ജിഎസ്ടി നിരക്കുകള്‍ രണ്ടായി പരിമിതപ്പെടുത്തണമെന്ന് സിയാം

ജിഎസ്ടി നിരക്കുകള്‍ രണ്ടായി പരിമിതപ്പെടുത്തണമെന്ന് സിയാം

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന നികുതി നിരക്കുകള്‍ രണ്ടായി പരിമിതപ്പെടുത്തണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ്

ന്യൂഡെല്‍ഹി : ചരക്ക് സേവന നികുതി സമ്പ്രദായത്തില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന നികുതി നിരക്കുകള്‍ രണ്ടായി പരിമിതപ്പെടുത്തണമെന്ന് വാഹന നിര്‍മ്മാണ കമ്പനികളുടെ കൂട്ടായ്മയായ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ്) ആവശ്യപ്പെട്ടു. നിലവില്‍ രണ്ടിലധികം നികുതി നിരക്കുകളാണ് ചുമത്തിയിരിക്കുന്നത്. 2018-19 വര്‍ഷത്തെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്ന വേളയിലാണ് വാഹന നിര്‍മ്മാണ മേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നത്. ഇലക്ട്രിക്, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ക്കുമേലുള്ള നികുതി 12 ശതമാനമായി നിജപ്പെടുത്തണമെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് സംഘടന ആവശ്യപ്പെട്ടു.

നിലവില്‍ 28 ശതമാനം ജിഎസ്ടി കൂടാതെ, 1200 സിസിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള ചെറിയ പെട്രോള്‍ കാറുകള്‍ക്ക് ഒരു ശതമാനം സെസ്സും 1500 സിസിയില്‍ താഴെയുള്ള ഡീസല്‍ കാറുകള്‍ക്ക് മൂന്ന് ശതമാനം സെസ്സും ചുമത്തിയിട്ടുണ്ട്. വലിയ, മിഡ് സൈസ്, എസ്‌യുവി ഉള്‍പ്പെടെയുള്ള ഹൈബ്രിഡ് കാറുകള്‍ക്ക് 15 ശതമാനമാണ് സെസ്സ്. 13 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളുന്ന വാഹനങ്ങള്‍ക്കും ഇതുതന്നെ നിരക്ക്.

ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച്, പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവയും ഭാഗികമായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവയും കൃത്യമായി നിര്‍വ്വചിക്കണമെന്ന് ആവശ്യപ്പെട്ടു

യൂസ്ഡ് കാറുകളുടെ വില്‍പ്പന-വാങ്ങല്‍ വിലകളുടെ വ്യതിരിക്ത മൂല്യത്തിന്‍മേലുള്ള ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കണമെന്നും സിയാം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍, പ്രധാനപ്പെട്ട വാഹനഘടകങ്ങള്‍ക്കുകൂടി കസ്റ്റംസ് ഡ്യൂട്ടി ഇളവുകള്‍ അനുവദിക്കണമെന്നാണ് സിയാമിന്റെ ആവശ്യം.

ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച്, പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ (സികെഡി), ഭാഗികമായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ (എസ്‌കെഡി) കൃത്യമായി നിര്‍വ്വചിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. 10-13 സീറ്റുകളുള്ള ആംബുലന്‍സുകളെ നഷ്ടപരിഹാര സെസ്സില്‍നിന്ന് ഒഴിവാക്കണമെന്നും ധനകാര്യ മന്ത്രാലയം മുമ്പാകെ സിയാം ആവശ്യമുന്നയിച്ചു.

Comments

comments

Categories: Auto