വയറും മനസും നിറച്ച് ആലിബാബയും 41 വിഭവങ്ങളും

വയറും മനസും നിറച്ച് ആലിബാബയും 41 വിഭവങ്ങളും

കേരളത്തിലെ ഭക്ഷണപ്രിയന്‍മാര്‍ക്കൊരു തീര്‍ഥാടന കേന്ദ്രമുണ്ടാക്കിയാല്‍ നിസംശയം അത് സ്ഥാപിക്കപ്പെടേണ്ടത് തലശേരിയിലാണ്. രസമുകുളങ്ങളെ ആനന്ദലഹരിയിലാക്കുന്ന രുചിപ്പെരുമ തലശേരിയുടെ തല ഉയര്‍ത്തിപ്പിടിക്കുന്നു. തലശേരിയിലെ വീട്ടകങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ രുചിക്കൂട്ടുകളുടെ സുഗന്ധം കേരളമെങ്ങും നിറക്കുകയാണ് ആലിബാബ & 41 ഡിഷസ് എന്ന റസ്റ്ററന്റ് ശൃംഖല.

ആയിരത്തൊന്ന് രാവുകളിലെ ആലിബാബ ‘തുറക്ക് സീസേ’ എന്ന് പറഞ്ഞപ്പോള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന നിധി ശേഖരമായിരുന്നു. അതിലൊരു പങ്കുമെടുത്ത് വീട്ടിലെത്തിയ ആലിബാബ നിധിയുടെ രഹസ്യം കഴിയുന്നത്ര മറച്ചുവെക്കാനാണ് ശ്രമിച്ചത്.എന്നാല്‍ തലശേരിയിലെത്തി ‘തുറക്ക് സീസേ’ പറഞ്ഞാല്‍ ആലിബാബക്ക് മുന്നില്‍ തുറന്നു വരിക അതിശയിപ്പിക്കുന്ന രുചി്ക്കൂട്ടുകളുടെ നിധിശേഖരമായിരിക്കും.തലശേരിയിലെ അടുക്കളകളില്‍ പുതിയാപഌമാര്‍ക്കായി അമ്മായിയമ്മമാര്‍ സ്വന്തം കൈകൊണ്ട് വെച്ചുണ്ടാക്കി അങ്ങേയറ്റം സ്‌നേഹത്തോടെ 41 ദിവസം സല്‍ക്കരിക്കുന്ന ഭക്ഷണ വിഭവങ്ങളുടെ രുചിയും വൈവിധ്യവും നിറഞ്ഞ ശേഖരം. തലശേരിയില്‍ ആലിബാല കണ്ട രുചിപ്പെരുമയുടെ നിധി രഹസ്യമാക്കി വെക്കാതെ കേരളക്കരയാകെ എത്തിക്കാനുള്ള 4 യുവാക്കളുടെ ശ്രമമാണ് ‘ആലിബാല & 41 ഡിഷസ്’ റസ്റ്ററന്റ് ശൃംഖല.

