തായ്‌ലാന്‍ഡില്‍ ഒരു ഇലക്ട്രിക് ബുള്ളറ്റ്

തായ്‌ലാന്‍ഡില്‍ ഒരു ഇലക്ട്രിക് ബുള്ളറ്റ്

ബുള്ളറ്റിന്റെ ഇലക്ട്രിക് അവതാരത്തെ തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഡീലര്‍ഷിപ്പിലാണ് കണ്ടത്

ബാങ്കോക്ക് : റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ഇലക്ട്രിക് വേര്‍ഷന്‍ തായ്‌ലാന്‍ഡില്‍. ബുള്ളറ്റിന്റെ ഈ ഇലക്ട്രിക് അവതാരത്തെ തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഡീലര്‍ഷിപ്പിലാണ് കണ്ടത്. എന്നാല്‍ ഈ ഇലക്ട്രിക് ബുള്ളറ്റ് ആ കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കില്ല. തീര്‍ച്ചയായും നിരാശ പടര്‍ത്തുന്ന കാര്യമാണത്. കുറേക്കൂടി മെരുങ്ങി, ശാന്ത സ്വഭാവനായി, കാര്‍ബണ്‍ ബഹിര്‍ഗമനം നടത്താത്ത നല്ല കുട്ടിയാണ് ഈ ബുള്ളറ്റ്. ഇലക്ട്രിക് വേര്‍ഷനില്‍ ഘനഗംഭീര ശബ്ദം ഉണ്ടാകണമെന്ന് ശാഠ്യം പിടിക്കാന്‍ കഴിയില്ല.

റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ചതാണോ ഈ ഇലക്ട്രിക് ബുള്ളറ്റ് അതോ ഏതെങ്കിലും വ്യക്തി ഇലക്ട്രിക് വേര്‍ഷനാക്കി തന്നിഷ്ടം കാണിച്ചതാണോ എന്ന് വ്യക്തമല്ല. ഇലക്ട്രിക് ബുള്ളറ്റിന്റെ ഫോട്ടോഗ്രാഫുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപക പ്രചാരം നേടിക്കഴിഞ്ഞു. ഇലക്ട്രിക് ബുള്ളറ്റ് കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറ്ററി വെയ്ക്കുന്നതിന്റെ സ്ഥലസൗകര്യത്തിനായി മോട്ടോര്‍സൈക്കിളിന്റെ ഷാസിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചെയിന്‍ഡ്രൈവിന് പകരം ബെല്‍റ്റ് ഡ്രൈവാണ് നല്‍കിയിരിക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പാനല്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്. എക്‌സ്‌ഹോസ്റ്റ് സിസ്റ്റം കാണാനേയില്ല.

സ്വകാര്യ ചെറുകിട കമ്പനിയോ കോളേജ് പ്രോജക്റ്റിന്റെ ഭാഗമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികളോ നിര്‍മ്മിച്ചതാകാനേ തരമുള്ളൂ

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ഈ ഇലക്ട്രിക് വേര്‍ഷന്‍ സ്വകാര്യ ചെറുകിട കമ്പനിയോ കോളേജ് പ്രോജക്റ്റിന്റെ ഭാഗമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികളോ നിര്‍മ്മിച്ചതാകാനേ തരമുള്ളൂ. എന്നാല്‍ ആദ്യ ഇലക്ട്രിക് ബുള്ളറ്റ് എന്ന ഖ്യാതി ഇതിന് ലഭിക്കില്ല. ഒരു യുകെക്കാരന്‍ ബുള്ളറ്റ് പ്രേമി തന്റെ മോട്ടോര്‍സൈക്കിള്‍ ഇലക്ട്രിക്കായി മാറ്റിയെടുത്തിരുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 അനാവരണം ചെയ്യുന്ന സമയത്ത് ഭാവിയിലെ ഇലക്ട്രിക് പ്ലാന്റ് സംബന്ധിച്ച് ഐഷര്‍ മോട്ടോഴ്‌സ് എംഡി ആന്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ ലാല്‍ സൂചന നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബുള്ളറ്റ് അവതാരപ്പിറവിയെടുക്കുക തന്നെ ചെയ്യും. ഇലക്ട്രിക് ബൈക്കുകള്‍ സംബന്ധിച്ച സാങ്കേതികവിദ്യയും ബിസിനസ് മോഡലും പ്രധാനമാണെന്ന് മനസ്സിലാക്കുന്നതായി സിദ്ധാര്‍ത്ഥ ലാല്‍ നേരത്തെ പറഞ്ഞിരുന്നു. റോയല്‍ എന്‍ഫീല്‍ഡും സാവധാനം ഇലക്ട്രിക് മാര്‍ഗ്ഗത്തിലേക്ക് തിരിയുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്.

Comments

comments

Categories: Auto