ഫോക്‌സ്‌വാഗണും ജീപ്പ് ഇന്ത്യയും മഹീന്ദ്രയും വില വര്‍ധിപ്പിക്കും

ഫോക്‌സ്‌വാഗണും ജീപ്പ് ഇന്ത്യയും മഹീന്ദ്രയും വില വര്‍ധിപ്പിക്കും

ജീപ്പ് കോംപസ് എസ്‌യുവിയുടെ വില 2-4 ശതമാനം വര്‍ധിക്കും

ന്യൂ ഡെല്‍ഹി : പുതു വര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. വിവിധ മോഡലുകള്‍ക്ക് ഇരുപതിനായിരം രൂപ വരെ വര്‍ധിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഡയറക്റ്റര്‍ സ്റ്റീഫന്‍ നാപ്പ് പറഞ്ഞു. എന്‍ട്രി ലെവല്‍ ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ, ടിഗ്വാന്‍ എസ്‌യുവി, ഈയിടെ പുറത്തിറക്കിയ പസ്സാറ്റ് സെഡാന്‍ തുടങ്ങിയ കാറുകളാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

ജീപ്പ് ഇന്ത്യയും ജനുവരി 1 മുതല്‍ വില വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഈ വര്‍ഷം പുറത്തിറക്കിയ ജീപ്പ് കോംപസ് എസ്‌യുവിയുടെ വില വര്‍ധിപ്പിക്കുമെന്ന് എഫ്‌സിഎ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ കെവിന്‍ ഫഌന്‍ പറഞ്ഞു. വിപണിയില്‍ അവതരിപ്പിച്ച സമയത്തെ ജീപ്പ് കോംപസിന്റെ വില ഏവരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ 2018 ജനുവരി ഒന്ന് മുതല്‍ 2-4 ശതമാനം വില വര്‍ധിക്കും. അതേസമയം എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വിലയില്‍ മാറ്റമുണ്ടാകില്ല. 15.16 ലക്ഷം രൂപയായി (എക്‌സ് ഷോറൂം വില) തുടരും.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില 3 ശതമാനം വരെയാണ് വര്‍ധിപ്പിക്കുന്നത്

ഈ വര്‍ഷം ജൂലൈ 31 ന് ജീപ്പ് കോംപസ് പുറത്തിറക്കുമ്പോള്‍ എന്‍ട്രി ലെവല്‍ വേരിയന്റിന് 14.95 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരുന്നത്. പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രഖ്യാപിച്ചതോടെ കമ്പനി പിന്നീട് ഈ എസ്‌യുവിയുടെ വില സെപ്റ്റംബറില്‍ 72,000 രൂപ വരെ വര്‍ധിപ്പിച്ചു. നിലവില്‍ ജീപ്പ് കോംപസിന്റെ ബേസ് പെട്രോള്‍ മോഡലായ സ്‌പോര്‍ടിന് 15.16 ലക്ഷം രൂപയാണ് വില. ടോപ് വേരിയന്റായ 4 വീല്‍ ഡ്രൈവ് ‘ലിമിറ്റഡ്’ ഡീസല്‍ മോഡലിന് 21.37 ലക്ഷം രൂപയും.

ജനുവരി 1 മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും പ്രഖ്യാപിച്ചു. പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില 3 ശതമാനം വരെയാണ് വര്‍ധിപ്പിക്കുന്നത്. 2018 ല്‍ കമ്പനി കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കും. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് കാര്‍ കരുത്ത് പ്രദര്‍ശിപ്പിക്കും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ സ്‌കോഡ ഓട്ടോ നേരത്തെ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. ജാപ്പനീസ് കമ്പനിയായ ഇസുസു സമാനമായ തീരുമാനം കൈക്കൊണ്ടിരുന്നു.

Comments

comments

Categories: Auto