എറണാകുളത്ത് ജോസ് ജംഗ്ഷനില്‍ 2002ല്‍ ആരംഭിച്ച സംരംഭം ഇന്ന് നാല് നഗരങ്ങളിലേക്ക് വളര്‍ന്നിരിക്കുന്നു. പരമ്പരാഗത തലശേരി വിഭവങ്ങള്‍ക്കൊപ്പം വടക്കേയിന്ത്യന്‍ തന്തൂരി വിഭവങ്ങളും ചൈനീസ് രുചികളും ഭക്ഷണപ്രേമികള്‍ക്കായി ഇവിടെ ഒരുക്കി വെച്ചിരിക്കുന്നു. കൂടാതെ വ്യത്യസ്തകള്‍ പരീക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി തുര്‍ക്കി വിഭവങ്ങള്‍ വിളമ്പുന്ന ‘ഡോണര്‍ കബാബ്’, സമ്പൂര്‍ണ സസ്യാഹാരികളെ കാത്ത് വടക്കേയിന്ത്യന്‍ വിഭവങ്ങളുമായി ‘ബാബ്ജി സബ്ജി’ എന്നീ അനുജന്‍മാരും ആലിബാബക്കൊപ്പം നിരന്നു കഴിഞ്ഞു. 2020ഓടെ തനതായ തലശേരി രുചികള്‍ ലോകത്തെ അറിയിക്കുന്ന 20 സ്ഥാപനങ്ങളെന്നതാണ് ആലിബാബയുടെ വികസന ലക്ഷ്യം. കേരളത്തിന്റെ സ്വന്തം റസ്റ്ററന്റ് ശൃംഖലയായി വളരാന്‍ ലക്ഷ്യമിടുന്ന ആലിബാബയുടെ സ്ഥാപകരിലൊരാളും എംഡിയുമായ സിദ്ദിഖ് എം സംസാരിക്കുന്നു.

റീഎന്‍ട്രി ഇല്ലാത്ത ബിസിനസാണിത്. ഭക്ഷണം ഒരിക്കല്‍ മോശമായാല്‍ അത് നന്നാക്കാനാവില്ല. ചെറിയ ഡിഫക്റ്റ് ഉണ്ടെങ്കില്‍ ആള്‍ക്കാര്‍ക്ക് കൊടുക്കാനാവില്ല. അതുകൊണ്ട് അങ്ങേയറ്റം സൂഷ്മത ആവശ്യമാണ്.
സിദ്ദീഖ് എം

റസ്റ്ററന്റുകള്‍ക്ക് ക്ഷാമമില്ലാത്ത നാടാണ് കേരളം. ധാരാളം ആളുകള്‍ക്ക് അടിപതറിയ മേഖലയുമാണ്. തുടക്കക്കാരെന്ന നിലക്ക് ആലിബാല & 41 ഡിഷസ് എന്ന പേരില്‍ റെസ്റ്ററന്റ് ശൃംഖല തുടങ്ങാനുള്ള ആശയവും ആത്മവിശ്വാസവും എവിടെ നിന്നാണ് ലഭിച്ചത്?

ഈ മേഖലയില്‍ ഒരു പാരമ്പര്യമോ പരിചയമോ ഇല്ലായിരുന്നു ഞങ്ങള്‍ക്കാര്‍ക്കും. തലശേരിക്കാരെന്ന നിലയില്‍ നല്ല ഭക്ഷണത്തോടുള്ള താല്‍പര്യമാണ് റസ്റ്ററന്റ് തുടങ്ങാനുള്ള ചിന്തയിലേക്ക് എത്തിച്ചത്. തലശേരി ഭക്ഷണം എല്ലായിടത്തും ആളുകള്‍ ഇഷ്ടപ്പെടുന്നു. അതോടൊപ്പം മറ്റ് ഇന്ത്യന്‍-ചൈനീസ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ആളുകള്‍ക്ക് നല്‍കാമെന്ന് കരുതി. 4 കസിന്‍സ് ചേര്‍ന്നാണ് ആലോചനകള്‍ നടത്തിയതും സംരംഭം ആരംഭിച്ചതും. ഞാനും എകെ സഫറുള്ളയും മൊഹമ്മദ് തലീഷുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. പഠനം കഴിഞ്ഞെത്തിയ ഇര്‍ഫാനും പിന്നീട് ജോയിന്‍ ചെയ്തു. 2012 മെയ് മാസം എറണാകുളത്ത് ജോസ് ജംഗ്ഷനിലാണ് ആദ്യം ആരംഭിച്ചത്. കൂടുതല്‍ ബ്രാഞ്ചുകളിലേക്ക് സംരംഭം വ്യാപിപ്പിക്കണമെന്ന് അന്നു തന്നെ ലക്ഷ്യം വെച്ചിരുന്നു. പിന്നീട് എറണാകുളത്ത് തന്നെ പനമ്പള്ളി നഗറിലും എടപ്പള്ളിയിലും ആരംഭിച്ചു. സ്ഥലപരിമിതി മൂലം ജോസ് ജംഗ്ഷനിലെ സ്ഥാപനം ഒഴിവാക്കി. തശൂര്‍ കുറുപ്പം റോഡിലും കണ്ണൂര്‍ ഫോര്‍ട്ട് റോഡിലും തിരുവനന്തപുരത്ത് വെള്ളയമ്പലവത്തും ആലിബാബയുടെ ബ്രാഞ്ചുകള്‍ തുടങ്ങി. ആകെ 5 റസ്റ്ററന്റുകളാണ് ഇപ്പോള്‍ ആലിബാബ എന്ന ബ്രാന്‍ഡിലുള്ളത്.

