ലോസ് ആഞ്ജലസ് ഓട്ടോ ഷോ 2017-മികച്ച ആഡംബര കാറുകള്‍

ലോസ് ആഞ്ജലസ് ഓട്ടോ ഷോ 2017-മികച്ച ആഡംബര കാറുകള്‍

ഈ മാസം ആദ്യ വാരത്തിലാണ് ലോസ് ആഞ്ജലസ് ഓട്ടോ ഷോ അരങ്ങേറിയത്. ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഒന്നിനൊന്ന് മികച്ച മത്സരം കാഴ്ച്ചവെയ്ക്കുന്നത് ഈ വര്‍ഷത്തെ ഓട്ടോ ഷോയില്‍ കണ്ടു. മികച്ച ആഡംബര കാറുകള്‍ തെരഞ്ഞെടുക്കുന്നത് അത്യന്തം ദുഷ്‌ക്കരമായ ഓട്ടോ ഷോ.

ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ കാഴ്ച്ചകള്‍ ഒരുപാടായിരുന്നു. 755 കുതിരശക്തിയുള്ള ലോകത്തെ ഏറ്റവും വേഗമേറിയ ഷെവര്‍ലെ കോര്‍വെറ്റ് മുതല്‍ ഓള്‍ ഇലക്ട്രിക് മിനി വരെ പ്രദര്‍ശനത്തില്‍ അണിനിരന്നു. ആഡംബര കാറുകളുടെ നിരയില്‍ മിഡ്‌സൈസ് എസ് യു വികളും ക്രോസ് ഓവറുകളുമാണ് ആധിപത്യം സ്ഥാപിച്ചത്. ഓട്ടോണമസ് ഡ്രൈവിംഗ്, ഇലക്ട്രിക് പവര്‍ട്രെയ്‌നുകള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചു.

ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ലാന്‍ഡ് റോവര്‍, പോര്‍ഷെ, ഫോക്‌സ് വാഗണ്‍, മിനി ബ്രാന്‍ഡുകള്‍ ഓട്ടോ ഷോയില്‍ ആദ്യന്തം പങ്കെടുത്തു. ബോളിംഗര്‍ മോട്ടോഴ്‌സിന്റെ ഓള്‍ ഇലക്ട്രിക്, ഓള്‍ വീല്‍ ഡ്രൈവ്, ഡിഫന്‍ഡര്‍ സ്‌റ്റൈല്‍ എസ് യു വിയെയും കൂട്ടത്തില്‍ കണ്ടു. ബദല്‍ ഇന്ധനങ്ങളെയും ബദല്‍ പവര്‍ട്രെയ്‌നുകളെയും കുറിച്ച് വാഹന നിര്‍മ്മാതാക്കള്‍ ഏറ്റവുമധികം സംസാരിച്ച ഓട്ടോ ഷോ കൂടിയാണ് കടന്നുപോയത്.

ലോകത്തെല്ലായിടത്തും സെഡാന്‍ വില്‍പ്പന ഇടിയുന്നതും സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ് യു വി) വില്‍പ്പന കുതിച്ചുയരുന്നതുമാണ് കാണാനാകുന്നത്. അതുകൊണ്ടുതന്നെ സുബാരു, ലെക്‌സസ്, വോള്‍വോ, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികള്‍ പുതിയ കോംപാക്റ്റ്, മിഡ്‌സൈസ് എസ് യു വികളാണ് പ്രദര്‍ശിപ്പിച്ചത്. ജീപ്പിന്റെ പുതിയ റാംഗ്ലര്‍ മോഡലിനെയാണ് ഒരു പക്ഷേ വാഹനപ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ റാംഗ്ലറിന് ഏറ്റവും വലിയ അപ്‌ഡേറ്റ് ലഭിക്കുന്നത് ഇപ്പോഴാണ്.

യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് 2017 ലോസ് ആഞ്ജലസ് ഓട്ടോ ഷോ വലിയ പരിഗണന നല്‍കി. ജീപ്പ് റാംഗ്ലര്‍ എന്ന യൂട്ടിലിറ്റി വാഹനത്തിന് ചുറ്റുമാണ് ഏറ്റവുമധികം ആളുകൂടിയത്. 2018 പകുതിയോടെയോ അവസാനത്തിലോ ഇവയില്‍ മിക്ക വാഹനങ്ങളും വിപണിയിലെത്തും. ഈ വര്‍ഷത്തെ ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ കുറച്ച് വാഹനങ്ങളെ അറിയാം.

