ള ക്രിപ്‌റ്റോകറന്‍സി ആരാധകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിരിക്കുന്നത്

യുഎസില്‍ ബിറ്റ്‌കോയിന്‍ ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് ആരംഭിച്ചതോടെ ലോകത്തെ അമ്പരപ്പെടുത്തി മുന്നേറുന്ന ഈ ക്രിപ്‌റ്റോകറന്‍സിക്ക് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ആധികാരികത കൈവന്നിട്ടുണ്ട്. ഐഎംഎഫ് ഉള്‍പ്പെടെയുള്ള ആഗോള സ്ഥാപനങ്ങളുടെ മേധാവികള്‍ ബിറ്റ്‌കോയിനിന്റെ സാധ്യതകളെയും ആശങ്കകളെയും എല്ലാം കുറിച്ച് തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ലോകനേതാവും ക്രിപ്‌റ്റോകറന്‍സിയെ പൂര്‍ണമായും പിന്തുണച്ച് രംഗത്തുവന്നിരുന്നില്ല. എന്നാല്‍ അത് തിരുത്തിയിരിക്കുകയാണ് ലോകത്തെ ശക്തമായ രാഷ്ട്രങ്ങളിലൊന്നായ ഇസ്രയേലിന്റെ അധിപന്‍ ബെഞ്ചമിന്‍ നെതന്യാഹു.

രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ എല്ലാം ബിറ്റ്‌കോയിനെ എങ്ങനെ വരുതിയിലാക്കണമെന്ന് ചിന്തിച്ച് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴാണ് ഈ ജനകീയ ക്രിപ്‌റ്റോകറന്‍സിക്ക് പൂര്‍ണ പിന്തുണയുമായി നെതന്യാഹു അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ബിറ്റ്‌കോയ്‌നിന്റെ കടുത്ത ആരാധകനാണ് നെതന്യാഹു. അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യം കേന്ദ്ര ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുകയാണ്. ബിറ്റ്‌കോയ്ന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളുടെ കടന്നുകയറ്റത്തില്‍ ബാങ്കുകള്‍ കാലക്രമേണ ഇല്ലാതാകുമെന്നാണ് നെതന്യാഹു നടത്തിയിരിക്കുന്ന ശ്രദ്ധേയമായ പ്രസ്താവന. ഒരു ലോകനേതാവ് ഇത്തരത്തില്‍ തുറന്ന അഭിപ്രായപ്രകടനം നടത്തിയത് വ്യവസ്ഥാപിത ബിസിനസ് ലോകത്തെ ആകെ ഞെട്ടിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു അഭിപ്രായപ്രകടനം ഒരു രാഷ്ട്രത്തലവന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നത് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഇസ്രയേല്‍ നല്‍കുന്ന അംഗീകാരമായി വരെ വിലയിരുത്തലുകള്‍ വന്നു തുടങ്ങി. ബാങ്കുകളുടെ ജോലി വെറുമൊരു മിഡില്‍മെന്‍ റോള്‍ മാത്രമായി ഒതുങ്ങുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്‌കോയിന്‍ എന്ന് ലളിതമായി പറയാം. കംപ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന പ്രോഗ്രാം.
ഇടനിലക്കാരോ കേന്ദ്ര ബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ബാങ്കിംഗ്് തകര്‍ച്ചയുടെ നിരാശയില്‍ നിന്നാണ് ഡിജിറ്റല്‍ കറന്‍സി എന്ന ആശയം രൂപംകൊണ്ടത്. അതുകൊണ്ടുതന്നെ വ്യവസ്ഥാപിത ബാങ്കുകള്‍ക്ക് അതിനോട് ഒരിക്കലും വലിയ പ്രതിപത്തി തോന്നിയിരുന്നില്ല. ഇനിയൊട്ടു ഉണ്ടാകുമെന്നും തോന്നുന്നില്ല.

എന്നാല്‍ നെതന്യാഹുവിന്റെ അഭിപ്രായപ്രകടനം അസാമാന്യതലത്തിലുള്ള ആധികാരികതയാണ് ബിറ്റ്‌കോയിന് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനത്തില്‍ വലിയ കാര്യമുണ്ട് താനും. ബിറ്റ്‌കോയിനിന്റെ വളര്‍ച്ച ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി തന്നെ ബാധിക്കും. മാത്രമല്ല അത് ബാങ്കിംഗ് ഇടപാടുകളുടെ ചാര്‍ജ് വളരെ കുറയ്ക്കുന്നതിന് വരെ ഭാവിയില്‍ ഇടവരുത്തിയേക്കാം. ലോക പ്രശസ്തമായ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള വ്യക്തിയാണ് നെതന്യാഹു. ബോസ്റ്റണ്‍ കള്‍സള്‍ട്ടിംഗ് ഗ്രൂപ്പ് എന്ന ആഗോള സ്ഥാപനത്തില്‍ ഇക്കണോമിക് കണ്‍സള്‍ട്ടന്റ് ആയിട്ടും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെയൊരാള്‍ ബിറ്റ്‌കോയിനെ കുറിച്ച് കാര്യമായ ധാരണയില്ലാതെ ഇത്തരമൊരു അഭിപ്രായം പറയില്ലെന്ന് ഉറപ്പാണ്.

എന്തായാലും ബിറ്റ്‌കോയിന് ലോകത്ത് സ്വീകാര്യത വര്‍ധിച്ചുവരികയാണെന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്നത് മികച്ച വര്‍ധനയാണ്. ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് തുടങ്ങിയത് ബിറ്റ്‌കോയിനിന്റെ ചരിത്രത്തിലെ നിര്‍ണായകമായ വഴിത്തിരിവായിരുന്നു. കുറച്ച് ബഹുമാന്യത അതോടെ ഈ ക്രിപ്‌റ്റോകറന്‍സിക്ക് കൈവന്നു. സുതാര്യത കൂടി. അതിന് പിന്നാലെ സ്റ്റാര്‍ട്ടപ്പ് രാഷ്ട്രമായ ഇസ്രയേലിന്റെ തലവന്‍ നെതന്യാഹുവിന്റെ അംഗീകാരം കൂടിയായതോടെ ബഹുമാന്യതയും ആധികാരികതയും പതിന്മടങ്ങാണ് വര്‍ധിക്കുന്നത്. ലോകം ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സാമ്പത്തിക ഇടപാടുകളുടെ നട്ടെല്ല് ക്രിപ്‌റ്റോകറന്‍സികളായി മാറുമോയെന്നത് തന്നെയാകും വിപണി വിദഗ്ധരെ ഉലയ്ക്കുന്ന പ്രധാന ചോദ്യം.

Comments

comments

Categories: Editorial, Slider