തലശേരിയില്‍ കല്യാണം കഴിഞ്ഞ് പുത്യാപഌയുടെ ആള്‍ക്കാര്‍ക്ക് 41 ദിവസം പ്രത്യേക സല്‍ക്കാരം ഉണ്ടാവും. കല്യാണം കഴിഞ്ഞ് പിന്നെ പുത്യാപഌഭാര്യയുടെ വീട്ടില്‍ താമസിക്കുന്നതാണ് തലശേരിയുടെ പാരമ്പര്യം. തലശേരിയുടെ ഈ പുതിയാപഌസല്‍ക്കാരത്തിലെ രുചികളാണ് ആലിബാലയിലും വിളമ്പുന്നത്.

ആലിബാബ & 41 ഡിഷസ് എന്ന പേര് തന്നെ വൈവിധ്യമുളളതാണല്ലോ. എന്തുകൊണ്ടാണ് റസ്റ്ററന്റിന് ഇത്തരമൊരു പേരിട്ടത്?

തലശേരിയില്‍ കല്യാണം കഴിഞ്ഞ് പുത്യാപഌയുടെ ആള്‍ക്കാര്‍ക്ക് 41 ദിവസം പ്രത്യേക സല്‍ക്കാരം ഉണ്ടാവും. കല്യാണം കഴിഞ്ഞ് പിന്നെ പുത്യാപഌഭാര്യയുടെ വീട്ടില്‍ താമസിക്കുന്നതാണ് തലശേരിയുടെ പാരമ്പര്യം. ഇപ്പോള്‍ സമയക്കുറവും തിരക്കുകളും ഒക്കെ കൊണ്ട് ഈ 41 ദിവസത്തെ സല്‍ക്കാരം രണ്ടാഴ്ചത്തേക്കും ഒരാഴ്ചത്തേക്കുമൊക്കെ ചുരുങ്ങിയിട്ടുണ്ട്. 41 ദിവസവും ആളുകള്‍ പുത്യാപഌയുടെ വീട്ടില്‍ നിന്ന് സല്‍ക്കാരത്തിന് പോകും. ആദ്യം കുട്ടികള്‍ പിന്നീട് അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ ഇങ്ങനെ എല്ലാവരും എത്തും. ഗംഭീര ഭക്ഷണമാണ് ഈ ദിവസങ്ങളില്‍ ലഭിക്കുക. ഇങ്ങനെ പോയി ഭക്ഷണം കഴിക്കുകയെന്നതാണ് പ്രധാന ഹോബി. ആട്ടിന്‍തല ഫ്രൈയും സ്റ്റൂവുമൊക്കെ ബ്രേക്ഫാസ്റ്റിന് നിര്‍ബന്ധമാണ്. ചട്ടിക്കറി, മീന്‍ പൊള്ളിച്ചത്, ആടിന്റെ ബ്രെയിന്‍ ഫ്രൈ, കല്ലുമ്മക്കായ് ഫ്രൈ, മുട്ടമാല, കക്കറോട്ടി, തലശേരി ബിരിയാണി അങ്ങനെ വായില്‍ വെള്ളമൂറിക്കുന്ന എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍. തലശേരിയുടെ ഈ പുതിയാപഌസല്‍ക്കാരത്തിലെ രുചികളാണ് ആലിബാലയിലും വിളമ്പുന്നത്. പേര് വന്നത് അങ്ങനെയാണ്. പക്ഷേ പേര് പോലെ 41 ഡിഷ് മാത്രമല്ല വിളമ്പുന്നത്. അതിലേറെയുണ്ട്.