2019 കോര്‍വെറ്റ് ഇസഡ്ആര്‍ 1

എക്കാലത്തെയും ഏറ്റവും വേഗമേറിയ കോര്‍വെറ്റാണ് 2019 കോര്‍വെറ്റ് ഇസഡ്ആര്‍ 1 കണ്‍വെര്‍ട്ടിബിള്‍. ഇന്റര്‍കൂള്‍ഡ് സൂപ്പര്‍ചാര്‍ജര്‍ സിസ്റ്റം സഹിതം 755 എച്ച്പി എല്‍ടി5 6.2 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിനാണ് 2019 ഇസഡ്ആര്‍ 1 ന് നല്‍കിയിരിക്കുന്നത്. 80,000 ഡോളര്‍ വിലയുള്ള നിലവിലെ കോര്‍വെറ്റ് ഇസഡ് 06 ലെ സൂപ്പര്‍ചാര്‍ജറിനേക്കാള്‍ 52 ശതമാനം അധികം ഡിസ്‌പ്ലേസ്‌മെന്റ് വോള്യം കോര്‍വെറ്റ് ഇസഡ്ആര്‍ 1 ലെ എന്‍ജിന്‍ നല്‍കുന്നു. ഇസഡ് 06 നേക്കാള്‍ 100 കുതിരശക്തി അധികം കരുത്തും കോര്‍വെറ്റ് സ്റ്റിന്‍ഗ്രേയുടെ 55,000 ഡോളര്‍ വിലയുള്ള സ്റ്റാന്‍ഡേഡ് ബേസ് വേര്‍ഷനേക്കാള്‍ 300 കുതിരശക്തി അധികം കരുത്തും ഇസഡ്ആര്‍ 1 ല്‍ ലഭിക്കും. ഇസഡ്ആര്‍ 1 കണ്‍വെര്‍ട്ടിബിളിന്റെ വില 1,23,995 ഡോളറില്‍ തുടങ്ങും. കൂപ്പെ വേര്‍ഷന് 1,20,000 ഡോളറില്‍ താഴെയാകും വില. 2018 പകുതിയോടെ വില്‍പ്പനയ്‌ക്കെത്തിക്കും.

പോര്‍ഷെ 718 കെയ്മാന്‍ ജിടിഎസ്, പോര്‍ഷെ ബോക്സ്റ്റര്‍ ജിടിഎസ്

പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ നിരയിലെ പുതിയ ജിടിഎസ് വേര്‍ഷനുകളാണ് 718 കെയ്മാന്‍ ജിടിഎസ്, ബോക്സ്റ്റര്‍ ജിടിഎസ് എന്നിവ. അഡാപ്റ്റീവ് ഡാംപറുകള്‍, പോര്‍ഷെയുടെ സ്‌പോര്‍ട് ക്രോണോ പാക്കേജ്, ടോര്‍ക്ക് വെക്ടറിംഗ്, ലിമിറ്റഡ് സ്ലിപ് ഡിഫ്രന്‍ഷ്യല്‍, സ്‌പോര്‍ട്‌സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ബ്ലാക്ക് പെയിന്റഡ് 20 ഇഞ്ച് കരേര എസ് വീലുകള്‍, 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കുന്നതിന് 718 ബോക്സ്റ്റര്‍, കെയ്മാന്‍ ജിടിഎസ് മോഡലുകള്‍ക്ക് 3.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 80 മൈലാണ് ടോപ് സ്പീഡ്. 718 കെയ്മാന്‍ ജിടിഎസ്സിന്റെ വില തുടങ്ങുന്നത് 80,850 ഡോളറിലാണ്. ബോക്സ്റ്ററിന്റേത് 82,950 ഡോളര്‍. 2018 മാര്‍ച്ചില്‍ ഡെലിവറി തുടങ്ങും.

2018 റേഞ്ച് റോവര്‍ എസ് വി ഓട്ടോബയോഗ്രാഫി

സ്‌പെഷല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിച്ച 2018 റേഞ്ച് റോവര്‍ എസ് വി ഓട്ടോബയോഗ്രാഫി എസ് യു വി 2017 ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. കട്ടിയുള്ള തുകല്‍ സീറ്റുകള്‍, 10 ഇഞ്ച് ടഫ് സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍ എന്നിവ കാറിനകത്ത് കാണാം. എക്‌സ്റ്റെന്‍ഡഡ് വീല്‍ ബേസ് വേര്‍ഷനില്‍ 4 ഫീറ്റ് ലെഗ്‌റൂം, റിക്ലൈനിംഗ് സീറ്റുകള്‍, ഐസ് ബോക്‌സ് റഫ്രിജറേറ്റര്‍ എന്നിവ സവിശേഷതകളാണ്. 557 കുതിരശക്തി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന സൂപ്പര്‍ചാര്‍ജ്ഡ് വി8 എന്‍ജിനാണ് 2018 റേഞ്ച് റോവര്‍ എസ് വി ഓട്ടോബയോഗ്രാഫിക്ക് നല്‍കിയിരിക്കുന്നത്. 2,10,000 ഡോളറില്‍ വില തുടങ്ങും.

