സിറ്റി മൊബിലിറ്റി : ഫോഡും ഹൈദരാബാദ് അതോറിറ്റിയും സഹകരിക്കും

സിറ്റി മൊബിലിറ്റി : ഫോഡും ഹൈദരാബാദ് അതോറിറ്റിയും സഹകരിക്കും

ഡിജിറ്റല്‍ കാഷ്‌ലെസ് വണ്‍-ടൈം പെയ്‌മെന്റ്‌സ്, മൊബീല്‍ അധിഷ്ഠിത ടിക്കറ്റിംഗ്, സ്മാര്‍ട്ട് കാര്‍ഡ് പെയ്‌മെന്റ്‌സ് എന്നിവ നടപ്പാക്കും

ഹൈദരാബാദ് : നഗരത്തില്‍ പൊതുവായ ഡിജിറ്റല്‍ മൊബിലിറ്റി സംവിധാനം നടപ്പാക്കുന്നതിന് ഫോഡ് ഇന്ത്യയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നുപ്രവര്‍ത്തിക്കും. ഇതിന് മുന്നോടിയായി സാധ്യതാ പഠനം നടത്തുകയും ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് നഗരത്തിലെ ഗതാഗത സംവിധാനം പഠിക്കുകയും ചെയ്യും. നഗരത്തിലെ യാത്ര അനുഭവം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ അധിഷ്ഠിത മൊബിലിറ്റി സൊലൂഷന്‍സായിരിക്കും ഫോഡ് നടപ്പാക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതും ഗതാഗതത്തിരക്ക് കുറയ്ക്കുന്നതും ലക്ഷ്യങ്ങളാണ്.

മികച്ച അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ഹൈദരാബാദിന്റെ സവിശേഷതകളാണെന്ന് ധാരണാപത്രം ഒപ്പുവെച്ചുകൊണ്ട് തെലങ്കാന മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് മന്ത്രി കെടി രാമ റാവു പറഞ്ഞു. നഗരയാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് ഫോഡ് മോട്ടോര്‍ കമ്പനിയുമായുള്ള പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈറ്റ് റെയ്ല്‍, മെട്രോ, ബസ്സുകള്‍ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ ഹൈദരാബാദില്‍ കാണാം. അതേസമയം ഓരോ ദിവസവും പുതുതായി 800 ഓളം വാഹനങ്ങളാണ് നഗരത്തിലെ നിരത്തുകളിലെത്തുന്നതെന്ന് ഫോഡ് ചൂണ്ടിക്കാട്ടി. പൊതുവായ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് നൂതന പരിഹാരങ്ങളാണ് ഫോഡ് മുന്നോട്ടുവെയ്ക്കുന്നത്.

ഡിജിറ്റല്‍ മൊബിലിറ്റി സംവിധാനം നടപ്പാക്കുന്നതിന് ഫോഡ് ഇന്ത്യയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു

ഗതാഗത മേഖലയിലെ പുതിയ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് നഗരങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണ് മൊബിലിറ്റി കമ്പനിയെന്ന നിലയില്‍ ഫോഡ് ചെയ്യുന്നതെന്ന് ഫോഡ് സ്മാര്‍ട്ട് മൊബിലിറ്റി ഇന്ത്യ ഡയറക്റ്റര്‍ ആര്‍ മഹാദേവന്‍ വ്യക്തമാക്കി. ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി പോലുള്ള പ്രാദേശിക വികസന അതോറിറ്റികളുമായി ചേര്‍ന്ന് ഓരോ നഗരങ്ങളിലെയും ആവശ്യങ്ങള്‍ മനസ്സിലാക്കി ഗതാഗത മേഖലയില്‍ സാങ്കേതികവിദ്യാ പരിഹാരങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ കാഷ്‌ലെസ് വണ്‍-ടൈം പെയ്‌മെന്റ്‌സ്, മൊബീല്‍ അധിഷ്ഠിത ടിക്കറ്റിംഗ്, വിവിധ ഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി സ്മാര്‍ട്ട് കാര്‍ഡ് പെയ്‌മെന്റ്‌സ് എന്നിവ നടപ്പാക്കാനാണ് ഫോഡിന്റെ തീരുമാനം. ഹൈദരാബാദ് നിവാസികളുടെ ദിവസേനയുള്ള യാത്രാരീതികള്‍ പഠനത്തിന് വിധേയമാക്കും. വിവിധ ഗതാഗത സംവിധാനങ്ങള്‍ ജനങ്ങള്‍ എതുവിധത്തിലാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തും.

നിലവില്‍ ലോക ജനസംഖ്യയുടെ പകുതിയോളം നഗരങ്ങളിലാണ് വസിക്കുന്നത്. 2030 ഓടെ ഇത് അറുപത് ശതമാനത്തോളമാകുമെന്നാണ് കരുതുന്നത്. ഇന്നൊവേറ്റീവ് മൊബിലിറ്റി സൊലൂഷന്‍സുമായി ബന്ധപ്പെട്ട് നിലവില്‍ മുംബൈ, ഇന്‍ഡോര്‍ നഗരങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണ് ഫോഡ്.

Comments

comments

Categories: Auto