ആലിബാബയെന്ന പേര് കേരളത്തിന്റെ ഭക്ഷണ ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എത്രമാത്രം വിഭവ സമൃദ്ധമാണ് മെനു?

എത് തരത്തിലുള്ള കസ്റ്റമേഴ്‌സ് വന്നാലും ആലിബാബയില്‍ നിന്ന് ഫുഡ് കിട്ടാതെ പോകരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ മിക്‌സ് മെനു ആണ് ഫോളോ ചെയ്യുന്നത്. ഉദാഹരണത്തിന് ഫാമിലികള്‍ വരുമ്പോള്‍ 15 വയസില്‍ താഴെയുള്ള കുട്ടികള്‍ എപ്പോഴും ചൈനീസ് വിഭവങ്ങളാണ് ഇഷ്ടപ്പെടുന്നത്. കുടുംബത്തിലെ മുതിര്‍ന്നവര്‍ നാടന്‍ ഭക്ഷണം കഴിക്കുമ്പോഴും ഫ്രൈഡ് റൈസും ചില്ലിചിക്കനും നൂഡില്‍സും മറ്റുമാണ് കുട്ടികള്‍ക്ക് പ്രിയം. അതുകൊണ്ട് തലശേരി വിഭവങ്ങള്‍ക്കൊപ്പം ചൈനീസും മറ്റ് പ്രാദേശിക രുചികളും വിളമ്പുന്നു. ചിക്കന്‍ ഫ്രൈയാണ് ആളുകളുടെ ഇഷ്ട വിഭവങ്ങളിലൊന്ന്. തലശേരി ബിരിയാണി, ഇറച്ചിച്ചോറ്, ആടിന്റെ തോളെല്ല് കൊണ്ടുണ്ടാക്കുന്ന മട്ടന്‍ റാന്‍, അകത്ത് മുട്ട ഒക്കെ വെച്ച് കോഴി നിറച്ച് പൊരിച്ചത് എന്നിവക്കെല്ലാം ആരാധകരുണ്ട്.

ബ്രാന്‍ഡ് ആയി വളരുമ്പോള്‍ രുചിത്തനിമ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണല്ലോ. 5 ബ്രാഞ്ചുകളിലെയും തലശേരി വിഭവങ്ങള്‍ക്ക് സമാനമായ രുചി നിലനിര്‍ത്തുന്നതെങ്ങനെയാണ്?

ഞങ്ങളുടേതായി കോമണ്‍ റസിപ്പിയുണ്ട്. ഒരേ രുചി നിലനിര്‍ത്താന്‍ വലിയ ശ്രമം നടത്തുന്നു. മസാല പൊടികള്‍ ഞങ്ങള്‍ തന്നെ പൊടിച്ച് ബ്രാഞ്ചുകളില്‍ എത്തിക്കും. മുളകിന്റെ എരിവും മറ്റും കൃത്യമാക്കാന്‍ ഇത് സഹായിക്കും. എല്ലാ ബ്രാഞ്ചിലും ഒരേ മെനു തന്നെയാണ്. പുതിയതായി എത്തുന്ന ആളുകളെ രണ്ടാഴ്ചയോളം പ്രധാന റെസ്റ്റോറന്റുകളിലെത്തിച്ച് മാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ പരിശീലനം കൊടുക്കും. അതിനു ശേഷമാവും ബ്രാഞ്ചുകളിലേക്ക് വിടുക. എല്ലാവരും ഫാമിലി അംഗങ്ങളായതും നേട്ടമാണ്. ഫാമിലിയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പുതിയ ആളുകള്‍ക്ക് പാചക പരിശീലനം നല്‍കാന്‍ കുടുംബത്തിലെ സ്ത്രീകള്‍ തന്നെ മുന്‍കൈയെടുക്കുന്നു. ബന്ധുക്കളെ വിളിച്ച് വിഭവങ്ങള്‍ ടേസ്റ്റ് ചെയ്യിക്കാറുമുണ്ട്.