2018 ബിഎംഡബ്ല്യു ഐ8 റോഡ്സ്റ്റര്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് സൂപ്പര്‍കാറിന്റെ ഓപ്പണ്‍ ടോപ്പ് വേര്‍ഷനാണ് 2018 ബിഎംഡബ്ല്യു ഐ8 റോഡ്സ്റ്റര്‍ . 143 ബിഎച്ച്പി പവര്‍ പുറപ്പെടുവിക്കുന്ന പുതിയ മോട്ടോറിലാണ് 2018 ഐ8 വരുന്നത്. ആകെ 374 ബിഎച്ച്പിയാണ് ഔട്ട്പുട്ട് (ഗ്യാസ് പ്ലസ് ഇലക്ട്രിക് പവര്‍). ഫുള്‍ ചാര്‍ജ് ചെയ്താല്‍ 34 മൈല്‍ യാത്ര ചെയ്യാം. മണിക്കൂറില്‍ 62 മൈല്‍ വേഗം കൈവരിക്കുന്നതിന് 4.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 155 മൈല്‍ ആണ് പരമാവധി വേഗം. മണിക്കൂറില്‍ 31 മൈല്‍ എന്ന വേഗത്തിനുതാഴെ സഞ്ചരിക്കുമ്പോള്‍ ഈ കാറിന് റൂഫ് സ്ഥാപിക്കാന്‍ 16 സെക്കന്‍ഡ് മതി. വില 1,69,000 ഡോളര്‍ മുതല്‍

മെഴ്‌സിഡസ് ബെന്‍സ് സിഎല്‍എസ് 450, സിഎല്‍എസ് 450 4മാറ്റിക്

മെഴ്‌സിഡസ് ബെന്‍സിന്റെ കോംപാക്റ്റ് 4 ഡോര്‍ ലക്ഷ്വറി കാറായ സിഎല്‍എസ് കൂപ്പെയുടെ മൂന്നാം തലമുറ മോഡലുകളായ സിഎല്‍എസ് 450 (2 വീല്‍ ഡ്രൈവ്), സിഎല്‍എസ് 450 4മാറ്റിക് (ഓള്‍ വീല്‍ ഡ്രൈവ്) എന്നിവ 2017 ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ അരങ്ങേറ്റം കുറിച്ചു. 367 കുതിരശക്തി ഇന്‍ലൈന്‍ സിക്‌സ് എന്‍ജിനാണ് രണ്ട് കാറുകളിലും നല്‍കിയിരിക്കുന്നത്. ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റങ്ങളും നല്‍കി. എക്സ്റ്റീരിയറില്‍ മെഴ്‌സിഡസിന്റെ ഡയമണ്ട് ബ്ലോക്ക് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, സ്ലോപ്പിംഗ് റൂഫ് ലൈന്‍ എന്നിവ കാണാം. 19 ഇഞ്ച് വീലുകള്‍ ഓപ്ഷണലാണ്. 2018 പകുതിയോടെ ഡെലിവറി തുടങ്ങും. വില നിശ്ചയിച്ചിട്ടില്ല.

നിസ്സാന്‍ ഇന്‍ഫിനിറ്റി ക്യുഎക്‌സ് 50

268 എച്ച്പി ടര്‍ബോ ചാര്‍ജ്ഡ് ഇന്‍ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനിലാണ് നിസ്സാന്‍ ഇന്‍ഫിനിറ്റി ക്യുഎക്‌സ് 50 കണ്‍സെപ്റ്റ് എസ് യു വി വരുന്നത്. മിഡ് സൈസ് ലക്ഷ്വറി കണ്‍സെപ്റ്റില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷണലാണ്. 2018 പകുതിയോടെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ അരങ്ങേറും. ഏകദേശം 37,000 ഡോളര്‍ വില വരും

പോര്‍ഷെ പനമേര ടര്‍ബോ എസ് ഇ-ഹൈബ്രിഡ്

ലോകത്തെ ഏറ്റവും പവര്‍ഫുള്‍ ലക്ഷ്വറി സെഡാന്‍. ഇങ്ങനെയാണ് പോര്‍ഷെ പനമേര ടര്‍ബോ എസ് ഇ ഹൈബ്രിഡിന്റെ വിശേഷണം. ആകെ 680 കുതിരശക്തി കരുത്തും 626 പൗണ്ട് ഫീറ്റ് ടോര്‍ക്കുമാണ് ഈ ഹാച്ച്ബാക്ക് സെഡാനിലെ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത്. മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കുന്നതിന് 3.2 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 192 മൈല്‍ ആണ് ടോപ് സ്പീഡ്. ബേസ് മോഡലുകളുടെ വില 1,88,400 ഡോളറില്‍ തുടങ്ങും.

പോര്‍ഷെ 911 കരേര ടി

പോര്‍ഷെ 911 കരേര ടി ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ 911 കരേര മോഡലിനും 911 കരേര എസ്സിനും ഇടയിലാണ് ഈ കാറിന് സ്ഥാനം. 22 മോഡലുകളുള്ള കരേര നിരയിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് 911 കരേര ടി. ഭാരം വീണ്ടും കുറയ്ക്കുന്നതിന് റിയര്‍ സീറ്റ് അഴിച്ചുവെയ്ക്കാന്‍ സാധിക്കും. മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കുന്നതിന് 4 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് 182 മൈല്‍. വില 1,03,150 ഡോളര്‍ മുതല്‍

Comments

comments

Categories: Auto