മൊഹമ്മദ് തലീഷ്, ഫിനാന്‍സ് ഡയറക്റ്റര്‍

ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തയുള്ളവരാണ് പുതു തലമുറ. ഭക്ഷണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ പ്രത്യേക കരുതല്‍ എടുക്കാറുണ്ടോ?

തീര്‍ച്ചയായും. ഭക്ഷണം ഉണ്ടാക്കാനുപയോഗിക്കുന്ന സാധനങ്ങള്‍ ഫ്രഷ് ആണോയെന്ന് ഉറപ്പു വരുത്തും. കറിപൗഡറുകളും മറ്റും ഏറ്റവും പ്രീമിയം ബ്രാന്‍ഡിന്റേതാണ് ഉപയോഗിക്കുന്നത്. ഒരേ ബ്രാന്‍ഡിലുള്ള എണ്ണയും മറ്റുമാണ് എല്ലാ ബ്രാഞ്ചിലും ഉപയോഗിക്കുന്നത്. അലിബാബയുടെ മത്സ്യ വിഭവങ്ങള്‍ക്ക് ആരാധകരേറെയാണ്. രാസവസ്തുക്കള്‍ ചേര്‍ക്കാത്ത മീന്‍ സ്ഥിരം നല്‍കാന്‍ ആളുണ്ട്. ഡെയ്‌ലി ഫിഷില്‍ നിന്ന് മാത്രമാണ് മത്സ്യം വാങ്ങുന്നത്.

 

മൊഹമ്മദ് ഇര്‍ഫാന്‍, റീട്ടെയ്ല്‍ ഡയറക്റ്റര്‍

ആലിബാലക്കൊപ്പം ‘ഡോണര്‍ കബാബ്’, ‘ബാബ്ജി സബ്ജി’ എന്നീ ബ്രാന്‍ഡ് നെയിമില്‍ റസ്‌റ്റോറന്റുകള്‍ തുടങ്ങിയിരിക്കുകയാണല്ലോ. ആലിബാബ എന്ന ഇതിനോടകം ഹിറ്റായ ഒരു ബ്രാന്‍ഡ് നെയിം മതിയായിരുന്നില്ലേ?

വ്യത്യസ്ത വിഭാഗത്തില്‍ പെടുന്ന ആളുകളെ ഉദ്ദേശിച്ചാണ് ഇത്തരത്തില്‍ ബ്രാന്‍ഡ് വൈവിധ്യവത്കരണം നടത്തിയത്. ആലിബാല മധ്യവര്‍ഗത്തില്‍ പെടുന്ന ആളുകളെ ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. സാധാരണക്കാര്‍ക്കായാണ് ‘ഹോജ’ ആരംഭിച്ചത്. ആലിബാബയെ അപേക്ഷിച്ച് അല്‍പം കൂടി പ്രീമിയം അല്ലാത്ത ബ്രാന്‍ഡാണ് ഹോജ. നോണ്‍ വെജ് കൂടി വിളമ്പുന്ന കടയില്‍ കഴിക്കാന്‍ ബുദ്ധിമുട്ടുള്ള വെജിറ്റേറിയന്‍സിന് വേണ്ടിയാണ് ‘ബാബ്ജി സബ്ജി’ തുടങ്ങിയത്. ‘ഡോണര്‍ കബാബ്’ തുര്‍ക്കിയില്‍ നിന്നുള്ള വിഭവങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന റസ്റ്ററന്റാണ്. എല്ലാം ഒരുമിച്ചും വെവ്വേറെയും നടത്താന്‍ പദ്ധതിയുണ്ട്. ഒപ്പം നടത്തുമ്പോള്‍ പ്രവര്‍ത്തനചെലവ് കുറക്കാം. അല്‍ ഷൈന്‍ ഫൈന്‍ റസ്റ്ററന്റ്‌സ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് 4 ബ്രാന്‍ഡും ഈ കമ്പനിക്ക് കീഴില്‍ ആക്കിയിരിക്കുന്നു.

സഫറുള്ള എകെ, മാനേജിംഗ് പാര്‍ട്ട്ണര്‍

മലയാളിയുടെ ഭക്ഷണശീലങ്ങളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. പുറത്തുപോയി ഭക്ഷണം കഴിക്കാനുള്ള പ്രവണത നഗരങ്ങളില്‍ വര്‍ധിച്ചിരിക്കുന്നു. ഈ സാഹചര്യം വ്യവസായത്തിന് അനുകൂലമാണോ?

ഭക്ഷണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മലയാളി സന്നദ്ധനാണ്. എന്നാല്‍ ക്ഷമ കുറയുന്നു എന്നാണ് കണ്ടു വരുന്നത്. എല്ലാം പെട്ടെന്ന് കിട്ടണം. റസ്റ്ററന്റിലെത്തിയാലുടനെ സീറ്റ് കിട്ടണം. ഇരുന്നാലുടനെ ഭക്ഷണം കിട്ടണം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ബില്ലും കിട്ടണം. ഞാനടക്കമുള്ള മലയാളികളുടെ കാര്യമാണിത്. പക്ഷേ പൊതുവെ എല്ലായിടത്തും ആളുകള്‍ പുറത്ത് പോയി കഴിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നാണ് അനുഭവം. പ്രധാന നെട്രോ നഗരങ്ങള്‍ക്ക് പകരം പുതിയ ബി കഌസ് നഗരങ്ങളിലേക്കാണ് ആലിബാബയുടെ യാത്ര. അവിടെ ആള്‍ക്കാര്‍ക്ക് ചോയ്‌സ് കുറവായിരിക്കും. അപ്പോള്‍ വലിയ നഗരങ്ങളില്‍ മത്സരത്തിന് നില്‍ക്കാതെ പുതിയ ഇടങ്ങളിലേക്ക് മാറി ബ്രാഞ്ചുകള്‍ തുടങ്ങാനാണ് പദ്ധതി. പ്രീമിയം സ്ഥലത്ത് 1 റസ്റ്ററന്റുണ്ട് എന്ന് പറയുന്നതിനെക്കാള്‍ വേറെ സ്ഥലങ്ങളില്‍ 3 റസ്റ്ററന്റുകളുണ്ട് എന്ന് പറയുന്നതാണ് സേഫ്. ബ്രാന്‍ഡിന് വ്യാപ്തിയും മൂല്യവും നല്‍കാന്‍ ഇത് സഹായിക്കും.

പ്രധാന നെട്രോ നഗരങ്ങള്‍ക്ക് പകരം പുതിയ ബി കഌസ് നഗരങ്ങളിലേക്കാണ് ആലിബാബയുടെ യാത്ര. അവിടെ ആള്‍ക്കാര്‍ക്ക് ചോയ്‌സ് കുറവായിരിക്കും. അപ്പോള്‍ വലിയ നഗരങ്ങളില്‍ മത്സരത്തിന് നില്‍ക്കാതെ പുതിയ ഇടങ്ങളിലേക്ക് മാറി ബ്രാഞ്ചുകള്‍ തുടങ്ങാനാണ് പദ്ധതി.

എന്തൊക്കെയാണ് മുന്നോട്ടുള്ള പദ്ധതികള്‍?

നമ്മുടെ ബ്രാന്‍ഡ് നെയിം പരമാവധി പ്രയോജനപ്പെടുത്താനാണ് പദ്ധതി. തലശേരി, ഇന്ത്യന്‍ ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യ 5ല്‍ ആലിബാലയുടെ പേര് വരണമെന്നാണ് ആഗ്രഹം. കേരളത്തില്‍ ഒരേ പേരില്‍ ഇത്രയും ബ്രാഞ്ചുകള്‍ മറ്റാരും ചെയ്തിട്ടില്ല. 2020ഓടെ ആലിബാബക്ക് മാത്രം കേരളത്തില്‍ 20 ബ്രാഞ്ച് എന്നതാണ് ലക്ഷ്യം. ബാബ്ജി സബ്ജി, ഡോണര്‍ കബാബ് എന്നിവക്കും വേറെ ബ്രാഞ്ചുകള്‍ തുടങ്ങും. ജിഎസ്ടി, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയൊക്കെ എക്‌സ്പാന്‍ഷന്‍ പദ്ധതികളെ അല്‍പം പിന്നോട്ടാക്കിയിട്ടുണ്ട്. മാര്‍ക്കറ്റ് സ്റ്റെഡി ആയ ശേഷം ഓരോന്നായി ഓപ്പണ്‍ ചെയ്യണം. അടുത്ത ബ്രാഞ്ച് 2018 ജനുവരിയില്‍ മൂന്നാറിലാണ് തുറക്കുക. പിന്നാലെ 2018ല്‍ തന്നെ കൊല്ലം, അങ്കമാലി, പാലക്കാട് നഗരങ്ങളിലും ബ്രാഞ്ചുകള്‍ ആരംഭിക്കും. ‘ഡോണര്‍ കബാബ്’ ന്റെ ബ്രാഞ്ച് പിന്നാലെ കൊച്ചി ബൈപ്പാസില്‍ തുടങ്ങും. പഞ്ചാബി-ഗുജറാത്തി ഭക്ഷണം വിളമ്പാന്‍ ‘ബാബ്ജി സബ്ജി’യുടെ രണ്ടാം ബ്രാഞ്ച് 2018 ഏപ്രില്‍ മാസം തിരുവനന്തപുരത്ത് ആരംഭിക്കും.

ആലിബാബയെ ഒരു ആഗോള ബ്രാന്‍ഡാക്കിയെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ.

കേരളത്തില്‍ കാലുറപ്പിച്ചാല്‍ എവിടെ വേണെങ്കിലും പോയി ചെയ്യാമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഏറെ ബുദ്ധിമുട്ടാണ്. ഇവിടെ വിജയിച്ചാല്‍ മറ്റിടങ്ങളില്‍ എളുപ്പമാകും. ദുബായിലും ഖത്തറിലുമാണ് പഌന്‍ ചെയ്ത് വരുന്നത്. 2020ല്‍ ദുബായില്‍ വേള്‍ഡ് എ്ക്‌സ്‌പോ നടക്കാനിരിക്കുകയാണ്. പിന്നാലെ ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കും. ഗള്‍ഫ് മേഖലയില്‍ സാമ്പത്തിക അവസ്ഥ മോശമായതിനാല്‍ എത്ര സേഫ് ആണെന്ന് ആശങ്ക ഉണ്ട്. സ്വദേശിവല്‍കരണത്തിന്റെയും മറ്റും ഭാഗമായി തൊഴിലു പോകുന്നവര്‍ കൂടുതലും മലയാളികളാണ്. ഈ മലയാളികള്‍ തന്നെയാണ് റസ്റ്ററന്റില്‍ വന്ന് കഴിക്കേണ്ടവര്‍. ഏതായാലും 2020ഓടെ മിഡില്‍ ഈസ്റ്റിലേക്ക് പോകണമെന്നാണ് പദ്ധതി.

 

Comments

comments